മലപ്പുറത്തിന്റെ മതേതര മൂല്യം പുകഴ്ത്തി മുന്‍ എസ് പി സേതുരാമന്‍

മലപ്പുറത്തിന്റെ മതേതര മൂല്യം പുകഴ്ത്തി മുന്‍ എസ് പി സേതുരാമന്‍

മലപ്പുറം: മുസ്ലിം സമുദായത്തിന്റെയും, മലപ്പുറത്തിന്റെയും മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മുന്‍ ജില്ലാ പോലീസ് മേധാവി സേതു രാമന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്‍ ഡി ജി പി അടക്കം പലരും തുപ്പിയ വര്‍ഗീയ വിഷത്തിന് മുഖത്തടിക്കുന്ന മറുപടി അദ്ദേഹം നല്‍കിയത്.

മലപ്പുറം ജില്ലയില്‍ നാല് വര്‍ഷത്തോളം പോലീസ് മേധാവിയായിരുന്നതിന്റെ ബലത്തിലാണ് ഈ കുറിപ്പ് എന്ന പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. മുസ്ലിമുകളുടെ ജനസംഖ്യ വര്‍ധിച്ചാല്‍ കേരളത്തില്‍ എന്തു സംഭവിക്കും എന്നതാണ് പോസ്റ്റിന്റെ തലക്കെട്ട്.

പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാളം തര്‍ജമ

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട് മാത്രമല്ല കേരളത്തിലെ വിവിധ കോണുകളില്‍ വസിക്കുന്നവരെ അടുത്തറിയുകയും ചെയ്യാം. പല ഭാഗങ്ങളിലും നായന്‍മാരെയും, ഈഴവരേയും, കൃസ്ത്യാനികളേയും, ദളിതരേയും, മുസ്ലിങ്ങളേയും മാത്രമേ കണ്ടിട്ടുള്ളു. മലപ്പുറത്ത് മാത്രമാണ് ‘പച്ച മനുഷ്യരെ’ കാണാനായത്. ആരെയും സഹായിക്കാന്‍ സന്നദ്ധരായ മനുഷ്യര്‍. വര്‍ഗീയ ലഹളയുടെ ചരിത്രമില്ലാത്ത നാട്.

മമ്മുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍, ഫാസില്‍, എം എന്‍ കാരശേരി, സമദാനി, ഹമീദ് ചേന്ദമംഗലൂര്‍, ഇ എ ജബ്ബാര്‍, അയൂബ് മൗലവി എന്നീ മുസ്ലിമുകളുടെ സംഭാവന ഇല്ലാത്ത കേരളത്തെ സങ്കല്‍പിക്കാനാകില്ല. ആര്‍ക്കു വേണമെങ്കിലും പാണക്കാട് തങ്ങളുടേയും, കുഞ്ഞാലിക്കുട്ടിയുടേയോ വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാം. മുസ്ലിം എന്താകണമെന്ന് അടുത്തറിയണമെങ്കില്‍ മന്ത്രി കെ ടി ജലീലിനോട് ചോദിച്ചാല്‍ മതി. ആര്യാടന്‍ മുഹമ്മദിനേക്കാളും മതേതര വാദിയായ അമുസ്ലിമുകളേപോലും കാണാനാകില്ല. ചെറുപ്പക്കാരായ മുസ്ലിം എം എല്‍ എമാര്‍ കേരളത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ പ്രതീക്ഷ നല്‍കുന്നവരാണ്.

മലപ്പുറത്തെ വിദ്യാര്‍ഥികളും ചെറുപ്പക്കാരെയും ഓര്‍ത്ത് നാളെ രാജ്യം തന്നെ അഭിമാനം കൊള്ളും. മിടുക്കരായ ശാസ്ത്രഞ്ജരും, ഡോക്ടര്‍മാരും, കലാ കാരന്‍മാരുമെല്ലാം ഉയര്‍ന്നു വരുന്ന നാടാണത്.

മുസ്ലിമുകളുടെ ജനസംഖ്യ സംബന്ധിച്ച അഭ്യൂഹങ്ങള്‍ കേട്ടുകേള്‍വികള്‍ മാത്രമാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യ വര്‍ധന കുറവാണ്. മുസ്ലിം ജനസംഖ്യ നിങ്ങളെ ആശങ്കപെടുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ധനികരാക്കൂ, വിദ്യാ സമ്പന്നരാക്കൂ, സേതു രാമന്‍ പറയുന്നു.

നിങ്ങള്‍ മാത്രമല്ല ഞാനടക്കമുള്ളവര്‍ മുസ്ലിമുകള്‍ എന്ന് അവരെ ലേബല്‍ ചെയ്യാന്‍ ശ്രമിക്കുന്നു. അതാണ് തെറ്റ്. മമ്മുട്ടിയോ, കാരശ്ശേരി മാഷോ, മന്ത്രി കെ ടി ജലീലോ മുസ്ലിം എന്ന സമുദായ ലേബലില്‍ അറിയപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവരെല്ലാം അവിശ്വസനീയമായ കഴിവുകളുള്ള ഭാരതീയരാണ്. ഏതെങ്കിലും മതത്തിന്റെ വേലിക്കെട്ടില്‍ ഒതുക്കാന്‍ പറ്റുന്നവരല്ല ഈ പറഞ്ഞവര്‍.

മതവെറി മനുഷ്യരെ ചെറുതാക്കുന്നു. കുട്ടികളെ അവര്‍ക്ക് കുട്ടികളായി കാണാനാകുന്നില്ല. അമ്മമാരെ അമ്മമാരായും. അവര്‍ കുട്ടികളെ മുസ്ലിം കുട്ടികളായും, കൃസ്ത്യന്‍ കുട്ടികളായും, നായര്‍ കുട്ടികളായും വേര്‍തിരിക്കുന്നു, സേതു രാമന്‍ ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുന്നു.

Sharing is caring!