നഗരസഭയുടെ പദ്ധതിയില്‍ അഴിമതിയില്ലെന്ന് മുന്‍ ചെയര്‍മാന്‍

നഗരസഭയുടെ പദ്ധതിയില്‍ അഴിമതിയില്ലെന്ന് മുന്‍ ചെയര്‍മാന്‍

മലപ്പുറം: മലപ്പുറം നഗരസഭ മുന്‍ ഭരണ സമിതി നടപ്പാക്കിയ പദ്ധതിയില്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തിന് മുന്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫയുടെ മറുപടി. നഗരസഭയുടെ പദ്ധതികളില്‍ അഴിമതിയില്ല. രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് വികസന പദ്ധതികളെ എതിര്‍ക്കരുത്. വി.എസ് അച്യുതാനന്ദന് മാത്രം പഠിക്കാതെ കുറച്ചൊക്കെ പിണറായി വിജയനും പഠിക്കണമെന്നും അദ്ദേഹം പ്രതിപക്ഷപാര്‍ട്ടികളെ ഉപദേശിച്ചു.

മുന്‍ ഭരണ സമിതി നടപ്പാക്കിയ വൈഫൈ പദ്ധതി, ഇ – ടോയ്‌ലറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം നഗരസഭാ ഓഫീസ് ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു.

ചീഫ് സെക്രട്ടറി, ഐ ടി സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച ചെയ്താണ് സൗജന്യ വൈഫൈ പദ്ധതി നഗരസഭയില്‍ നടപ്പാക്കിയതെന്ന് കെ.പി മുസ്തഫ പറഞ്ഞു. ഈ പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ല. പദ്ധതിക്ക് ചെലവഴിച്ച 50 ലക്ഷം സര്‍ക്കാര്‍ നഗരസഭക്ക് നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം പദ്ധതിയുടെ ഫയല്‍ കണ്ടിട്ടാണ് തുക അനുവദിച്ചത്. അഴിമതിയില്ലെന്നതിന് ഇത് തന്നെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  വെള്ളം, വൈദ്യതി പോലെ പുതിയ കാലഘട്ടത്തില്‍ അത്യാവശ്യമുള്ള ഒന്നാണ് വൈഫൈ. ഇന്ന് ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വൈഫൈ പദ്ധതി സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും നഗസഭയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്.

മൊബൈല്‍ ആപ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. 10 ലക്ഷത്തില്‍ താഴെയുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. മൊബൈല്‍ ആപിനോടൊപ്പം ഇ-ട്യൂഷന്‍ പദ്ധതിക്കും നഗരസഭ തുടക്കമിട്ടിരുന്നു. പദ്ധതികള്‍ തുടരാനവാത്തത് ഉത്തരവാദിത്ത പെട്ടവര്‍ ശ്രമിക്കണം. വിവരമില്ല എന്ന് വിളിച്ച് പറയരുത്. പുതിയ  തലമുറയുടെ ഭാവി മുന്നില്‍കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെണ്ടര്‍ വിളിച്ചാണ് നഗരസഭയില്‍ ഇ – ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ആശയം മുന്‍ ഭരണ സമിതിയുടേതാണെങ്കിലും പണി പൂര്‍ത്തിയാക്കിയത് നിലവിലെ ഭരണസമിതിയാണ്. പദ്ധതി പൂര്‍ത്തിയാക്കി പണം അനുവദിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളടക്കം പങ്കെടുത്ത കൗണ്‍സില്‍ യോഗം അനുമതി നല്‍കിയതാണ്. എല്ലാ പദ്ധതിക്കും വിയോജന കുറിപ്പ് നല്‍കുന്ന പ്രതിപക്ഷം എന്ത്‌കൊണ്ട് അന്ന് എതിര്‍ത്തില്ല. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനം വരുമ്പോള്‍ എതിര്‍ക്കുകയെന്ന പഴയ രീതി മാറ്റി പുതിയ വികസന കാഴ്ചപ്പാടിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!