ഭാവികാര്യം തീരുമാനിക്കാന്‍ മലപ്പുറം നേതാക്കളുടെ സാന്നിധ്യത്തില്‍ ദിലീപ് ഫാന്‍സ് യോഗം ചേര്‍ന്നു

ഭാവികാര്യം തീരുമാനിക്കാന്‍ മലപ്പുറം നേതാക്കളുടെ സാന്നിധ്യത്തില്‍ ദിലീപ് ഫാന്‍സ് യോഗം ചേര്‍ന്നു

മലപ്പുറം: നടന്‍ ദിലീപ് അറസ്റ്റിലായതോടെ ഭാവികാര്യം തീരുമാനിക്കാന്‍ മലപ്പുറം നേതാക്കളുടെ സാന്നിധ്യത്തില്‍ ദിലീപ് ഫാന്‍സ് യോഗം ചേര്‍ന്നു. മലപ്പുറം തിരൂര്‍ സ്വദേശികളായ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റിയാസും, ട്രഷറര്‍ ഹാരിസും ഉള്‍പ്പെട്ട അഞ്ചംഗ സംസ്ഥാന നേതാക്കളാണു ഇന്നു കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

സംസ്ഥാന ഭാരവാഹികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്ത ശേഷം മാത്രം അറസ്റ്റ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാവൂവെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. കോടതി നടപടി നിരീക്ഷിച്ചശേഷമാകും ഫാന്‍സ് അസോസിയേഷന്റെ പിന്തുണ സംബന്ധിച്ചു നിലപാട് വ്യക്തമാക്കൂവെന്നും സൂചനയുണ്ട്. അതേ സമയം ദിലീപിനെ ഗൂഡാലോചനാകേസില്‍ കുടിക്കിയതാണെങ്കില്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങുകയും സമരപരിപാടികള്‍ക്കടക്കം നേതൃത്വം നല്‍കുകയും ചെയ്യുമെന്നു ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി മംഗളത്തോട് പറഞ്ഞു. ദിലീപിന്റെ അറസ്റ്റ് ഭാരവാഹികള്‍ക്കൊന്നും വിശ്വസിക്കാനായിട്ടില്ല. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ കുറിച്ചു അനാവശ്യമായി പ്രതികരണം നടത്തുന്നതു ദോഷംചെയ്യുമെന്നതിനാല്‍ വിഷയത്തെ കുറിച്ചു ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്നു കൊച്ചിയില്‍ ഒത്തുചേര്‍ന്നു.

അഞ്ച് സംസ്ഥാന ഭാരവാഹികള്‍ക്കു കീഴിലാണു അമ്പതിനായിരത്തോളം അംഗങ്ങളുള്ള ദിലീപ് ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം. ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് റിയാസും, ട്രഷറര്‍ ഹാരിസും മലപ്പുറം തിരൂര്‍ സ്വദേശികളാണ്. ചെയര്‍മാന്‍ റിയാസ് തിരുവനന്തപുരം സ്വദേശിയും ജനറല്‍ സെക്രട്ടറി രൂപേഷ് കോഴിക്കോട് സ്വദേശിയുമാണ്. വൈസ് പ്രസിഡന്റ് ജയേഷ് എറണാകുളം സ്വദേശിയാണ്. ഈ അഞ്ചംഗ സംഘമാണു ഫാന്‍സ് അസോസിയേഷന്‍ നിയന്ത്രിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കിടയിലാണുസംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിക്കുന്നത്.

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുകളില്‍ ദിലീപും പങ്കെടുക്കാറുണ്ട്. ദിലീപിന്റെ പുതിയ സിനിമകള്‍ ഇറങ്ങുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പു അതതു ജില്ലാ കമ്മിറ്റികള്‍ യോഗംചേര്‍ന്നു അതത് മേഖലകളിലെ തിയ്യേറ്ററുകളില്‍ റിലീസിംഗ് ദിവസം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതു പതിവാണ്. ഇത്തരം ആഘോഷപരിപാടികള്‍ക്കു പുറമെ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നുവരാറുണ്ട്. പെയിന്റ് ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം, അംഗവൈകല്യമുള്ളവര്‍ക്ക് മൂച്ചക്രവാഹന വിതരണം, നിര്‍ധന കുടുംബങ്ങള്‍ക്കു വിവാഹ ധനസഹായം എന്നിവയെല്ലാം ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവരാറുണ്ട്. ഇതിനുപുറമെ വിവിധ സഹായങ്ങള്‍ക്കായി സംഘടനകളും വ്യക്തികളും ദിലീപിനെ നേരിട്ടുസമീപിക്കുമ്പോള്‍ ഇവരെ കുറിച്ചു അന്വേഷണം നടത്താനും ദിലീപ് ഫാന്‍സ് അസോസിയേഷനെ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ടെന്നു ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കുടുതല്‍ അംഗങ്ങളുള്ളത് ദിലീപ് ഫാന്‍സ് അസോസിയേഷനാണ്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണു ഫാന്‍സ് അസോസിയേഷനില്‍ കുടുതല്‍ അംഗങ്ങള്‍ ഉള്ളത്. ശേഷം യഥാക്രമം മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണുള്ളത്. ഏകദേശം 13വര്‍ഷം മുമ്പ് രസികന്‍ എന്ന സിനിമയോടു കൂടിയാണു ഓള്‍കേരളാ ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എ.കെ.ജി.എഫ്.ഡബ്ല്യൂ.എ)എന്ന പേരിന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുന്നത്. ശേഷം കൊച്ചിരാജാവ് എന്ന സിനിമയോടുകൂടി ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും 14ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

Sharing is caring!