എലിവേറ്റഡ് ഹൈവെയുടെ സാധ്യത പരിഗണിക്കണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍

എലിവേറ്റഡ് ഹൈവെയുടെ സാധ്യത പരിഗണിക്കണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: പതിനായിരങ്ങളെ കുടിയിറക്കി വിട്ടും കനത്ത പരിസ്ഥിതിനാശം സൃഷ്ടിച്ചും നടപ്പിലാക്കുന്ന 45 മീറ്റര്‍ ബി.ഒ.ടി. ചുങ്കപ്പാത പദ്ധതിക്ക് പകരം കേരളത്തിന് ഏറ്റവും അനുയോജ്യമായ എലിവേറ്റഡ് ഹൈവെ പദ്ധതിയുടെ സാധ്യത പരിഗണിക്കണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി.
45 മീറ്ററിന് വേണ്ടി ഇനിയും 3500 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. ശരാശരി 8 ലക്ഷം രൂപ സെന്റിന് കണക്കാക്കിയാല്‍ പോലും ഇരുപത്തെട്ടായിരം കോടി രൂപ ഭൂമി വിലയായി നല്‍കണം. പൊളിക്കേണ്ടി വരുന്ന അറുപതിനായിരം കെട്ടിടങ്ങള്‍ക്ക് ചുരുങ്ങിയത് പന്ത്രണ്ടായിരം കോടി രൂപ നഷ്ടപരിഹാരം നല്‍കണം.പുനരധിവാസത്തിന് പതിനായിരം കോടിയും ചേര്‍ത്താല്‍ അമ്പതിനായിരം കോടി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണ്ടെത്തണം.. 700 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് കിലോമീറ്ററിന് 40 കോടി നിരക്കില്‍ ബി.ഒ.ടി.കമ്പനികള്‍ക്ക് 28000 കോടി രൂപ നല്‍കണം.ഇങ്ങനെ ഒരു ലക്ഷം കോടിയിലെത്തുന്ന ചുങ്കപ്പാത വികസനം കേരളത്തിന് ഒട്ടും ഗുണകരമാവില്ലെന്നും കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍ എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.പ്രദിപ് മേനോന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
26 ടോള്‍ ബൂത്തുകള്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ സംസ്ഥാനം, ടോള്‍ വിരുദ്ധ സമരങ്ങളുടെ വേദിയായി മാറും.എന്നാല്‍ ഇതിലും കുറഞ്ഞ ചെലവില്‍ എലിവേറ്റഡ് ഹൈവെ 700 കിലോമീറ്ററില്‍ പണിയാന്‍ സാധിക്കും.നിലവിലുള്ള ദേശീയ പാത ടോളില്ലാ പാതയായി നിലനിര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാവും.പുതുതായി വരുന്ന മേല്‍പ്പാതയില്‍ ചുങ്കം ഏര്‍പ്പെടുത്തിയാല്‍ ജനം എതിര്‍ക്കുകയുമില്ല.
ബി.ഒ.ടി.മാഫിയയുടെ മാത്രം താല്‍പര്യം സംരക്ഷിക്കുന്ന ചുങ്കപ്പാത പദ്ധതി ഉപേക്ഷിച്ച് ജനങ്ങളെ കുടിയിറക്കിവിടാത്ത എലിവേറ്റഡ് ഹൈവെ പദ്ധതി പരിഗണിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണ ഭാരവാഹികള്‍ പറഞ്ഞു.

Sharing is caring!