വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നിലവിലുള്ള രീതിയില്‍തന്നെ കരിപ്പൂരിലെത്തും

വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍  നിലവിലുള്ള രീതിയില്‍തന്നെ കരിപ്പൂരിലെത്തും

കരിപ്പൂര്‍: വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു നിലവിലുള്ള രീതി തന്നെ തുടരുമെന്നു കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. വിമാന കമ്പനികളും വിമാനത്താവള ആരോഗ്യ വിഭാഗവുമാണ് ഇതു കൈകാര്യം ചെയ്യേണ്ടതെന്നും പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതു സംബന്ധിച്ച് കരിപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിമാന കമ്പനികള്‍ക്കു നല്‍കിയ നിര്‍ദേശം വിവാദമായ പാശ്ചാലത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
48 മണിക്കര്‍ മുമ്പ് എന്നുള്ളതു അരമണിക്കൂര്‍ മുമ്പ് രേഖകള്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചാലും മതി. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുജനം വിമാനത്താവളത്തിലെത്തി ചെയ്യേണ്ട കാര്യങ്ങളൊന്നും ഇതിലില്ല. മൃതദേഹവുമായി ബന്ധപ്പെട്ട രേഖകള്‍ എത്തിച്ചു നല്‍കേണ്ടതു വിമാന കമ്പനികളുടെ ഉത്തരവാദിത്വമാണ്. ഇതു ജനങ്ങളുടേതാണന്ന് വ്യാഖ്യാനിച്ചതു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ സാംക്രമിക രോഗങ്ങളുണ്ടോയെന്നു നോക്കുക മാത്രമാണിത് ചെയ്യുന്നത്. മൃതദേഹം കൊണ്ടുവരന്നതു ഇതു മൂലം വൈകാന്‍ ഇടയാക്കില്ല.
2005-ല്‍ പുറത്തിറക്കിയ ഗൈഡ് ലൈന്‍സിലെ മാര്‍ഗ നിര്‍ദേശങ്ങളാണ് വിമാന കമ്പനികള്‍ക്കു നല്‍കിയത്. കരിപ്പൂര്‍ ഉള്‍പ്പെടെയുളള വലിയ വിമാനത്താവളങ്ങളിലെല്ലാം ഇതു തന്നെയാണ് തുടരുന്നത്. നിലവില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ അവയുടെ രേഖകളും മരണ സര്‍ട്ടിഫിക്കറ്റും വിമാന കമ്പനികള്‍ ആരോഗ്യ ഉദ്യോഗസ്ഥനു കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കൊണ്ടുവരുമ്പോള്‍ ചുരങ്ങിയതു രണ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു കരിപ്പൂര്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥന്‍ ഡോ.ജലാലുദീന്‍ പറഞ്ഞു. എംമ്പാം സര്‍ട്ടിഫികറ്റും മരണ കാരണവും വ്യക്തമാക്കുന്ന രേഖകളാണ് ഹാജരാക്കേണ്ടതെന്നും ഇവ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് മുഴുവ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2005 ലെ ഗൈഡ്‌ലൈന്‍സില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ഡി രാധാകൃഷ്ണ അധ്യക്ഷനായിരുന്നു. പി.വി.അബ്ദുള്‍ വഹാബ് എംപി, വിമാനത്താവള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ.ജലാലുദീന്‍, വിവിധ വിമാനകമ്പനി പ്രതിനിധികള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
സൗദിയില്‍ മരിച്ച വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നിലവിലുളള സംവിധാനം വഴി തന്നെ ഇന്നലെ കരിപ്പൂര്‍ വഴി നാട്ടിലെത്തിച്ചു.

Sharing is caring!