കരിപ്പൂര്‍ വിമാനത്താവള ഉദ്യോഗസ്ഥനെ ശാസിച്ച് പി വി അബ്ദുല്‍ വഹാബ്

കരിപ്പൂര്‍ വിമാനത്താവള ഉദ്യോഗസ്ഥനെ ശാസിച്ച് പി വി അബ്ദുല്‍ വഹാബ്

കരിപ്പൂര്‍: വിദേശത്തു മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിയമ തടസങ്ങള്‍ക്കെതിരെ പി വി അബ്ദുല്‍ വഹാബ് എം പി രംഗത്ത്. പ്രവാസികളേയും, ബന്ധുക്കളേയും ആശങ്കയിലാഴ്ത്തുന്ന നിയമ ഭേദഗതി നടപ്പാക്കുന്നത് നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. ഇതിനു തയ്യാറാകാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗതെത്തുമെന്ന് എം പി മുന്നറിയിപ്പ് നല്‍കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്ന് നിയമമാണ് വിവാദമായിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൃതദേഹം എത്തുന്നതിന് കാലതാമസമുണ്ടായതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം ചൂണ്ടികാട്ടി ദുബായിയിലെ പ്രവാസികള്‍ എം പിയെ ബന്ധപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുകയായിരുന്നു. അവിടെനിന്ന് ലഭിച്ച മറുപടി തൃപ്തികരമാകാത്തതിനെത്തടര്‍ന്നാണ് ഈ വിഷയത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അബ്ദുല്‍ വഹാബ് എം പി തീരുമാനിച്ചത്.

കരിപ്പൂരിലെ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ന്യായീകരിക്കാനാകാത്തതാണെന്ന് വഹാബ് പറഞ്ഞു. പല പ്രതിസന്ധികള്‍ മറികടന്നാണ് പ്രവാസികള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത്. അതിനിടയില്‍ നാട്ടിലെ വിമാനത്താവളത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് ക്രൂരതയാണെന്ന് എം പി പറഞ്ഞു.

എന്നാല്‍ മൃതദേഹം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് കരിപ്പൂര്‍ വിമാനത്താവള ആരോഗ്യ വകുപ്പ് മേധാവി മുഹമ്മദ് ജലാലുദീന്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിനാവശ്യമായ രേഖകള്‍ 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കൈമാറണമെന്നാണ് വിമാനത്താവളങ്ങുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ആരോഗ്യ നിയമം. ഈ ജൂണ്‍ മുതല്‍ നിയമം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഏതാനും മൃതദേഹങ്ങള്‍ നടപടിക്രമം പാലിച്ച് എത്തിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ കൈമാറണം എന്ന നിയമത്തിലുള്ള സാങ്കേതിക തടസങ്ങള്‍ മനസിലാക്കി ഇതില്‍ ഇളവ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!