പടിയടച്ച് പിണ്ഡം വെച്ചിട്ടും ലീഗ് വേട്ടയാടല്‍ തുടരുന്നു: കെ ടി ജലീല്‍

പടിയടച്ച് പിണ്ഡം വെച്ചിട്ടും ലീഗ് വേട്ടയാടല്‍ തുടരുന്നു: കെ ടി ജലീല്‍

മലപ്പുറം: തന്നെ മുസ്ലിം ലീഗ് ഇപ്പോഴും വേട്ടയാടുന്നുവെന്ന് മന്ത്രി കെ ടി ജലീല്‍. കിഡ്‌നി രോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാമെന്ന് ഉത്തരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറയുന്നത്. ഗുജറാത്തിലെ കലാപ ബാധിതര്‍ക്കും, സുനാമി ദുരിതര്‍ക്കുമായി മുസ്ലിം ലീഗ് പിരിച്ച പണത്തിന്റെ കണക്ക് ചോദിച്ചതിനാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പടിയടിച്ച് പിണ്ഡം വച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമാനമായൊരു പിരിവാണ് കിഡ്‌നി രോഗികളുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു.

കണക്ക് ചോദിക്കുന്നതിന് തന്റെ പേരില്‍ ഉറഞ്ഞു തുള്ളിയിട്ട് കാര്യമില്ല. പിരിച്ച പണത്തിന്റെ കണക്ക് ചോദിക്കുന്നത് എങ്ങനെയാണ് ശത്രുത ആകുന്നത്. നാട്ടിലെ പാവപ്പെട്ട ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് ജില്ലാ കലക്ടര്‍ക്കോ, ജനപ്രതിനിധികള്‍ക്ക് മുന്നിലോ പ്രസിദ്ധപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറയുന്നു. പൈസ് കട്ടെടുക്കുന്നത് സംബന്ധിച്ച് ഒരു ഉദാഹരണവും അദ്ദേഹം നിരത്തുന്നുണ്ട്.

തന്റെ നാട്ടിലൊരു ബാങ്ക് കടം കൊടുത്ത് പൂട്ടിയ കഥയാണ് മന്ത്രി സൂചിപ്പി്കകുന്നത്. കടം വാങ്ങിയ കുളത്തില്‍ കണ്ണനേയും, കുന്നുമ്മല്‍ ചക്കനേയും തേടിച്ചെന്നപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്. കുളത്തിലെ കണ്ണന്‍ ആളല്ല മീന്‍ ആണെന്നും, കുന്നുമേല്‍ ചകകന്‍ കുന്നില്‍മുകളിലെ ചക്കയാണെന്നും ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മനസിലായതെന്ന് മന്ത്രി പറയുന്നു. ഇതുപോലെയാകരുത് കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി സഹായം നല്‍കുന്ന ഉപഭോക്താക്കളുടെ അവസ്ഥയെന്നും മന്ത്രി പറയാതെ പറയുന്നു.

കിഡ്‌നി രോഗികളുടെ അഭിമാനത്തിന്റെ പേരില്‍ മറച്ചു വെക്കേണ്ടതല്ല ചെലവു സംബന്ധിച്ച കണക്കുകള്‍. ഭരണച്ചെലവ്, യാത്രാബത്ത, ജീവനക്കാരുടെ ശബളം, ഓരോ രോഗിക്കും ലഭിക്കുന്ന തുക ഇവയെല്ലാം പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ടെന്ന് മന്ത്രി പറയുന്നു. വിവരങ്ങള്‍ ഒളിച്ചുവെക്കാനും തിരിമറി നടത്താനുമാണ് ശ്രമമെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് പറഞ്ഞാണ് മന്ത്രി പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്. അതിന്റെ പേരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നാല് ലക്ഷം രൂപ വരെ പാവപ്പെട്ട കിഡ്‌നി രോഗികളുടെ ചികില്‍സയ്ക്ക് ജില്ലാ പഞ്ചായത്തിനോ, അനുബന്ധ സ്ഥാപനങ്ങള്‍ക്കോ നല്‍കാമെന്ന് ഇന്ന് തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മൂന്ന് ലക്ഷം രൂപ വരെയുള്ള തുകയാണ് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നത്.

Sharing is caring!