നാടിന് മാതൃകയായി കുഞ്ഞാലിക്കുട്ടിയുടെ ചെറുമകന്‍ ആമിര്‍ ഫാദില്‍

നാടിന് മാതൃകയായി കുഞ്ഞാലിക്കുട്ടിയുടെ ചെറുമകന്‍ ആമിര്‍ ഫാദില്‍

വേങ്ങര: ദുബായിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെ വേങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച ‘അക്ഷരം’ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. 5000ത്തിലധികം പുസ്തകങ്ങളും, പുതിയ വായനാ മുറിയും, കംപ്യൂട്ടര്‍ ഡാറ്റയുമുള്‍പ്പെടുത്തയാണ് ലൈബ്രറി നവീകരിച്ചത്. ദുബായ് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സകൂള്‍ വിദ്യാര്‍ഥികളായ ആമിര്‍ ഫാദിലും അനിരുദ്ധ് മഹേഷും ചേര്‍ന്നാണ് ലൈബ്രറി നവീകരിക്കാനും പുസ്തകള്‍ക്കുമായുള്ള ഫണ്ട് സ്വരൂപ്പിച്ചത്. സകൂളില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി ലൈബ്രറി ഉദ്ഘാടനം ചെയ്തു.

പുസ്തകങ്ങളാണ് വിദ്യാര്‍ഥികളുടെ മികച്ച കൂട്ടുകാരെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ വളര്‍ച്ചയില്‍ ഏറെ പങ്ക് വഹിച്ചത് ചെറുപ്പകാലത്ത് വായിച്ച പുസ്തകങ്ങളാണ്. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതല്‍ പുസ്തകള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ സിലബസിന്റെ ഉള്‍പ്പെട്ടിട്ടുള്ള സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വേങ്ങര സ്‌കൂളിന് ആധുനിക ലൈബ്രറി എന്ന ആശയം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഇവരുടെ തലയില്‍ ഉദിക്കുന്നത്. ആമിറിന്റെ ഉമ്മയുടെ പിതാവായ പി കെ കുഞ്ഞാലിക്കുട്ടി ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. തന്റെ ഉമ്മയുടെ നാട്ടിലുള്ള ഒരു സ്‌കൂളില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുക എന്ന ആവേശവും പദ്ധതി നടപ്പാക്കുന്നതിന് പിന്നിലുണ്ടായിരുന്നെന്ന് ആമിര്‍ പറയുന്നു.

ഏകദേശം 25 ലക്ഷം രൂപ ചെലവിട്ടാണ് ലൈബ്രറി നവീകരിച്ചത്. ദുബായില്‍ തന്റെ പെയിന്റിങ് പ്രദര്‍ശനം സംഘടിപ്പിച്ചാണ് പദ്ധതിക്കുള്ള പണം ആമിര്‍ സമാഹരിച്ചത്. എറണാകുളം സ്വദേശിയായ അനിരുദ്ധ് ഗാനമേളകള്‍ നടത്തിയും പണം സംഘടിപ്പിച്ചു. നാലായിരത്തോളം പുസ്തകങ്ങള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സ്‌കൂളിനു വേണ്ടി വാങ്ങി. പുസ്തകങ്ങള്‍ തിരയുന്നത് എളുപ്പമാക്കുന്നതിനുള്ള ക്യംപൂട്ടര്‍ സംവിധാനവും ഇവര്‍ ഏര്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്.

പുതിയ തലമുറയിലെ കുട്ടികള്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി മുന്നോട്ട് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ പഠിച്ച സ്‌കൂളിന് ആധുനിക ലൈബ്രറി സംഭാവന ചെയ്ത ആമിറിനേയും, അനിരുദ്ധിനേയും അദ്ദേഹം അഭിനന്ദിച്ചു.

എം കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ലൈബ്രറിയിലേക്കുള്ള മലയാള പുസ്തകങ്ങളുടെ കൈമാറ്റം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിച്ചു. ലൈബ്രറി സോഫ്റ്റ് വേര്‍ ജില്ലാ കലക്ടര്‍ അമിത് മീണ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഡോ. കെ കുഞ്ഞാലിയും കംപ്യൂട്ടര്‍ മുനവ്വറലി ശിഹാബ് തങ്ങളും കൈമാറി. സാഹിത്യകാരന്‍ കെ.പി രാമനുണ്ണി മുഖ്യ പ്രഭാഷമം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലും, സഫ്‌റീന അഷ്‌റഫ്, പ്രധാനധ്യാപകന്‍ പി.പി കുഞ്ഞാലി തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!