കരിപ്പൂരിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കരിപ്പൂരിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈറ്റ് സിറ്റി: മലബാറിലേക്കുള്ള യാത്രക്കാരെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ പ്രതിഷേധം പുകയുന്നു. കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കിനേക്കാള്‍ 62 ശതമാനത്തിലധികമാണ് കരിപ്പൂരിലേക്ക് ഈടാക്കുന്നത്. ഒരേ വിമാനമാണ് വ്യത്യസ്ത നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളടിക്കുന്നത്

കൊച്ചിയിലേക്ക് മടക്ക ടിക്കറ്റടക്കം ബുക്ക് ചെയ്ത മലപ്പുറം സ്വദേശിയായ ഷംസുദ്ദീന്‍ പലേക്കോടനില്‍ നിന്നും 30624 രൂപയാണ് ഈടാക്കിയത്. ഇതേ ദിവസങ്ങളില്‍ കരിപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 48630 രൂപയാണ്. ഓഗസ്റ്റ് 31ന് കൊച്ചിയിലേക്കും ഒക്‌റ്റോബര്‍ അഞ്ചിന് തിരിച്ചുമാണ് ഷംസുദ്ദീന്‍ ടിക്കറ്റെടുത്തത്. കരിപ്പൂരിലേക്ക് ടിക്കറ്റ് നോക്കിയെങ്കിലും ഉയര്‍ന്ന നിരക്ക് മൂലം കൊച്ചിയിലേക്ക് തന്നെ എടുക്കുകയായിരുന്നു. കരിപ്പൂരില്‍ ഇറങ്ങിയ ശേഷമാണ് വിമാനം കൊച്ചിയിലേക്ക് പോകുന്നത്‌.

ടിക്കറ്റ് നിരക്ക് അമിതമായി ഈടാക്കുന്നതിനെതിരെ വിമാന കമ്പനികള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികളില്‍ നിന്നും പൊതുവേ ഉയര്‍ന്ന നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇതിനിടയിലാണ് മലബാറിലേക്കുള്ള യാത്രക്കാരില്‍ നിന്നും അമിത തുക ഈടാക്കുന്നത്.

Sharing is caring!