ജമാഅത്തെ ഇസ്ലാമി ഹജ് ക്യാംപ് സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്ലാമി ഹജ് ക്യാംപ് സംഘടിപ്പിച്ചു

മലപ്പുറം: പട്ടിണിയും പേടിയുമില്ലാത്ത സമൂഹത്തിന്റെ നിര്‍മിതിക്കായി പണിയെടുത്ത് ദൈവപ്രീതിയും സ്വര്‍ഗവും നേടിയെടുക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റ്ന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഹാജിമാരോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഹജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന ഹജ് ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ജനതയുടെ നിര്‍മിതിക്കായി പ്രവാചകന്‍ ഇബ്‌റാഹീമും, പത്‌നി ഹാജറും അനുഭവിച്ച അസാധാരണമായ ത്യാഗത്തിന്റെ ഓര്‍മകളാണ് ഹജ് നല്‍കുന്നത്. അവരുടെ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സേവനത്തിനും, ത്യാഗത്തിനും നാം സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

ഹജ്, ഉംറ എന്ത് എങ്ങനെ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍ ക്ലാസ് എടുത്തു. ഹജ്ജും, ഉംറയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ശാന്തപുരം അല്‍ജാമിഅ അസിസ്റ്റന്റ് മുദീര്‍ ഇല്യാസ മൗലവി വിശദീകരണം നല്‍കി. സി എച്ച് ബഷീര്‍, സലീം മമ്പാട് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എം സി നസീര്‍ അധ്യക്ഷത വഹിച്ചു. പി കെ ഹബീബ് ജഹാന്‍, വി പി മുഹമ്മദ് ശരീഫ് എന്നിവര്‍ സംബന്ധിച്ചു. ബാസില്‍ റഹ്മാന്‍ ഖുര്‍ആന്‍ പാരായണം നടത്തി.

Sharing is caring!