ഒന്നര മാസത്തിനിടെ മലപ്പുറത്ത് ഡെങ്കി കവര്‍ന്നത് 24 ജീവനുകള്‍

ഒന്നര മാസത്തിനിടെ മലപ്പുറത്ത് ഡെങ്കി കവര്‍ന്നത് 24 ജീവനുകള്‍

മലപ്പുറം: ഒന്നര മാസത്തിനിടെ മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചു മരണപ്പെട്ടതു 24പേര്‍.
ഡെങ്കിപ്പനി മൂലം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 10 പേരുടെയും ഈ മാസം 15വരെ 14 പേരുടെയും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന ഒരാളുടെ മരണവും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിബാധിച്ച് 3637 പേരും ചികിത്സ തേടി. ഇതില്‍ 41 പേര്‍ക്ക് ഡെങ്കി ലക്ഷണങ്ങളുണ്ട്.മഞ്ചേരിയില്‍ എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ്യൂഅവധി ദിവസമായ ഇന്നലെയും 623 പേര്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി. ഇതില്‍ 14 പേര്‍ക്ക് ഡെങ്കിപ്പനിയാണ്. ഈ വര്‍ഷം ഇതുവരെ 30 ഓളം പേരാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരണപ്പെട്ടത്.
ഇടവിട്ടുള്ള മഴയാണ് ഡെങ്കിപ്പനി കൂടുതല്‍ വ്യാപകമാകാന്‍ കാരണം. മഴയും വെയിലും മാറി മാറി വരുന്നതോടെ കൊതുകുകള്‍ക്ക് മുട്ടിയിട്ട് പെരുകുന്നതിന് സാഹചര്യം കൂടുതല്‍ അനുകൂലമാകുന്നു. ജില്ലയില്‍ ജൂണ്‍ മാസം തുടക്കത്തില്‍ 30 ബ്രിട്ടോ ഇന്റക്സ് വരെയായിരുന്നു ഡെങ്കിപരത്തുന്ന ഈഡിസ് കൊതുകിന്റെ സാന്ദ്രതയെങ്കില്‍ കാലാവസ്ഥയിലുണ്ടായ മാറ്റം പലയിടങ്ങളിലും ഡെങ്കി കൊതുകുകളുടെ സാന്ദ്രത 50 മുകല്‍ലെത്തിച്ചിട്ടുണ്ട്. പരിമിത സംവിധാനങ്ങളുപയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതിന് കാരണം ഇതാണ്. ജില്ലയില്‍ ഒമ്പതോളം ഡെങ്കി ഹോട്ട്സ്പോട്ടുകള്‍ ആരോഗ്യവകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. അതേ സമയം പനിമരണം കൂടുമ്പോഴും സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നില്ല. കൊതുകുനശീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ ബയോളജിസ്റ്റിന്റെ ഒഴിവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പേരെ നിയോഗിക്കാനോ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 46 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയില്‍ 17 പേര്‍ മാത്രമാണ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലുള്ളത്.
രണ്ട് മാസമായി എലിപ്പനി മൂലമുള്ള മരണവും വര്‍ധിച്ചിട്ടുണ്ട്. ജൂണില്‍ മൂന്ന് പേരും, ഈ മാസം ഇതുവരെ 3 പേരും മരണപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം എലിപ്പനി മൂലം മരണപ്പെട്ടവരുടെ എണ്ണം എട്ട് ആയി. എച്ച്.വണ്‍.എന്‍.വണ്‍ പിനിയെ തുടര്‍ന്ന് ഈവര്‍ഷം ഏഴോളം പേരും മരണപ്പെട്ടിട്ടുണ്ട്. വയറല്‍ പനിയെ തുടര്‍ന്ന് ഒമ്പതോളം പേര്‍ക്കും ജീവന്‍ നഷ്ടമായി.
കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ 276605 പേര്‍ക്കാണ് പകര്‍ച്ചപ്പനി പിടിപെട്ടത്. ഇതില്‍ 3299 ഓളം പേര്‍ക്കും ഡെങ്കിപ്പനിയാണെന്നാണ് നിഗമനം. എന്നാല്‍ 209 ഡെങ്കി കേസുകള്‍ മാത്രമാണ് സ്ഥിരീകിരച്ചിട്ടുള്ളത്. 156 ഓളം പേര്‍ക്ക് എച്ച്.വണ്‍.എന്‍.വണ്‍ പിടിപെട്ടെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കലാവസ്ഥയിലുള്ള മാറ്റം ഗൗരവായി കണ്ട് പൊതുജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

Sharing is caring!