ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ മാലിന്യ സംസ്‌കരണത്തിന് പദ്ധതി

ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ മാലിന്യ സംസ്‌കരണത്തിന് പദ്ധതി

മലപ്പുറം: ഹരിത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് ജനകീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് ജില്ലയില്‍ പദ്ധതിയൊരുങ്ങുന്നു. ഗ്രാമപഞ്ചായത്തുകള്‍ 1989 ലക്ഷം രൂപയും, 12 നഗരസഭകളിലായി 1334.7 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് 690 ലക്ഷം രൂപയും, ബ്ലോക്കുകള്‍ 459.3 ലക്ഷം രൂപയും 2017-18 വര്‍ഷത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.

അജൈവ മാലിന്യ പരിപാലനത്തിനാണ് ഇത്തവണ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ഇതിന്റെ ഭാഗമായി 39 എം.ആര്‍.എഫ്കള്‍ക്ക് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുക മാറ്റി വെച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളില്‍കൂടി എം.ആര്‍.എഫ് സ്ഥാപിക്കുവാന്‍ ഉടനടി നിര്‍ദ്ദേശം നല്‍കും. ഇതിന്റെ ഭാഗമായി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ‘പ്രോജക്ട് ക്ലിനിക്കുകള്‍’ ഈ മാസം വിളിച്ച് ചേര്‍ക്കും. 26 ക്രിമറ്റോറിയങ്ങള്‍ക്കും, 231 വിദ്യാലയങ്ങള്‍ക്കും, 68 പൊതു ശൗചാലയങ്ങള്‍ക്കും, 1 ആധുനിക അറവുശാലക്കും, അഴുക്ക് ജല പരിപാലനത്തിനും ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുണ്ട്. കൂടാതെ ജൈവ മാലിന്യ സംസ്‌കരണത്തിനായി വിവിധ തരം കമ്പോസ്റ്റിംഗ് യൂണിറ്റുകള്‍ക്കും ബയോഗ്യാസ് പ്ലാന്റുകള്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ തുക മാറ്റി വെച്ചിട്ടുണ്ട്.

അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും തുടര്‍ന്ന് പുന:ചംക്രമണം ചെയ്യുന്നതിനുമാണ് പൊതു സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇതിലേക്കായി പ്രദേശത്തെ പാഴ് വസ്തു വ്യാപാരികളുടെ സേവനവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തണം. പരിപാടിയുടെ തുടര്‍ച്ച ഉറപ്പ് വരുത്താന്‍ മാലിന്യ സംസ്‌കരണത്തിനായി ഒരു സംരഭക സംവിധാനം ആരംഭിക്കണം. ഇതിന്റെ നടത്തിപ്പിനായി പാഴ് വസ്തു വ്യപാരികള്‍, കുടുംബശ്രീ, മറ്റു സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും ഇതിലേക്കായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഖര മാലിന്യ പരിപാലന പദ്ധതി അടങ്കലിന്റെ 20 ശതമാനം (ഗ്രാമ പഞ്ചായത്തിന് പരമാവധി അഞ്ച് ലക്ഷം, നഗരസഭകള്‍ക്ക് പരമാവധി 10 ലക്ഷം) രൂപ നീക്കി വെക്കാം.

കൂടാതെ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക്, ക്യാരി ബാഗ് നിരോധിക്കാനായി നിയമം പാസാക്കുന്നതിനും അതോടൊപ്പം പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വില്‍പ്പന നടത്തുന്ന വ്യപാരികളില്‍ നിന്നും പ്രതിമാസം മിനിമം 4000/- രൂപ ഈടാക്കാനും കൂടാതെ പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കുന്നതിനായി തദ്ദേശ ഭരണ പരിധിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വരെയുള്ള പദ്ധതികളും പഞ്ചായത്തുകള്‍ക്ക് ജൂലൈ 20 നകം ജില്ലാ ശുചിത്വ മിഷന് സമര്‍പ്പിക്കാവുന്നതാണ് എന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Sharing is caring!