കേരളംദിവസം ഭക്ഷിക്കുന്നത് 25ലക്ഷംകിലോ കോഴിയിറച്ചി

കേരളംദിവസം ഭക്ഷിക്കുന്നത് 25ലക്ഷംകിലോ കോഴിയിറച്ചി

മലപ്പുറം: ഒരുകിലോ ബ്രോയിലര്‍ കോഴിയെ ഉല്‍പാദിപ്പിക്കാന്‍ ഇതര സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അധികംവരുന്നത് 37രൂപ. തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും വന്‍കിട ഫാമുകളില്‍ ഒരു കിലോ കോഴിയെ ഉല്‍പാദിപ്പിക്കാന്‍ ഇവര്‍ക്കു ചെലവുവരുന്നതു 50-52രൂപ മാത്രമാണ്. എന്നാല്‍ നിലവില്‍ കേരളത്തിലെ ഫാമുകളില്‍ചെലവ് വരുന്നതു 87രൂപ 50പൈസയാണ്. ഇത്തരത്തില്‍ ഉല്‍പാദന ചെലവ് അധികമാകാന്‍ മൂന്നുകാരണങ്ങളാണു കേരളത്തിലെ കോഴികര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതര സംസ്ഥാനങ്ങളിലെ വന്‍കിട ഹാച്ചറികളില്‍ ബ്രോയിലര്‍ കോഴിക്കുഞ്ഞങ്ങളുടെ മുട്ടവിരിയിപ്പിക്കാനുള്ള സംവിധാനം, ഇവക്കാവശ്യമുള്ള തീറ്റഉല്‍പാദിപ്പിക്കാനുള്ള സൗകര്യം, തൊഴിലാളികളുടെ കുറഞ്ഞവേതനം എന്നീ മൂന്നുകാരണങ്ങളാലാണു കേരളത്തിനേക്കാള്‍ കുറഞ്ഞ വിലക്കുകോഴികളെ ഉല്‍പാദിപ്പിക്കാന്‍ ഇതര സംസ്ഥാനങ്ങള്‍ക്കു കഴിയുന്നത്. ഇതിനുപുറമെ ഇത്തരം ഫാമുകള്‍ക്കു തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സൗജന്യവൈദ്യുതി പദ്ധതിയും ഇവര്‍ക്കുഗുണംചെയ്യും. പുറത്തുനിന്നും ഇറക്കുമതിചെയ്യുന്ന കോഴികളില്‍ 80ശതമാനം തമിഴ്നാട്ടില്‍നിന്നും 20ശതമാനം കര്‍ണാടകയില്‍നിന്നുമാണ്. ഇത്തരത്തിലുള്ള ഇതര സംസ്ഥാനങ്ങളില്‍ കോഴികളെ ഉല്‍പാദിപ്പിക്കുന്ന ഹാച്ചറികളില്‍നിന്നുതന്നെയാണു കേരളത്തിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും കൊണ്ടുവരുന്നത്. തമിഴ്നാട് ഹാച്ചറികളില്‍ ഉല്‍പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളുടെ തൂക്കവും, കളറും, ആരോഗ്യവും കണക്കാക്കി മൂന്നു ക്ലാസുകളാക്കി തിരിച്ചാണു വില്‍പനയും. ഇതില്‍ 40ഗ്രാംവരെയുള്ള എ ക്ലാസ് കുഞ്ഞുങ്ങളെ അവിടുത്തെ ഫാമുകളില്‍തന്നെ വളര്‍ത്തുകയും ബി.സി ക്ലാസുകളില്‍പെടുന്ന കുഞ്ഞുങ്ങളെയാണു കേരളത്തിലേക്കു കയറ്റി അയക്കുന്നത്.
