മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ‘വിതുമ്പി’ ഉമ്മര്‍ അറക്കല്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍  ‘വിതുമ്പി’ ഉമ്മര്‍ അറക്കല്‍

മലപ്പുറം: കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു മറുപടി പറയുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിതുമ്പലടക്കാനാകാതെ ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍. ജനന്മക്കായി ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കെതിരെയുളള ഗൂഡനീക്കത്തില്‍ മനസ്സ്‌നൊന്താണു ഉമ്മര്‍ അറക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിതുമ്പിയത്. ഇന്നു മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിനിടെയാണു സംഭവം.
പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വിവരിച്ച കാര്യങ്ങള്‍ ചുവടെ:

10 വര്‍ഷമായി മലപ്പുറം ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വൃക്ക രോഗികളെ സഹായിക്കുന്ന സംരംഭമായ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സുതാര്യവും സത്യസന്ധവുമായാണു നടക്കുന്നതെന്നു ഭാരവാഹകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഒരു തദ്ദേശ സ്വയം ഭരണ കൂടത്തിന്റെ പിന്തുണയോടെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇത്തരമൊരു പ്രവര്‍ത്തനം നടക്കുന്നില്ല. മലപ്പുറം ജില്ലാ പഞ്ചായത്തിന് രണ്ട് തവണ സംസ്ഥാന ഗവ: ന്റെ (ആരോഗ്യ വകുപ്പിന്റെ) ആരോഗ്യ പുരസ്‌കാരം ലഭിക്കുന്നതിന് പരിഗണിക്കപ്പെട്ട വിത്യസ്തമായ പദ്ധതി വൃക്ക രോഗികള്‍ക്ക് വേണ്ടിയുള്ള ഈ കാരുണ്യ കൂട്ടായ്മയായിരുന്നു. ഈ പ്രവര്‍ത്തനത്തെ കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രചരിപ്പിക്കപ്പെടുന്ന അപവാദങ്ങള്‍ മഹത്തായ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യാന്‍ മാത്രം ഉപകരിക്കുന്നതാണ്.

കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ചെയ്ത് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍
• ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം (മാസാന്തം 2000 രൂപ)
• വൃക്ക മാറ്റി വെച്ചവര്‍ക്ക് മരുന്ന് (ഒരു രോഗിക്ക് ശരാശരി 5000 രൂപ വിലവരും)
• സൗജന്യ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍
• വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍
• വൃക്ക രോഗം വരാതിരിക്കുന്നതിനുള്ള മുന്‍ കരുതല്‍ എടുക്കുവാന്‍ ബോധവല്‍രണ ക്ലാസ്സുകള്‍, സി.ഡി പ്രദര്‍ശനങ്ങള്‍
• വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ലബോറട്ടറികളില്‍ പരിശോധനകള്‍ നടത്തി കൊടുക്കല്‍

ഇത് വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍
• 10 വര്‍ഷത്തിനിടയില്‍ 3029 ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായമായി 11,30,23,613/ രൂപ വിതരണം ചെയ്തു.
• 635 വൃക്ക മാറ്റി വെച്ച രോഗികള്‍ക്ക് 7 വര്‍ഷത്തിനിടയില്‍ 7,08,56,723/ രൂപയുടെ മരുന്നുകള്‍ വാങ്ങിച്ച് നല്‍കി.
• തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 15 മെഷീനോട് കുടിയുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു.
• 5 വര്‍ഷത്തിനിടയില്‍ 108 സൗജന്യ ഡയാലിസിസ് 27571 രോഗികള്‍ക്ക് ചെയ്തു കൊടുത്തു.
• തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളില്‍ താലൂക്ക് ആശുപത്രികളോടനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് നേതൃത്വവും സഹായവും നല്‍കി.
• ജില്ലയിലെ 8 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേന അവരുടെ വീടുകളില്‍ ബോധവല്‍കരണ ലഘു ലേഖകള്‍ എല്ലാ വര്‍ഷങ്ങളിലും വിതരണം ചെയ്യുന്നു.
• ജസ്റ്റ് എ മിനിറ്റ് എന്ന പേരില്‍ ഒരു ബോധവല്‍കരണ ഡോക്യുമെന്ററി തയ്യാറാക്കി എല്ലാ പഞ്ചായത്തുകള്‍ക്കും സ്‌കൂളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിതരണം ചെയ്തു. ഇത് വ്യാപകമായി പ്രദര്‍ശിപ്പിച്ചു.
• 15 കേന്ദ്രങ്ങളില്‍ ഇതിനകം വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തി.
