തിരൂരില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്, പെരുവഴിയിലായി യാത്രക്കാര്‍

തിരൂരില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്, പെരുവഴിയിലായി യാത്രക്കാര്‍

തിരൂര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പുറപ്പെട്ട ബസിനു മുന്നില്‍ കാര്‍ വിലങ്ങിട്ട് മോട്ടോര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍. ഇന്നു രാവിലെ തിരൂര്‍ ടൗണിലാണു സംഭവം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാന്‍ അനുവദിക്കാത്ത ബസ് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് എ ,എം.വി.ഐ. കാര്‍ കുറു കെയിട്ട് ബസ്സ് തടഞ്ഞത്. ഇതോടെ ബസ്സ് ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിക്കുകയും ചെയ്തു.വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനു യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി.

 

ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം.തിരൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന കെ.ടി.എസ്.ബസ്സിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടി കാണിച്ചത്.ഈ ബസ്സിനെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തേയും പരാതി ഉണ്ടായിരുന്നു. ക്യൂവില്‍ നിര്‍ത്തിയ ശേഷം ബസ്സ് ഓടാന്‍ തുടങ്ങുമ്പോള്‍ ഏതാനും കുട്ടികളെ അപകടകരമായ രീതിയില്‍ വലിച്ചു കയറ്റുകയാണ് ചെയ്തിരുന്നത്.

ഇന്നു രാവിലെ എ.എം.വി.ഐ: അഷറഫ് വിദ്യാര്‍ത്ഥിനിയായ മകളെ ഈ ബസ്സില്‍ കയറ്റാനെത്തിയപ്പോള്‍ അടുത്ത ബസ്സില്‍ കയറ്റാന്‍ പറയുകയായിരുന്നു. തുടര്‍ന്നു എല്ലാ വിദ്യാര്‍ത്ഥികളെയും ഈ ബസ്സില്‍ കയറ്റാന്‍ പറ്റില്ലെന്നും പറഞ്ഞു. ഇതോടെ എ.എം.വി.ഐയും ജീവനക്കാരും തമ്മില്‍ കശപിശയായി. ഇതിനിടെ ബസ്സ് എടുക്കാനുള്ള ശ്രമത്തിനിടെ എ എം.വി.ഐ.തന്റെ കാറ് ബസ്സിനു മുന്നില്‍ കൊണ്ടു വന്നിട്ട് ബ്ലോക്കു ചെയ്യുകയായിരുന്നു. ഇതോടെ ബസ്സ് പുറപ്പെടാനുള്ള സമയം തെറ്റി.

ഇതില്‍ പ്രതിഷേധിച്ച് തിരൂരില്‍ നിന്നും മഞ്ചേരിയിലേക്കുള്ള ബസ്സ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു .തൊട്ടുപിന്നാലെ ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മറ്റ്‌റൂട്ടുകളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചതോടെ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും മറ്റു യാത്രക്കാരും അടങ്ങുന്ന ആയിരത്തിലേറെ യാത്രക്കാര്‍ പെരുവഴിയിലായി. പന്ത്രണ്ടു മണിയോടെ ചര്‍ച്ചയില്‍ മഞ്ചേരി റൂട്ടിലേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ളവ ഓടിത്തുടങ്ങി.

Sharing is caring!