തിരുന്നാവായയിലെ താമരകൃഷിക്ക് ഇന്ന് പഴയ താമരച്ചന്തമില്ല

തിരുന്നാവായയിലെ താമരകൃഷിക്ക് ഇന്ന് പഴയ താമരച്ചന്തമില്ല

മലപ്പുറം: 30മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന തിരുന്നാവായയിലെ താമരകൃഷിക്ക് ഇന്ന് പഴയ താമരച്ചന്തമൊന്നുമില്ല. ഇവിടുത്തെ താമരകൃഷി ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിര്‍ത്തികടന്നിരുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടങ്ങളിലൊന്നായ തിരുന്നാവായ വലിയപറപ്പൂരിലെ താമരകൃഷി ഇന്ന് പകുതിയായി കുറഞ്ഞു. 400ഏക്കറില്‍ കൃഷിചെയ്തിരുന്ന ഇന്നിവിടെ 200ഏക്കറില്‍ മാത്രമാണു കൃഷിയുള്ളത്. ജലലഭ്യതയുടെ കുറവും താമരക്കോഴി എന്നറിയപ്പെടുന്ന കിളികളുടെ ശല്യവുമാണു കൃഷിയെ പ്രതിസന്ധിയിലാക്കിയത്. രാപ്പകല്‍ അധ്വാനിച്ച് കൃഷിചെയ്തുണ്ടാക്കുന്ന താമരകള്‍ നശിച്ചുപോകുന്നതു പതിവായതോടെയാണു കര്‍ഷകരില്‍ പലരും കൃഷിയില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

ഇവിടെ 20ഏക്കറില്‍ കൃഷിചെയ്തുവരുന്ന കാരക്കാടന്‍ ഹസ്സനും കുടുംബത്തിനും മുമ്പു അയ്യായിരം പൂക്കള്‍വരെ ദിവസം ലഭിച്ചിരുന്നെങ്കില്‍ ഇന്നിവര്‍ക്കു ലഭിക്കുന്നതു വെറും 500മുതല്‍700വരെ പൂക്കള്‍ മാത്രമാണ്. മുമ്പു തങ്ങള്‍ നല്‍കിയിരുന്ന പല ക്ഷേത്രങ്ങള്‍ക്കും ഇന്നു ആവശ്യത്തിനു താമര നല്‍കാന്‍ കഴിയുന്നില്ലെന്നു ഹസ്സന്‍ പറയുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കു പൂജയ്ക്ക് ഈ നിളാതീരത്തുനിന്നാണു മുമ്പു താമരപ്പൂക്കള്‍ കൊണ്ടുപോയിരുന്നത്. തിരുന്നാവായ നാവാമുകുന്ദ ക്ഷത്രത്തിന് സമീപത്തെ താമരക്കായലുകള്‍ പുലര്‍ച്ചെ അഞ്ചിനുമുമ്പ് സജീവമാകും. കായലില്‍ഓളങ്ങള്‍ തീര്‍ത്ത് ചെറുതോണികളില്‍ നീങ്ങുന്ന കര്‍ഷകര്‍ ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്. പൂക്കളുമായി ഇവര്‍ തിരിച്ചെത്തുമ്പോള്‍ പിന്നീട് ഏഴുമണിയാകും. പിന്നീട് അവ കരുതലോടെ ചാക്കുകളിലാക്കി ബസ്സ്റ്റാന്‍ഡുകളിലേക്കും റെയില്‍വേ
സ്റ്റേഷനുകളിലേക്കുംകൊണ്ടുപോകും. പണ്ടുകാലത്തിവിടെ താമരക്കായല്‍ ഉണ്ടായിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു. ക്ഷേത്രത്തിലേക്ക് ആവശ്യത്തിന് പൂക്കള്‍ ലഭ്യമാകാത്തതിനാലാണു കായല്‍ നിര്‍മിച്ചെന്നാണ് ഐതിഹ്യം.
നാവാമുകുന്ദക്കു ുറമെ ഗുരുവായൂര്‍, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രം, കോഴിക്കോട് തളി, കാടാമ്പുഴ, ആലത്തൂര്‍ ഹനുമാന്‍കാവ്, തൃപ്രങ്ങോട്, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പൂക്കള്‍ അയച്ചിരുന്നു.

ഇത്രയും താമരകൃഷി കൃഷിയായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കു യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കായല്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ് കൃഷിക്കാരില്‍ ഏറെയും. ഈകര്‍ഷകരുടെ പ്രയാസം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ താമരമേളയും ഭീമന്‍ പൂക്കളവുംവരെ കര്‍ഷകരുടെ നേതൃത്വത്തില്‍ മുമ്പ് ഒരുക്കിയിരുന്നു. താമരകൃഷിയും കൃഷിയായി അംഗീകരിച്ചു തങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണു ഇവിടുത്തെ കര്‍ഷകരുടെ ആവശ്യം.

സി.എം ജസ്‌ന

Sharing is caring!