• ജില്ലയിലെ മുഴുവന്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കും വൃക്ക രോഗം സംബന്ധിച്ച ക്ലാസ്സുകള്‍ നടത്തി.
• ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും ഓരോ അധ്യാപകര്‍ക്ക് വീതം ഓരോ വര്‍ഷങ്ങളിലും ബോധവല്‍കരണത്തിന് സഹായകരമാവുന്ന ക്ലാസ്സുകള്‍ നല്‍കി. ഇത് നാല് വര്‍ഷങ്ങളില്‍ നടത്തി.
• ഈ സംരംഭത്തിലേക്ക് വിഭവ സമാഹരണത്തിനായി മലപ്പുറം മേള എന്ന പേരില്‍ വ്യവസായ – വാണിജ്യ – കാര്‍ഷിക പ്രദര്‍ശന മേള നടത്തി.
• 10 വര്‍ഷത്തിനിടയില്‍ 18.78 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

സഹായവും പിന്തുണയും നല്‍കുന്നവര്‍

• ത്രിതല പഞ്ചായുത്തുകള്‍, മുനിസിപ്പാലിറ്റികള്‍, സഹകരണ ബാങ്കുകള്‍, വ്യാപാരി, വ്യവസായികള്‍, സ്വകാര്യ ആശുപത്രികള്‍, പാലിയേറ്റീവ് ക്ലിനിക്കുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യക്തികള്‍, ത്രിതല പഞ്ചായത്ത്, മുനി: ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, എം.പി മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍
സഹായത്തിന് അര്‍ഹരെ തെരഞ്ഞെടുക്കലും സഹായ വിതരണവും
• വെള്ളക്കടലാസില്‍ അപേക്ഷ സൊസൈറ്റി ഓഫീസിലേക്ക് നേരിട്ടോ തപാലിലോ അയക്കാം. ആധാര്‍ കോപ്പി കൂടെ വേണം (ഒരാള്‍ തന്നെ പല തവണ അപേക്ഷിക്കാതിരിക്കാനാണിത്)
• അപേക്ഷകന്റെ പേരും അഡ്രസ്സും പാലിയേറ്റീവ് ക്ലിനിക്കിലേക്ക് വിളിച്ച് പറയും.
• പാലിയേറ്റീവ് ക്ലിനിക്കിലെ വളണ്ടിയര്‍ അപേക്ഷകന്റെ വീട് കണ്ടെത്തി അന്വേഷണം നടത്തി രോഗിയുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രസിഡണ്ട്/സെക്രട്ടറി എന്നിവരുടെ ശുപാര്‍ശയോടെ സഹായം അനുവദിക്കാമോ അനുവദിക്കേണ്ടതില്ലയോ എന്ന തീരുമാനം അറിയിക്കും.
• ഇങ്ങിനെ ഓരോ മാസവും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മാസത്തിന്റെ അവസാനത്തില്‍ എല്ലാറ്റിന്‍മേലും നടപടി എടുക്കും.
• സഹായം അനുവദിച്ചവരുടെ കാര്യത്തില്‍ രോഗിക്കും, പാലിയേറ്റീവ് ക്ലിനിക്കിലേക്കും കത്ത് നല്‍കും.
• രോഗി പാലിയേറ്റീവ് ക്ലിനിക്കില്‍ പോയി സാമ്പത്തിക സഹായം സ്വീകരിക്കും
• പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികള്‍ ഓരോ മാസവും ഇങ്ങിനെ സഹായം നല്‍കിയവര്‍ ഒപ്പിട്ട് നല്‍കുന്ന റസീറ്റ് അടുത്ത മാസം കിഡ്‌നി സൊസൈറ്റിയില്‍ എത്തിക്കും.
• ഇത് പ്രകാരം കിഡ്‌നി സൊസൈറ്റി പാലിയേറ്റീവ് ക്ലിനിക്കിന് തുക അനുവദിക്കും
• രോഗി ജില്ലാ പഞ്ചായത്തില്‍ വരികയോ കിഡ്‌നി സൊസൈറ്റി ഭാരവാഹികളെയോ, ജില്ലാ പഞ്ചായത്ത് ഭാരവാഹികളെ കാണേണ്ട ആവശ്യം തന്നെ വരുന്നില്ല.
• 10 വര്‍ഷത്തിനിടയില്‍ സഹായങ്ങള്‍ നല്‍കിയ 3029 രോഗികളില്‍ ആരും സഹായത്തിനായി ജില്ലാ പഞ്ചായത്തിലേക്ക് വരേണ്ടി വന്നിട്ടില്ല.
