വീര്യംകൂട്ടാന്‍ കീടനാശിനിയില്‍ മുക്കി മലപ്പുറത്ത് കഞ്ചാവ് വില്‍പ്പന

വീര്യംകൂട്ടാന്‍ കീടനാശിനിയില്‍ മുക്കി മലപ്പുറത്ത് കഞ്ചാവ് വില്‍പ്പന

മലപ്പുറം: വീര്യംകൂട്ടാന്‍ കീടനാശിനിയില്‍ മുക്കിയുള്ള കഞ്ചാവ് വില്‍പ്പന ജില്ലയില്‍ തകൃതി. കീടനാശിനിയില്‍ മുക്കി ഉണക്കിയശേഷം ചെറിയ പൊതികളിലാക്കിയാണു വില്‍പന നടത്തുന്നത്. കഴിഞ്ഞ മാസം ചങ്ങരംകുളത്ത് ഇത്തരത്തിലുളള കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന കഞ്ചാവ് തേടിയെത്തുന്നവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമാണ്. ജില്ലയില്‍ കഞ്ചാവിനെതിരെ പോലീസും എക്സൈസ് വകുപ്പും പരിശോധന ശക്തമാക്കിയിട്ടും കഞ്ചാവ് ലഭ്യതയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പ്രധാന നിരത്തുകളും ചെക് പോസ്റ്റുകളും കേന്ദ്രീകരിച്ച് ലഹരിക്കടത്തിനെതിരെ പരിശോധന ശക്തമാക്കിയതോടെ ഇതരസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഉള്‍പ്രദേശങ്ങള്‍ വഴിയാണു കഞ്ചാവ് കടത്തെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് വഴിയാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാവെത്തുന്നത്. കരിമ്പ്, ഫ്രൂട്സ് വാഹനങ്ങളില്‍ കഞ്ചാവ് കടത്തുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചായത്ത് റോഡുകളില്‍ പരിശോധന ഉണ്ടാവില്ലെന്നത് മുന്നില്‍ കണ്ടു അതിര്‍ത്തി ഗ്രാമങ്ങളിലൂടെയാണ് കഞ്ചാവ് എത്തിക്കുന്നത്. ബൈക്കുകള്‍ ഉപയോഗിച്ചും കഞ്ചാവ് കടത്തുന്നുണ്ട്. കഞ്ചാവില്‍ പുകയില കഷായവും കീടനാശിനികളും ഉപയോഗിച്ച് വീര്യം കൂട്ടിയാണ്
വില്‍പ്പന. പൊടുന്നനെ ആരുടെയും ശ്രദ്ധ പതിയാത്ത പൊതുസ്ഥലങ്ങളിലാണ് കഞ്ചാവ് സൂക്ഷിക്കുക. റോഡില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും കഞ്ചാവ് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചു. പാതയോരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ കഞ്ചാവ് വില്‍ക്കുന്ന വന്‍സംഘം
പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും തീരുമാനം. കഞ്ചാവ് മാഫിയക്കെതിരെ പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് കൊണ്ടുനടന്നുളള വില്‍പ്പന കുറഞ്ഞു. ഇപ്പോള്‍ കോഡ് ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പ്പന. വഴിയോര കച്ചവടത്തിന്റെ മറവിലാണ് ജില്ലയില്‍ കഞ്ചാവ് വില്‍പ്പന . ജ്യൂസ് വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയവരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കോഡ് ഉപയോഗിച്ച് കഞ്ചാവ് വാങ്ങിക്കുന്നത്.
പത്ത് രൂപയ്ക്ക് ജ്യൂസെന്ന പരസ്യവുമായി വഴിയോരത്ത് കച്ചവടം നടത്തിയ സംഘത്തിന് പത്ത് രൂപയ്ക്ക് പകരം 510 രൂപയാണ് ആവശ്യക്കാര്‍ നല്‍കുക. 510 രൂപയെങ്കില്‍ കഞ്ചാവിനാണെന്ന് തിരിച്ചറിയാനാവും.
ജ്യൂസ് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പൊലീസിനോ, എക്സൈസ് വകുപ്പിനോ കോഡ് ചോരാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശവും കച്ചവടക്കാര്‍ നല്‍കും.

Sharing is caring!