കോട്ടയ്ക്കല്‍ ആയുര്‍വേദശാല പരാജയപ്പെട്ടിടത്ത് വലിയകുന്ന് രാമന്റെ വിജയഗാഥ

കോട്ടയ്ക്കല്‍ ആയുര്‍വേദശാല പരാജയപ്പെട്ടിടത്ത് വലിയകുന്ന് രാമന്റെ വിജയഗാഥ

മലപ്പുറം: കോട്ടയ്ക്കല്‍ ആയുര്‍വേദശാലവരെ പരീക്ഷിച്ച് പരാജയപ്പെട്ടിടത്തു വളാഞ്ചേരി വലിയകുന്ന് പഞ്ഞനങ്ങാട്ടില്‍ രാമന്റെ വിജയഗാഥ. സംസ്ഥാനത്ത് അപൂര്‍വമായി മാത്രം വളരുന്ന രുദ്രാക്ഷമരം വളാഞ്ചേരി വലിയകുന്ന് സ്വദേശി പഞ്ഞനങ്ങാട്ടില്‍ രാമന്റെ ഔഷധോദ്യാനത്തില്‍ പടര്‍ന്നു പന്തലിച്ചു. നിറയെ രുദ്രാക്ഷക്കായകളും വിളഞ്ഞു. മുമ്പു കോട്ടയ്ക്കല്‍ ആയുര്‍വേദശാലാ അധികൃതര്‍വരെ രുദ്രാക്ഷമരം വെച്ചുപിടിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. മാര്‍ക്കറ്റില്‍വന്‍ ഡിമാന്റുള്ള രുദ്രാക്ഷത്തിനായി നിരവധി ആളുകളാണു 73വയസ്സുകാരനായ രാമന്‍ചേട്ടനെ കാണാനെത്തുന്നത്. വരുന്നവര്‍ക്കെല്ലാം രുദ്രാക്ഷക്കായ നല്‍കുമെങ്കിലും ഇതുവരെ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ആവശ്യക്കാര്‍ വല്ലതും നല്‍കിയാല്‍ സ്വീകരിക്കും. ഇതാണു പഞ്ഞനങ്ങാട്ടില്‍ രാമന്‍ സ്റ്റെയില്‍. മരത്തില്‍നിന്നും കൊഴിഞ്ഞുവീഴുന്ന രുദ്രാക്ഷകായയുടെ പുറംതോട് കളഞ്ഞ് ആദ്യം ഉണക്കും. ശേഷം ആറു മാസത്തോളം എണ്ണയിലിട്ടുവെക്കുമ്പോഴാണു രുദ്രാക്ഷത്തില്‍ മുഖങ്ങള്‍ തെളിഞ്ഞുവരുന്നത്. ഒന്നു മുതല്‍ 21വരെയാണു സാധാരണ ലഭ്യമായ രുദ്രാക്ഷങ്ങളുടെ മുഖങ്ങള്‍. ഇതില്‍ ഒരുമുഖമുള്ള രുദ്രാക്ഷത്തിന് അയ്യായിരംരൂപ മുതല്‍ പതിനായിരംരൂപവരെ മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നുണ്ടെന്നു പഞ്ഞനങ്ങാട്ടില്‍ രാമന്‍ പറയുന്നു. നാല്, അഞ്ച്, ആറ് മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണു രാമന്റെ 50സെന്റ് സ്ഥലത്തെ ഔഷധോദ്യാനത്തില്‍ വളരുന്ന രുദ്രാക്ഷമരത്തില്‍നിന്നും ഇതുവരെ ലഭിച്ചത്. ഇപ്രാവശ്യം രാമന്റെ രുദ്രാക്ഷമരത്തില്‍ രണ്ടായിരത്തിലധികം രുദ്രാക്ഷക്കായകള്‍ കായ്ച്ചുകഴിഞ്ഞു. സാധാരണ 300എണ്ണത്തോളം മാത്രമാണു ലഭിക്കാറുള്ളത്. 12വര്‍ഷം മുമ്പു 200രൂപയ്ക്കു വാങ്ങിയ രുദ്രാക്ഷച്ചെടിയാണ് ഇന്ന് പടര്‍ന്നു പന്തലിച്ചത്.