• മരുന്ന് വിതരണവും ഇതേ രീതിയിലാണ്, വൃക്ക മാറ്റി വെച്ച രോഗികള്‍ക്ക് മരുന്ന് കൊടുക്കുന്നത് സംബന്ധിച്ച് പാലിയേറ്റീവ് ക്ലിനിക്കിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മരുന്ന് അനുവദിക്കും.
• 2 മാസത്തേക്കുള്ള മരുന്ന് പാലിയേറ്റീവ് ക്ലിനിക്കില്‍ എത്തിക്കും. രോഗികള്‍ അവിടെ ചെന്ന് അവരുടെ മരുന്നുകള്‍ വാങ്ങിച്ച് പോവും. മരുന്ന് കൊണ്ട് പോവാന്‍ രോഗി ജില്ലാ പഞ്ചായത്തില്‍ വരുന്നില്ല. പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികളാണ് മരുന്ന് കൊണ്ട് പോവുക.
• മരുന്നുകളില്‍ മാറ്റമുണ്ടാവുമ്പോള്‍ ഡോക്ടര്‍ എഴുതി കൊടുക്കുന്ന കുറിപ്പുമായി രോഗി കിഡ്‌നി സൊസൈറ്റിയില്‍ വരികയും ഇത് മൂലം മുമ്പ് നല്‍കിയ മരുന്ന് മിച്ചമായി കയ്യിലുണ്ടെങ്കില്‍ സൊസൈറ്റിയില്‍ തിരിച്ച് ഏല്‍പ്പിക്കുകയും ചെയ്യും.
• ഈ പ്രക്രിയയില്‍ വിഴ്ച വരുത്തുന്നവര്‍ക്ക് ഒരു തവണ മരുന്ന് നല്‍കുന്നത് നിര്‍ത്തിവെക്കും. ഇത് രോഖ മൂലം ഓരോ രോഗിയെയും അറിയിച്ചിട്ടുണ്ട്.
ഓഡിറ്റുകള്‍
• സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന നിലയില്‍ ബൈലോയില്‍ വിശദീകരിച്ചിട്ടുള്ളത് പ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എല്ലാ വര്‍ഷത്തെയും വരവ്-ചിലവ് കണക്കുകള്‍ ഓഡിറ്റി ചെയ്യുന്നു.
• ഈ ഓഡിറ്റ് റിപ്പോര്‍ട്ട് സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജില്ലാ രജിസ്ട്രാര്‍ക്ക് അപേക്ഷയോടൊപ്പം നല്‍കണം. ഇപ്രകാരം സംഘത്തിന്റെ രജിസ്‌ട്രേഷന്‍ സമയാ സമയങ്ങളില്‍ ഇത് വരെയും പുതുക്കി വന്നിട്ടുണ്ട്. (ഓഡിറ്റ് നടത്തുന്നില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണ്)
• ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പണം നീക്കി വെച്ച് മരുന്ന് വാങ്ങിക്കാനുള്ള പ്രോജക്റ്റ്, തയ്യാറാക്കുമ്പോള്‍ ഡി.എം.ഒ യാണ് ഇതിന്റെ ഇംപ്ലിമെന്റെ ഓഫീസറാവുക. ഡി.എംഒയാണ് മരുന്ന് വാങ്ങിക്കുക, ഈ പ്രോജക്റ്റിന്റെ ക്രയ വിക്രയ രേഖകള്‍ ഡിഎംഒ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനായി സമര്‍പ്പിക്കണം. ഇപ്രകാരം ഇത് വരെ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ച സന്ദര്‍ഭങ്ങളിലെല്ലാം സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് നടത്തിയിട്ടുണ്ട്.
• കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റുകളും ഫണ്ടും അനുവദിക്കുന്നതിന് സര്‍ക്കാര്‍ നല്‍കീട്ടുള്ള അനുമതി ഉത്തരവുകളില്‍ അപ്രകാരം അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗം സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന് വിദേയമാക്കണെമെന്ന് ഇത് വരെ നിര്‍ദേശിച്ചിട്ടില്ല. പകരം പണം നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് സൊസൈറ്റി നടത്തുന്ന ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മാത്രമെ നിര്‍ദേശിച്ചിട്ടുള്ളു. അത് സമായാ സമയങ്ങളില്‍ സഹായം അനുവദിച്ച എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കീട്ടുണ്ട്.
• എല്ലാ വര്‍ഷങ്ങളിലും വരവ് ചിലവ് കണക്കുകള്‍ റിപ്പോര്‍ട്ട് ബുക്കായി അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു ജനകീയ സംരഭത്തിലെ ജനകീയ ഓഡിറ്റിംഗ് സംവിധാനമാണത്.

