സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡ് കോഡൂരിലെ പ്രകാശ് പുത്തന്‍മഠത്തിലിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡ് കോഡൂരിലെ പ്രകാശ് പുത്തന്‍മഠത്തിലിന് സമര്‍പ്പിച്ചു

മലപ്പുറം:സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലയിലെ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനിലെ പ്രകാശ് പുത്തന്‍മഠത്തില്‍ ഏറ്റുവാങ്ങി. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറാണ് അവാര്‍ഡ് കൈമാറിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ. രാജന്‍, തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ എസ്. ജനാര്‍ദ്ദനന്‍, ജോയന്റ് ഡയറക്ടര്‍ എ.എ. പ്രസാദ്, പ്രിന്‍സിപല്‍ കൃഷി ഓഫീസര്‍ എം.ഡി. തിലകന്‍, ജെന്നി ജോസഫ്, അജിത വിജയന്‍, എം. മഹേഷ്, എസ്. ജിജാകുമാരി, അബ്ദുല്‍മജീദ് പെരുവാന്‍കുഴിയില്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമീണ കാര്‍ഷിക മേഖലയിലും പ്രത്യേകിച്ച്, പച്ചക്കറി കൃഷി രംഗത്തും പുത്തനുണര്‍വിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും അവാര്‍ഡിന് പരിഗണിച്ചത്. കോഡൂരിലെ കാര്‍ഷിക കര്‍മ്മസേനയുടെ മികച്ച രീതിയിലുള്ള സംഘാടനം, നാടന്‍ പച്ചക്കറി, പഴങ്ങള്‍ എന്നിവകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളുണ്ടാക്കുന്ന ‘കോഫ്രഷ്’ സംസ്‌ക്കരണ യൂണിറ്റ് എന്നിവയും പ്രവര്‍ത്തന മികവിന് സഹായകമായി. മലപ്പുറം ജില്ലയിലെ ഊരകം, കോട്ടക്കല്‍, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്നിവടങ്ങളിലായി 18 വര്‍ഷം കൃഷി ഓഫീസറായി സേവനം ചെയ്തു. നാല് വര്‍ഷമായി കോഡൂര്‍ പഞ്ചായത്ത് കൃഷിഭവനിലെ ഓഫീസറാണ്. മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ ചളിയിടവഴി സ്വദേശിയാണ് പ്രകാശ്. പരേതനായ പുത്തന്‍മഠത്തില്‍ വേലായുധന്റെയും പത്മാവതിയുടെയും മകന്‍. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ പ്രൊഫസര്‍ ഡോ. ശ്രീകലയാണ് ഭാര്യ. ഏകമകള്‍ നയന ഒന്നാം ക്ലാസില്‍ പഠിക്കുന്നു.

Sharing is caring!