മാലയുണ്ടാക്കാനെന്നും പറഞ്ഞാണു രാമന്റെ അടുത്തുനിന്നും ആളുകള്‍ രുദ്രാക്ഷങ്ങള്‍ വാങ്ങാറുള്ളത്. ഇത്തരത്തില്‍ ഒരാള്‍ക്കു 30എണ്ണംവരെയാണു നല്‍കാറുള്ളത്. ആരുടെ കയ്യില്‍നിന്നും ഇതുവരെ പണം ചോദിച്ചുവാങ്ങിയിട്ടില്ലെന്നും അഞ്ഞൂറു മുതല്‍ ആയിരംരൂപവരെ പലരും നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ ലഭിക്കുന്ന പണമാണു സ്വീകരിക്കാറുള്ളുവെന്നും രാമന്‍ പറയുന്നു. വിവിധ അസുഖങ്ങള്‍ക്കും സുരക്ഷക്കും രുദ്രാക്ഷം ധരിക്കുന്നതു നല്ലതാണെന്ന വിശ്വാസമാണു ഡിമാന്റ് വര്‍ധിപ്പിച്ചത്. രുദ്രാക്ഷത്തിനു പുറമെ ഇരുനൂറിലധികം ഔഷധ സസ്യങ്ങളാണ് രാമന്റെ തോട്ടത്തിലുണ്ട്. പ്രായമായപ്പോള്‍ നെല്‍കൃഷി ഉപേക്ഷിച്ച് ഔഷധ സസ്യങ്ങള്‍ വളര്‍ത്തുകയാണ് ഇദ്ദേഹം. അതോടൊപ്പം ജാതിമര തൈകളുടെ വില്‍പനയുമുണ്ട്. എല്ലാദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ രാമന്‍ തന്റെ ഔഷധ സസ്യങ്ങള്‍ക്കൊപ്പമുണ്ടാകും. അപൂര്‍വയിനം ഔഷധ സസ്യങ്ങളുംഇവിടെയുണ്ട്. തണുപ്പില്‍ വളരുന്ന രുദ്രാക്ഷം കൃത്യമായ പരിചരണം ലഭിച്ചതുകൊണ്ടാണ് തന്റെ കൃഷിയിടത്തില്‍ വളര്‍ന്നതെന്നാണ് രാമന്‍ വിശ്വസിക്കുന്നത്. സര്‍വഗന്ധി, ദേവദാരം, ദന്തപാല തുടങ്ങിയ അപൂര്‍വയിനം സസ്യങ്ങള്‍ക്കുപുറമെ ജാതികൃഷിയും നടന്നുവരുന്നു. ചെറിയ തോട്ടത്തില്‍ നിന്നു മാത്രം പതിനായിരക്കണക്കിന് രൂപയുടെ വരുമാനമുണ്ട് രാമന്. വീടിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിറയെ സസ്യങ്ങളുള്ള ഔഷധ ഉദ്യാനം ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താന്‍ ഇടമുണ്ടാക്കലാണു രാമന്റെ അടുത്ത ലക്ഷ്യം. അതോടൊപ്പംതന്നെ നശിച്ചുകൊണ്ടിരിക്കുന്ന ഔഷധച്ചെടികളായ കരിനെച്ചി, ബ്രഹ്മി, ആര്യവേപ്പ്, പനികൂര്‍ അടക്കമുള്ളവ ആവശ്യക്കാര്‍ക്കു സൗജന്യമായി നല്‍കിയും പഞ്ഞനങ്ങാട്ടില്‍ രാമന്‍ മാതൃകയാവുകയാണ്. ഭാര്യ സാവിത്രയും മക്കളായ രാജേഷ്, രാജീവ്, രതീഷ്, മരുക്കളായ സൗമ്യ, നിത്യ, ഷിബുന എന്നിവരും ഔഷധോദ്യാനത്തിന്റെ സംരക്ഷകരാണ്.

Sharing is caring!