ഗവ: ഉത്തരവുകള്‍

• 2008 ല്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 2500 രൂപ ഈ പദ്ധതിയിലേക്ക് സംഭാവന നല്‍കാന്‍ ഗവ: ഉത്തരവ് വഴി അനുമതി നല്‍കി.
• 2009 ല്‍ തന്നെ ഇത് 10000 രൂപയാക്കി ഉയര്‍ത്തി വീണ്ടും ഉത്തരവിറക്കി
• 2011 ല്‍ പിന്നീടത് 50,000 രൂപയാക്കി ഉയര്‍ത്തി
• രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചിലവ് വളരെ കൂടുകയും ചെയ്തപ്പോള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കാവുന്ന സാമ്പത്തിക സഹായം 2013 ല്‍ 3 ലക്ഷമാക്കി ഉയര്‍ത്തി.
• മുനിസിപ്പാലിറ്റികള്‍ക്ക് അനുവദിക്കാവുന്ന സഹായം ആദ്യം ഒരു ലക്ഷമായിരുന്നു. അത് 5 ലക്ഷമാക്കിയും ഉയര്‍ത്തി.
• മുന്‍ സര്‍ക്കാറിന്റെ കാലത്ത് 2015-16 വരെയും ഈ ഉത്തരവ് പുതുക്കി നല്‍കിയിരുന്നു.
• 2016-17 ഭരണ മാറ്റം സംഭവിച്ചതിന് ശേഷം 2016 ജുലൈ മാസം 2ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹു; മന്ത്രി കെ.ടി ജലീലിന് ഉത്തരവ് പുതുക്കി നല്‍കാന്‍ അപേക്ഷ കൊടുത്തു.
• ഒരു വര്‍ഷമായിട്ടും നടപടിയുണ്ടായിട്ടില്ല. തടസ്സവാദങ്ങളൊന്നും മറുപടിയായി നല്‍കിയില്ല. ഓഡിറ്റിനെ കുറിച്ചോ, സുതാര്യതയെ കുറിച്ചോ യാതൊരു തരത്തിലുള്ള കത്തുകളോ അന്വേഷണയോ വിശദീകരണങ്ങള്‍ ചോദിക്കലോ അന്വേഷണത്തിന് നേരിട്ട് വരികയോ യാതൊന്നുമുണ്ടായിട്ടില്ല.
• 2017 ജൂണ്‍ മാസം 24 ന് ബഹു: മന്ത്രി ജില്ലാ പഞ്ചായത്തില്‍ വന്നപ്പോള്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ നിവേദനത്തെ കുറിച്ച് സൂചിപ്പിക്കുകയും സൊസൈറ്റി അനുഭവിക്കുന്ന സാമ്പത്തിക പ്രയാസത്തെ കുറിച്ച് ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. അന്ന് ജില്ലാ പഞ്ചായത്തില്‍ വെച്ച് രണ്ടാമതും അപേക്ഷ നല്‍കി.
• അതിന്റെ മേലും നടപടിയൊന്നും ഉണ്ടായില്ല. സൊസൈറ്റിയുടെ കൈവശമുള്ള ഫണ്ട് തീര്‍ന്നതോടൊ രോഗികള്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വന്നു. വിവരം പാലിയേറ്റീവ് ക്ലിനിക്കുകളെ അറിയിക്കുകയും ചെയ്തു.
• രോഗികളും പാലിയേറ്റീവ് ക്ലിനിക്കുകളും അവരുടെ സങ്കടങ്ങളും പ്രയാസങ്ങളുമായി നിരന്തരം സമീപിച്ച് കൊണ്ടിരുന്നപ്പോള്‍ ഗവ; നിന്ന് ഉത്തരവ് ലഭിക്കാത്തതിനെ കുറിച്ചും പണം ഇല്ലാത്തതിനെ കുറിച്ചുമൊക്കെ വിശദീകരിച്ചു.
• അങ്ങനെയാണ് ഈ വിഷയങ്ങള്‍ പുറത്ത് ചര്‍ച്ചയായി വരുന്നത്, സഹായങ്ങള്‍ നിര്‍ത്തിയ വിവരം പത്ര മാധ്യമങ്ങള്‍ വിവരങ്ങള്‍ കൊടുത്തു. ഈ വാര്‍ത്തുടെ പ്രതികരണങ്ങള്‍ ചോദിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ വിശദീകരിക്കേണ്ടി വന്നു.
