മലപ്പുറത്തെ ആരാധനാലയങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം

മലപ്പുറത്തെ ആരാധനാലയങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളുടെ ശുചിത്വബോധത്തെ അനുമോദിച്ച് ജില്ലാ കലക്ടര്‍ അമിത് മീണ. കലക്ടര്‍ തുടക്കം കുറിച്ച ഗ്രീന്‍ പ്രോടോക്കോള്‍ നടപ്പാക്കുന്നതിന് മികച്ച പിന്തുണയാണ് ജില്ലയിലെ ആരാധനാലയങ്ങള്‍ നല്‍കിയത്. കോട്ടപ്പടി പള്ളിയില്‍ റമദാന്‍ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅയ്ക്ക് ശേഷം നടത്തിയ ബോധവല്‍ക്കരണത്തിലൂടെയാണ് പദ്ധതി പുരോഗതി കൈവരിച്ചത്. പള്ളിയില്‍ നടത്തിയ ബോധവല്‍ക്കരണം എക്കാലവും ഓര്‍ക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മത സംഘടകളേയും സ്ഥാപനങ്ങളേയും ജില്ലാ ഭരണകൂടം ആദരിക്കുന്ന ചടങ്ങിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ആഘോഷങ്ങളിലും ദൈനംദിന ഉപയോഗത്തിലും ഡിസ്‌പോസിബ്ള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിനും ശുചിത്വബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി നടപ്പാക്കിയ ഗ്രീന്‍ പ്രോട്ടോകോളിന് വന്‍ജനപിന്തുണയാണ് ലഭിച്ചത്. റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച മലപ്പുറം കോട്ടപ്പടിയിലെ പള്ളിയില്‍ ജുമുഅയ്ക്ക് ശേഷം കലക്ടര്‍ അമിത് മീണ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ സന്ദേശം നല്‍കിയിരുന്നു ഉദ്യമത്തിന് തുടക്കം കുറിച്ചത്.

ആയിരക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ഭക്ഷണ വിതരണത്തിനായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കുകയും പകരം മണ്‍പാത്രങ്ങള്‍, സ്റ്റീല്‍ പ്ലെയ്റ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്തു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘടനകളേയും സ്ഥാപനങ്ങളേയുമാണ് കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ഇന്ന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചത്.

ഇഫ്താര്‍ സംഗമങ്ങളിലും ക്ഷേത്രങ്ങളിലെ ചടങ്ങുകളിലും ഡിസ്‌പോസബ്ള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഒഴിവാക്കിയാണ് ഈ സ്ഥാപനങ്ങളും സംഘടനകളും മാതൃകയായത്. തുടര്‍ന്നും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടപ്പിലാക്കുമെന്ന് മത നേതാക്കളും വിവിധ ക്ഷേത്ര – പള്ളി ഭാരവാഹികളും യോഗത്തില്‍ ഉറപ്പ് നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി. വിജയകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പ്രീതിമേനോന്‍ എന്നിവര്‍ പങ്കെടുത്തു.

കാടാമ്പുഴ ദേവീ ക്ഷേത്രം, മേല്‍മുറി മഅദിന്‍ അക്കാദമി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ലാ ഘടകം, മുസ്ലീം ജമാഅത്ത് കമ്മിറ്റി, തിരുമന്ധാം കുന്ന് ഭഗവതി ക്ഷേത്രം, സമസ്ത കേരള ജംഇത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ ഘടകം, തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം എന്നിവയ്ക്കാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരം ലഭിച്ചത്.

Sharing is caring!