സര്‍ക്കാര്‍ പറയുന്ന വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാകില്ലെന്ന് വ്യാപാരികള്‍

മലപ്പുറം: സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാകില്ലെന്ന് വ്യാപാരികള്‍.
ഫാം ഉടമകളില്‍ നിന്ന് ഇതിന് അനുസൃതമായ വിലയില്‍ കോഴി ലഭ്യമല്ലാത്തതാണ് കാരണമെന്ന് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ ഫാമുകളില്‍ കിലോയ്ക്ക് 110 രൂപ നല്‍കണം. ഇത് 87 രൂപയ്ക്ക് വില്‍ക്കണമെന്നത് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍ക്കണമെങ്കില്‍ പൗള്‍ട്രി ഫാം ഉടമകളും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തുകയാണ് വേണ്ടത്. എന്നാല്‍ അതിന് പകരം ഇറച്ചിക്കച്ചവടക്കാരെ പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് തുടര്‍ന്നാല്‍ കടകള്‍ അടച്ചിടേണ്ടിവരും. കടുത്ത വരള്‍ച്ചയില്‍ കേരളത്തിലെ ഫാമുകളില്‍ കോഴിവളര്‍ത്തല്‍ കുറഞ്ഞതും തമിഴ്‌നാട് ലോബിയുടെ ഇടപെടലുമാണ് കോഴി വില വര്‍ദ്ധിക്കാന്‍ കാരണം. രണ്ടാഴ്ചക്കകം കോഴി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ബാബു കൊണ്ടോട്ടി, മലപ്പുറം ജില്ല പ്രസിഡന്റ് ലുക്മാന്‍, സെക്രട്ടറി എം.പി. ഇസ്മയില്‍, വി. മനോജ്കുമാര്‍ എന്നിവര്‍ പറഞ്ഞു.

Sharing is caring!