ആശങ്കയില്‍ മലപ്പുറത്തെ പ്രവാസികള്‍

ആശങ്കയില്‍ മലപ്പുറത്തെ പ്രവാസികള്‍

 

മലപ്പുറം: മലപ്പുറത്തെ പ്രവാസികളെ ആശങ്കയിലാക്കി
സൗദിയില്‍ പരിഷ്‌ക്കരിച്ച പുതിയ നിതാഖാത്ത് ദുല്‍ഹിജ്ജ്12ന് (സെപ്തംബര്‍ മൂന്ന്)പ്രാബല്യത്തില്‍ വരും. മലപ്പുറം ജില്ലയിലെ ഏറ്റവും കുടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന സൗദിയില്‍ പുതിത നിതാഖാത് കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ജില്ലയിലെ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നതായി പ്രവാസി സംഘടനകള്‍ പറയുന്നു.
അതേ സമയം തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട സൗദി വല്‍ക്കരണ അനുപാതത്തില്‍ ഭേദഗതികള്‍ അംഗീകരിച്ചിരിക്കുന്നതെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

നേരത്തെയുണ്ടായിരുന്ന നിതാഖാത് പദ്ധതിയിലെ സ്ഥാപനങ്ങളുടെ ഘടനയെ വീണ്ടും വിഘടിപ്പിച്ചാണ് പരിഷ്‌കരിച്ച പദ്ധതി നടപ്പില്‍ വരുത്തുന്നത്. നിലവില്‍ അഞ്ച് ഗണത്തിലായുള്ള സ്ഥാപനങ്ങളെ ഏഴ് ഗണങ്ങളായി പുനര്‍നിര്‍ണയിക്കും. ഇടത്തരം, ചെറുകിട വിഭാഗങ്ങള്‍ നേരത്തെ മൂന്ന് വിഭാഗങ്ങളായിരുന്നു. ഇത് അഞ്ചായി മാറുന്നതാണ് പ്രധാന മാറ്റം.

ഇടത്തരം സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് എ. ബി. സി ഗണങ്ങളാക്കിയും ചെറുകിട സ്ഥാപനങ്ങളെ എ.ബി ഗണങ്ങളാക്കിയുമാണ് പുതുതായി തരം തിരിക്കുക. എന്നാല്‍, നിവലിലുള്ള വന്‍കിട കമ്പനികള്‍, ഭീമന്‍ കമ്പനികള്‍ എന്നത് മാറ്റമില്ലാതെ തുടരും.

ഇതിനു പുറമെ, ചെറുകിട സ്ഥാപനങ്ങള്‍ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് നടപ്പാക്കേണ്ട സൗദിവല്‍ക്കരണ അനുപാതം വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടത്തരം പച്ച വിഭാഗത്തില്‍ പെടുന്നതിന് നഴ്‌സറി സ്‌കൂളുകള്‍ നടപ്പാക്കേണ്ട സഊദി വല്‍ക്കരണം 46 ശതമാനത്തില്‍ നിന്ന് 85 ശതമാനമായും, നിര്‍മാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ 16ശതമാനമായും ,ജ്വല്ലറി മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ 28 ല്‍ നിന്ന് 33 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. ഫാര്‍മസികള്‍ 11 ല്‍ നിന്നും 19 ശതമാനമായും , ബസ് കമ്പനികള്‍ക്ക് 10 ല്‍ നിന്ന് 15 ശതമാനമായും വ്യോമഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 33 ല്‍ നിന്ന് 38 ശതമാനമായും ടെലികോം കമ്പനികള്‍ക്ക് 33 ല്‍ നിന്ന് 45 ശതമാനമായും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്ന തഅ്ഖീബ് ഓഫീസുകള്‍ക്ക് 50 ല്‍ നിന്ന് 69 ശതമാനമായും ആരോഗ്യ സേവന സ്ഥാപനങ്ങള്‍ക്ക് 19 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. സഊദി വല്‍ക്കരണ തോതിലെ ഏറ്റവും ഉയര്‍ന്ന നിലയിലെ പ്ലാറ്റിനം വിഭാഗത്തില്‍ പെടുന്നതിന് മുഴുവന്‍ സ്ഥാപനങ്ങളും നൂറു ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കണം

ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെയും വിഷന്‍ 2030 പദ്ധതിയുടെയും ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് നിതാഖാത് പരിഷ്‌കരണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.

 

Sharing is caring!