• ജില്ലിയിലെ ഏറ്റവും വലിയ ജനകീയ ജീവ കാരുണ്യ സംരംഭം നിലച്ച് പോകുന്നതിന്റെ ആശങ്ക എല്ലാ വാര്‍ത്താമാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ പങ്കിട്ടപ്പോള്‍ ബഹു മന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂന്നാമത് ഒരിക്കല്‍ കൂടി നിവേദനം സമര്‍പ്പിക്കുവാനും മുമ്പ് രണ്ട് തവണ നല്‍കിയിതും അവിടെ കാണാനില്ലെന്ന് അറിയിച്ചു.
• ഇത് പ്രകാരം 2017 ജൂലൈ മാസം 12 ന് മൂന്നാമത്തെ നിവേദനം ഇ-മെയ്ല്‍ വഴിയും കൊറിയര്‍ വഴിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അയച്ച് കൊടുത്തു.
• ഇതിനെല്ലാം ശേഷമാണ് കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല , തന്നിഷ്ട പ്രകാരമാണ് സഹായങ്ങള്‍ നല്‍കുന്നത്, സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഈ പ്രവര്‍ത്തനത്തിന്റെ പിന്നില്‍, പാര്‍ട്ടി സെല്‍ പോലെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്, അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നില്ല. അനാധാലയങ്ങള്‍ റിപ്പോര്‍ട്ട് അച്ചടിച്ച് ജനങ്ങളുടെ മുന്നില്‍ കണ്ണില്‍ പൊടിയിട്ട് തടി തപ്പുന്നത് പോലെയാണ് കിഡ്‌നി സൊസൈറ്റിയും റിപ്പോര്‍ട്ട് അച്ചടിക്കുന്നത്, ഇതൊന്നും അനുവദിക്കില്ല എന്ന നിലയില്‍ ബഹു മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റും പത്ര സമ്മേളനങ്ങളും നടത്തുന്നത്.

മന്ത്രി കെ.ടി ജലീലിന്റെ
പ്രസ്താവനയോടുള്ള പ്രതികരണം

• ഈ സംരംഭം കൂടുതല്‍ മെച്ചപ്പെടുത്തുവാനോ നടത്തിപ്പിലെ അപാകതകള്‍ തിരുത്തുവാനോ ലക്ഷ്യംവെച്ച് കൊണ്ടല്ല ബഹു മന്ത്രിയുടെ പ്രതികരണങ്ങളും ഉണ്ടായിട്ടുള്ളത്.
• സദുദ്ദേശത്തോടെയാണെങ്കില്‍ ഇത്തരം ഒരു ജനകീയ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് രഹസ്യമായി ചൂണ്ടിക്കാണിക്കുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം ഈ സംരംഭത്തെ സഹായിച്ച് കൊണ്ടിരിക്കുന്ന ജില്ലയിലെ ആയിരക്കണക്കായ സുമനസ്സിനുടമകള്‍, സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് ഇതിന് നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, അവരെയെല്ലാം അതിന് വേണ്ടി സംഘടിപ്പിച്ച് അണി നിരത്തി നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് എന്ന ജില്ലയിലെ ഏറ്റവും വലിയ ജനകീയ സഭ, സഹായം നല്‍കുവാനും, അര്‍ഹരായവരെ കണ്ടെത്താനും, അര്‍ഹത നിശ്ചയിക്കുവാനുമെല്ലാം മറ്റൊരു സ്വാര്‍ത്ഥ താല്‍പര്യവുമില്ലാതെ പ്രതിഫലവും പറ്റാതെ കഠിനാധ്വാനം ചെയ്യുന്ന പാലിയേറ്റീവ് ക്ലിനിക്കുകകളുടെ ഭാരവാഹികള്‍ തുടങ്ങിയ എല്ലാവരെയും സംശയത്തിന്റെ നിഴലിലേക്ക് തള്ളി വിടുകയും അവരെയെല്ലാം സമൂഹത്തിന്റെ മുന്നില്‍ കള്ളന്‍മാരായി ചിത്രീകരിക്കുകയും ഭാവിയില്‍ ഈ സംരംഭത്തിന് സഹായം അഭ്യര്‍ത്ഥിച്ച് സമീപിച്ചിരിക്കുമ്പോള്‍ സംഭാവനകള്‍ നല്‍കാതിരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് മന്ത്രി കെ.ടി ജലീലിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്.
