മലപ്പുറം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നു

മലപ്പുറം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നു

മലപ്പുറം: മലപ്പുറം നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നതായി ആക്ഷേപം.  കേരള സര്‍ക്കാരിന്റെ 03/03/2014 ലെ 627/2014 നമ്പര്‍ ഉത്തരവ് പ്രകാരം മലപ്പുറം നഗരസഭയിലെ റോഡുകള്‍ നവീകരിക്കുന്നതിന് 15കോടി രൂപക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടായിരുന്നില്ല. ഫണ്ട് ലഭിക്കാതെ മലപ്പുറം നഗരസഭ 37റോഡുകള്‍ റീടാറിങ്ങിന് ടെന്‍ണ്ടര്‍ ക്ഷണിക്കുകയും, കരാറുകള്‍ ഉറപ്പിച്ചുകൊണ്ട് പണിപൂര്‍ത്തികരിക്കുകയും ഉണ്ടായി. എന്നാല്‍ രണ്ടുവര്‍ഷത്തോളമായി കരാര്‍ തുക ലഭിക്കാത്തതിനാല്‍ കരാറുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മലപ്പുറം നഗരസഭയുടെ പട്ടികജാതി വികസന ഫണ്ട് ഒഴികെയുള്ള മറ്റ് ഫണ്ടുകളില്‍ നിന്ന് കരാറുക്കാര്‍ക്ക് കൊടുക്കാനുള്ള 14,53,15000 (പതിനാല് കോടി അമ്പതിമൂന്നു ലക്ഷത്തിപതിനഞ്ചായിരം) രൂപ കൊടുക്കുന്നതിന് മലപ്പുറം നഗരസഭക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വെറും 5.31 കോടി രൂപയാണ് നഗരസഭയുടെ വാര്‍ഷിക റവന്യൂ വരുമാനം ഇതില്‍ അഞ്ചുകോടിയില്‍പരം രൂപ ശമ്പളം, അലവന്‍സ്, മാറ്റ് ഇനങ്ങളില്‍ ചെലവ് വരും ഇങ്ങിനെ ഉള്ള സാഹചര്യത്തില്‍ ഇത്രയും വലിയ തുക രണ്ടുവര്‍ഷം കൊണ്ട് കൊടുത്ത് തീര്‍ക്കാന്‍ ആരംഭിച്ചാല്‍ നഗരസഭയുടെ വികസനം മാത്രമല്ല ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ അവതാളത്തിലാകുമെന്നു പ്രതിപക്ഷം ആരോപിക്കുന്നു. 2015ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, ഫണ്ട് ലഭിക്കാനുള്ള സാധ്യത പോലും പരിശോധിക്കാതെ ധൃതി കാണിച്ച് കരാര്‍ നല്‍കിയതാണ് ഇന്നത്തെ ഈ പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Sharing is caring!