മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പടയൊരുക്കം

മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പടയൊരുക്കം

മലപ്പുറം: രാജ്യത്ത് വര്‍ധിച്ച് വരുന്ന ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനെതിരെ പ്രതിപക്ഷ ഐക്യം ഉയര്‍ന്നു വരണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. പാര്‍ലമെന്റിന് അകത്തും, പുറത്തും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം മതേതര-ജനകീയ കക്ഷികളുടെ സഹകരണം കത്തിലൂടെ ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍ സി പി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബി എസ് പി നേതാവ് മായാവതി, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, അഖിലേഷ് നേതാവ്, ജനതാദള്‍ (സെക്യുലര്‍) നേതാവ് ദേവഗൗഡ, സി പി എം നേതാവ് സീതാറാം യെച്ചൂരി, സി പി ഐ നേതാവ് സുധാകര്‍ റെഡ്ഡി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല എന്നിവര്‍ക്കാണ് കത്തെഴുതിയത്.

ദളിതുകളും, ന്യനപക്ഷ-പിന്നാക്ക വിഭാഗങ്ങളും എന്‍ ഡി എ സര്‍ക്കാരിനു കീഴില്‍ കടുത്ത ഭീഷണി നേരിടുകയാണ്. ജാതിയുടേയും, മതത്തിന്റെയും പേരില്‍ രാജ്യം ഓരോ ദിവസവും വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗോരക്ഷകര്‍ എന്ന മുഖംമൂടിയണിഞ്ഞ് ന്യൂനപക്ഷ-ദളിത് വിഭാഗത്തില്‍ പെട്ടവരെ തല്ലിക്കൊല്ലുക എന്നത് രാജ്യത്ത് ഒരു വാര്‍ത്തയെ അല്ലാതെ ആയിത്തീര്‍ന്നു. വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തെല്ലാം പടര്‍ന്നു പിടിക്കുകയാണ്. ഇതോടൊപ്പം തന്നെ കര്‍ഷക ആത്മഹത്യ, സാമ്പത്തിക വളര്‍ച്ചയിലെ തിരിച്ചടി, അതിര്‍ത്തികളിലെ സംഘര്‍ഷ അന്തരീക്ഷം, തൊഴിലില്ലായ്മ എന്നിവയും ഭരണം കാര്യക്ഷമമല്ല എന്ന് വിളിച്ചോതുകയാണ്.

രാജ്യത്ത് ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഒരേ കുടക്കീഴില്‍ അണിനിരക്കേണ്ട സമയമായെന്ന് വിളിച്ചോതുകയാണ് ഈ പ്രതിസന്ധികള്‍. ഫാസിസ്റ്റ് ഭീങ്കരതയെ ചെറുക്കുന്നതിന് ഇന്ത്യയിലെ ചെറുതും വലുതുമായ മുഴുവന്‍ മതേതര പാര്‍ട്ടികളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയെ സാധീക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 17ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം മുതല്‍ ഈ ഐക്യം പാര്‍ലമെന്റിന് അകത്തും, പുറത്തും യാഥാര്‍ഥ്യമായി കാണുവാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!