• വൃക്ക രോഗം ബാതിച്ച് ചികിത്സിക്കാന്‍ കഷ്ടപ്പെട്ട് മറ്റുള്ളവരുടെ മുന്നില്‍ സഹായത്തിനായി കൈ നീട്ടാന്‍ അഭിമാനം അനുവദിക്കാതിരിന്നിട്ടും നിവൃത്തിയില്ലാത്തതിനാല്‍ സഹായം തേടി കിഡ്‌നി സൊസൈറ്റിക്ക് അപേക്ഷ നല്‍കി നീണ്ട കാലം സഹായങ്ങള്‍ കൈ പറ്റി മരിച്ച് പോവുകയും ഇപ്പോള്‍ ചികിത്സ തുടര്‍ന്ന് കൊണ്ടിരിക്കുന്നതുമായ ആയിരകണക്കിന് രോഗികളെ അര്‍ഹതയില്ലാത്ത ഒരു ആനുകൂല്യം അവിഹിതമായി കൈപറ്റിയവരായി ആക്ഷേപിക്കുക വഴി അവരെയെല്ലാം അപമാനിക്കുകയുമാണ് പത്ര സമ്മേളനം നടത്തി ലോകത്തിന് മുന്നില്‍ അടിസ്ഥാന മില്ലാത്ത ആരോപണങ്ങള്‍ വിളിച്ച് പറയുകവഴി ബഹു മന്ത്രി ചെയ്തത്.
• ഒരു രാഷ്ട്രീയ പാര്‍ട്ടിയ പാര്‍ട്ടിയിലും അംഗത്വ മില്ലാത്തവരും ജീവ കാരുണ്യ പ്രവര്‍ത്തനത്തിനും സാന്ത്വന പരിചരണ സേവനങ്ങള്‍ക്കുമായി ജീവിതം ഉഴിന്ന് വെച്ചവരുമായ കിഡ്‌നി സൊസൈറ്റി ഭാരവാഹികളെയും ഇടത് പക്ഷ പ്രസ്താനങ്ങളോട് ആഭിമുഖ്വം പുലര്‍ത്തുന്ന കിഡിനി സൊസൈറ്റിയിലുള്ള ഭാരവാഹികളെയും അംഗങ്ങളെയും മുസ്ലിം ലീഗിന്റെ പാര്‍ട്ടി സെല്ല് പ്രവര്‍ത്തകരാക്കി കൊണ്ടുള്ള മന്ത്രിയുടെ അതിക്ഷേപം അങ്ങെയറ്റം പ്രതിഷേധാര്‍ഹമാണ്.
• പൊതു ജന സമക്ഷം വരവ് – ചിലവ് കണക്കുകള്‍ അവതരിപ്പിച്ച് സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാക്കുവാന്‍ റിപ്പോര്‍ട്ട് ബുക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് പരിഹസിച്ച് കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം അദ്ദേഹം വഴിക്കുന്ന പദവിക്ക് ഒരിക്കലും നിരക്കുന്ന തരത്തിലായില്ല.
• അനാഥ ശാലകള്‍ റിപ്പോര്‍ട്ട് ബുക്ക് അച്ചടിച്ച് കണ്ണില്‍ പൊടിയിട്ട് തടി തപ്പുന്നത് പോലെയാണ് കിഡ്‌നി സൊസൈറ്റി റിപ്പോര്‍ട്ട് അച്ചടിക്കുന്നതെന്ന് മന്ത്രിയുടെ പ്രസ്താവന അനാഥ ശാലകളുടെ നടത്തിപ്പിലൂടെ മഹത്തായ സാമൂഹ്യ സേവനം നടത്തുന്നവരെ കൂടി അപമാനിക്കുന്നതായി.
• ഒരു സന്നദ്ധ സംഘടനക്കും (കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി അടക്കം) നിര്‍വഹണ ഉദ്യോഗസ്ഥരുണ്ടാവില്ല. ഭാരവാഹികളാണുണ്ടാവുക അതു പ്രകാരം ജില്ലാ കലക്ടര്‍ കിഡ്‌നി സൊസൈറ്റിയുടെ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എക്‌സിക്യൂട്ടീവ് അംഗവുമാണ്.
• നിര്‍വഹണ ഉദ്യോഗസ്ഥന്‍, (ഇംപ്ലിമെന്റിംഗ് ഓഫീസര്‍) ഒരു പ്രോജക്റ്റ് ഇംപ്ലിമെന്റ് ചെയ്യുന്ന ഓഫീസറാണ്. കിഡ്‌നി സൊസൈറ്റിക്ക് ജില്ലാ പഞ്ചായത്ത് ഏതെങ്കിലും തരത്തിലുള്ള ഫണ്ട് ഏതെങ്കിലും പ്രത്യേക പദ്ധതിക്കായി അനുവദിച്ചാല്‍ ആ പ്രോജക്റ്റ് നടപ്പിലാക്കാനാണ് ആ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആവശ്യമായി വരുന്നത്. അത് ജില്ലാ മെഡിക്കല്‍ ഓഫീസറാണ്, വൃക്ക മാറ്റി വെച്ച രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രേജക്റ്റ് നടപ്പിലാക്കുന്നത് ഡി.എം.ഒയാണ് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഇംപ്ലിമെന്റിംഗ് ഓഫീസറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നിയമിച്ച് കൊണ്ട് ഗവ: ഉത്തരവ് നല്‍കണെമെന്ന മന്ത്രിയുടെ പ്രസ്താവന ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞതയാണ് സൂചിപ്പിക്കുന്നത്.
• കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കോടിക്കണക്കിന് രൂപയുടെ ചട്ട വിരുദ്ധമായ ക്രയ വിക്രയങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നില നില്‍കെ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അപേക്ഷയിന്‍ മേല്‍ കോഴിക്കോട് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെര്‍ സൊസൈറ്റിക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് ഗവ: ഉത്തരവ് നല്‍കീ എന്നിരിക്കെ മലപ്പുറം ജില്ലാ പഞ്ചായത്തിനോട് മാത്രം നിഷേധ നിലപാടി സ്വീകരിച്ചതിന് എന്ത് ന്യായീകരണമാണുള്ളത്.? 02.07.2016 നാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് അപേക്ഷ നല്‍കിയത്. 22.08.2016 നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അപേക്ഷ നല്‍കിയത്. അതിന് മേല്‍ 26.10.2016 ന് സംസ്ഥാന ഗവ: നടപടി എടുത്തു. അതിന് മുമ്പ് അപേക്ഷ നല്‍കിയ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിവേദനത്തില്‍ യാതൊരു നടപാടിയും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉണ്ടായില്ല. ഉണ്ടായ നടപടി പത്ര സമ്മേളനം നടത്തി അപവാദ പ്രചരണമാണ്. ഇത് ദുഷ്ട ലാക്കോട് കൂടിയുള്ള നടപടിയാണ്.
• ഗവ: ഉത്തരവ് പുതുക്കി നല്‍കാത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലും മുന്‍ സാമ്പത്തിക വര്‍ഷത്തിലും ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കിഡ്‌നി സൊസൈറ്റിയിലേക്ക് സംഭാവന നല്‍കി സഹായിക്കാന്‍ കഴിഞ്ഞില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതികളെല്ലാം തയ്യാറാക്കി അംഗീകാരം വാങ്ങിച്ച് കഴിഞ്ഞു. ഇനി ഗവ: ഉത്തരവ് പുതുക്കി നല്‍കിയാലും പഞ്ചായത്തുകള്‍ക്ക് സംഭാവന നല്‍കാന്‍ പദ്ധതി ഉണ്ടാക്കാന്‍ കഴിയില്ല. നേരത്തെ അംഗീകരിച്ച പദ്ധതികള്‍ ഭേദഗതി വരുത്തുവാന്‍ പ്രത്യേക അനുമതി ലഭിക്കണം. ഇത് ലഭിക്കുക 2018 ഫെബ്രുവരിയിലായിരിക്കും അത് പ്രകാരം പഞ്ചായത്തുകള്‍ സംഭാവന നല്‍കുവാന്‍ തീരുമാനിച്ചാല്‍ തന്നെ അത് ലഭിക്കുക മാര്‍ച്ച് മാസത്തിലായിരിക്കും, ഫലത്തില്‍ സഹായം മുടങ്ങിയ 2017 ജൂണ്‍, ജൂലൈ, പിന്നീടുള്ള ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍, നവംമ്പര്‍, ഡിസംബര്‍, 2018 ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് കിഡ്‌നി സൊസൈറ്റി വേറെ ഫണ്ട് തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇതിന് ഏതാണ്ട് 3.50 കോടി രൂപ വേണം. (രോഗികളുടെ ഏറ്റകുറച്ചിലിനനുസരിച്ച് തുകയില്‍ മാറ്റം വരു)
ഉപ സംഹാരം
കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറി കടന്ന് ഫണ്ട് സമാഹരണം നടത്തി രോഗികളെ സഹായിക്കുന്ന പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാന്‍ 24ന് തിങ്കളാഴ്ച സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് ചേരുന്നതാണ്.
25,27 തിയ്യതികളില്‍ മത സാമൂഹ്യ സന്നദ്ധ സംഘടനകള്‍, അധ്യാപക സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, വകുപ്പ് മേധാവികള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വ്യാപാരി വ്യവസായ സംഘടനകള്‍, തുടങ്ങിയവയുടെ നേതാക്കളുടെ യോഗങ്ങളും വിളിച്ച് ചേര്‍ത്തിരിക്കുകയാണ്.