കേരളത്തിലെ ഇറച്ചി വില്‍പനക്കായി കരുതിവെക്കാന്‍ ദിവസം അഞ്ചുലക്ഷം കോഴിക്കുഞ്ഞുങ്ങളെ ആവശ്യമായിവരും. ഇതില്‍ ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ മാത്രമാണു കേരളത്തില്‍ വിരിയിക്കുന്നത്. ബാക്കി നാലുലക്ഷവും തമിഴ്നാട്ടിലും കര്‍ണാകയിലുമാണു ഉല്‍പാദിപ്പിക്കുന്നത്. ദിവസം 25ലക്ഷം കിലോ കോഴിയിറച്ചി കേരളത്തിന് ആവശ്യമായിവരുമ്പോള്‍ ഇതില്‍ 15ലക്ഷവും പുറത്തുനിന്നാണു കൊണ്ടുവരുന്നത്. നേരത്തെ 12രൂപയക്കുവരെ തമിഴ്നാട്ടില്‍നിന്നും കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചിരുന്നെങ്കിലും നിലവില്‍ 48രൂപയ്ക്കാണു വില്‍പന. ഇതര സംസ്ഥാനങ്ങളില്‍ വിരയിക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന തീറ്റയുടെ ക്വാളിറ്റിയിലും വ്യത്യാസമുണ്ട്. കേരളത്തിലേക്കു ക്വാളിറ്റി കുറഞ്ഞ തീറ്റകള്‍ വില്‍പന നടത്തുകയും ചെയ്യുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. അതോടൊപ്പംതന്നെ കോഴിഇറക്കുമതിയുടെ ടാക്സ് എടുത്തുകളഞ്ഞതോടെ ടാക്സ് വെട്ടിച്ചുകോഴിക്കടത്തു നടത്തിയിരുന്നവര്‍ക്കു ഇതു തിരിച്ചടിയായിട്ടുണ്ട്. കോഴിയെ ഉല്‍പാദിപ്പിക്കുന്നവര്‍തന്നെ ടാക്സ് അടക്കണമെന്നായിരുന്നു നിയമമെങ്കിലും തമിഴ്നാട്ടില്‍നിന്നും ഇറക്കുമതി ചെയ്തിരുന്ന നൂറുലോഡുവണ്ടികളില്‍ 10എണ്ണത്തില്‍വരെ മാത്രമാണു ടാക്സ് അടച്ചുവന്നിരുന്നതെന്നും കേരളാ പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇത്തരത്തില്‍ അനധികൃതമായി ചെക്കുപോസ്റ്റുകളില്‍ കൈക്കൂലികൊടുത്തും ഊടുവഴികളിലൂടെയും മറ്റുമായി നേരത്തെ മുതല്‍ വന്‍തോതില്‍ നികുതിതട്ടിപ്പുകള്‍ നടന്നിരുന്നു.
അതോടൊപ്പംതന്നെ തീറ്റകൊടുത്താല്‍ കൂടുതല്‍ തൂക്കംലഭിക്കുന്ന പൂവന്‍കോഴിക്കുഞ്ഞുങ്ങളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉല്‍പാദനത്തിനു ബാക്കിവെച്ചു ബാക്കിയുള്ളവമാത്രമാണു കേരളത്തിലേക്കു എത്തിച്ചിരുന്നതെന്നും കോഴികര്‍ഷകര്‍ പരാതിപ്പെടുന്നു. ഒരുകോഴിയെ ഉല്‍പാദിപ്പിക്കനാവശ്യമായ 40ദിവസം 3.600 കിലോഗ്രാം തീറ്റകൊടുത്താല്‍ പൂവന്‍കോഴികള്‍ രണ്ടുകിലോക്കു മുകളില്‍തൂക്കംലഭിക്കുമെന്നാണു കണക്ക്. പിടക്കോഴി 3.800 കിലോഗ്രാം തീറ്റകെടുത്താലും 1.800കിലോഗ്രാംമാത്രമെ തൂക്കംലഭിക്കൂവെന്നും കോഴികര്‍ഷകര്‍ പറയുന്നു.
അതേ സമയം കേരളത്തിലെ കോഴി കര്‍ഷകര്‍ക്കു 25ശതമാനം സബ്സിഡി നല്‍കിയാല്‍ കേരളത്തിനു ആവശ്യമായ മുഴുവന്‍ കോഴികളെയും ഉല്‍പാദിപ്പിക്കാന്‍ തങ്ങള്‍ തെയ്യാറാണെന്നു കേരളാ പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റലൂര്‍പറഞ്ഞു.

Sharing is caring!