വേങ്ങരയില്‍ മജീദോ, ഖാദറോ ? ഉടന്‍ അറിയാം

വേങ്ങരയില്‍ മജീദോ, ഖാദറോ ? ഉടന്‍ അറിയാം

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ലീഗ് സ്ഥാനാര്‍ഥിക്കായി നേതാക്കളുടെ ചരട്‌വലി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറുമാണു സീറ്റിനായി രംഗത്തുള്ളത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്തിക്കൊണ്ടു മത്സരിക്കാനാണു കെ.പി.എ മജീദ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. എന്നാല്‍ പാര്‍ട്ടിസ്ഥാനം ഒഴിഞ്ഞു നിയമസഭയിലെത്താനുള്ള കഠിന ശ്രമത്തിലാണു കെ.എന്‍.എ ഖാദറും, ഇരുനേതാക്കളും തങ്ങളുടെ ആഗ്രഹം പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയോടും സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിഞ്ജാപനം ഉടന്‍ വരുമെന്നാണു ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ തന്നെ അടുത്ത മാസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണു സൂചന. യൂത്ത്‌ലീഗും സീറ്റിനായി രംഗത്തുണ്ടെങ്കിലും മജീദിനോ, കെ.എന്‍.എ ഖാദറിനൊ നറുക്ക്‌വീഴാനാണു സാധ്യത. നേരത്തെ യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസിനെയും മുന്‍ താനൂര്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ പേരും ഉയര്‍ന്നു വന്നിരുന്നെങ്കിലും നിലവില്‍ ഇവരെ പരിഗണിക്കുന്നില്ലെന്നാണു സൂചന. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ പി.കെ അസ്ലുവിനെ മത്സര രംഗത്തിറക്കാനും ചില ചരടുവലികള്‍ നടന്നിരുന്നു.

Sharing is caring!