ആഗസ്റ്റ് മാസത്തില്‍ ജനകീയ വിഭവ സമാഹരണ യജ്ഞം നടത്തി ജനങ്ങളില്‍ നിന്നും സംഭാവന പിരിച്ച് ഈ ജീവകാരുണ്യ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ട് കൊണ്ട് പോവുന്നതിന് പദ്ധതി തയ്യാറാക്കുന്നതാണ്
ജില്ലയിലെ വാര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെ സമ്പൂര്‍ണ്ണ സഹകരണം ലഭിച്ചത് കൊണ്ട് ഈ പ്രവര്‍ത്തനത്തിന്റെ മഹാത്മ്യവും ഉദ്ദ്യോശ ശുദ്ധിയും തിരിച്ചറിയുന്നതു കൊണ്ടുമാണ് 10 വര്‍ഷം ലോകത്തിന് തന്നെ മാതൃകയായി ഈ സംരംഭം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചിട്ടുള്ളത്, മുന്‍ കാലത്തേക്കാള്‍ പ്രയാസം നേരിട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് മാധ്യമ സുഹൃത്തുകളുടെ സഹായവും പിന്തുണയും തുടര്‍ന്നും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു പത്രം മാത്രമാണ് ഈ പദ്ധതിയെ തകര്‍ക്കുന്നതിനും അപകീര്‍ത്തി പെടുത്തുന്നതിനും ഇതിന് സഹായങ്ങള്‍ ലഭിക്കുന്നത് മുടങ്ങുന്നതിനും കാരണമാകുന്ന വാര്‍ത്തകള്‍ നിരന്തരമായി പ്രസിദ്ധീകരിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കായ വൃക്ക രോഗികളുടെ കഷ്ടപ്പാട് മനസ്സിലാക്കി ദയവ് ചെയ്ത് ഈ നിലപാട് പുന: പരിശോധിക്കണമെന്നും രാഷ്ട്രീയ പ്രേരിതമായി ഈ പ്രവര്‍ത്തനത്തെ കാണരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സഹായം കൈ പറ്റുന്നവരുടെ പേരും അഡ്രസ്സും ഒരു സംഘടനയും അച്ചടിച്ച് പ്രസിദ്ധം ചെയ്യാറില്ല കാരണം അത് അവരുടെ ആത്മാഭിമാനത്തെ ഹനിക്കപ്പെടുന്നതാണ്. എന്നാല്‍ ഈ സഹായം നല്‍കുന്നതിന് സാമ്പത്തികമായി സഹായിക്കുന്നവരുടെ പേര് പ്രസിദ്ധം ചെയ്യാറുണ്ട്. ഈ കിഴ് വഴക്കമാണ് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പാലിച്ച് പോരുന്നത്.
ജില്ലാ പഞ്ചായത്തിന്റെ മറ്റ് ഏതെങ്കിലും പദ്ധതിയുടെ നിര്‍വഹണത്തില്‍ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിന് ഒരു ന്യായീകരണവുമില്ല. രണ്ടും രണ്ടായി തന്നെ കാണേണ്ടതായിരുന്നു.
സഹായം കൈപറ്റി കൊണ്ടിരിക്കുന്നവരില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ നിരപരാധികളാണ്. കാരണം പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികളാണ് അര്‍ഹത പരിശോധിച്ച് സഹായം നല്‍കണമോ വേണ്ടയോ എന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് നല്‍കുന്നത്.
അനര്‍ഹര്‍ ഉണ്ടെന്ന് മന്ത്രി തന്നെ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തില്‍ നിലവില്‍ സഹായം കൈപറ്റി കൊണ്ടിരിക്കുന്ന എല്ലാ വരുടെയും അര്‍ഹത വിലയിരുത്തുവാന്‍ പ്രത്യേക സ്‌കോര്‍ ഷീറ്റ് തയ്യാറാക്കി പുനരന്വേഷണവും പുനര്‍ പരിശോധനയും നടത്തി അനര്‍ഹര്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ്.
ഭാവിയില്‍ അന്വേഷണവും അര്‍ഹത പരിശോധനയും കൂടുതല്‍ കര്‍ശനവും ശക്തവുമാക്കുന്നതാണ്.
വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഡോ: എം. അബ്ദുല്‍ മജീദ് (ചെയര്‍മാന്‍, കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത് മലപ്പുറം), ഉമ്മര്‍ അറക്കല്‍ (ജനറല്‍ കണ്‍വീനര്‍), ഡോ: അബൂബക്കര്‍ തയ്യില്‍ (ട്രഷറര്‍, കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി), വി. സുധാകരന്‍ (ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത്), എ.കെ അബ്ദു റഹ്മാന്‍ (മെംബര്‍, ജില്ലാ പഞ്ചായത്ത്).

Sharing is caring!