കാതുക് നശീകരണത്തിന് ജില്ലയിലുള്ളത് 17ജീവനക്കാര്‍

കാതുക് നശീകരണത്തിന് ജില്ലയിലുള്ളത് 17ജീവനക്കാര്‍

മലപ്പുറം: പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള കൊതുകു ജന്യരോഗങ്ങള്‍ വ്യാപിക്കുമ്പോഴും ജില്ലയില്‍ കൊതുക് നശീകരണ പ്രവര്‍ത്തനത്തിനുള്ളത് 17 ജീവനക്കാര്‍ മാത്രം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പിന് മടി. കൊതുകു നശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ ബയോളജിസ്റ്റിന്റെ തസ്തിക മൂന്ന് വര്‍ഷമായി ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിന് പുറമെ ജില്ലയിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ ഫോഗിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ല.

കഴിഞ്ഞ സര്‍ക്കാര്‍ താല്‍ക്കാലികമായി നിയമിച്ചിരുന്ന 20ഓളം ഫീല്‍ഡ് ജീവനക്കാരെ ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ഒഴിവാക്കുകയും ചെയ്തു. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുകയും ഈഡിസ് കൊതുകുകളുടെ സാന്ദ്രത 30ന് മുകളിലെത്തിയിട്ടും കൂടുതല്‍ ആളുകളെ നിയമിക്കാനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജില്ലയില്‍ ഒമ്പതോളം ഡെങ്കി ഹോട്ട് സ്പോട്ടുകള്‍ ഉണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് കുട്ടികളടക്കം 16ഓളം പേരാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ മരണപ്പെട്ടത്. മതിയായ ജീവനക്കാരില്ലാത്തത് മൂലം കൊതുകു നശീകരണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാവാത്തതാണ് ഡെങ്കിപ്പനി അനിയന്ത്രിതമായി തുടരുന്നതിന് ഇടയാക്കുന്നത്.

ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ആനുപാതികമായി ആരോഗ്യവകുപ്പില്‍ ജീവനക്കാരില്ല. ജനസംഖ്യ ഏറ്റവും കുറവുള്ള ആലപ്പുഴ ജില്ലയില്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ 57ഫീല്‍ഡ് വര്‍ക്കര്‍മാരുണ്ട്. ഇവിടെയുള്ള മൊത്തം ജനസംഖ്യയുടെ ഇരട്ടിയിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് 20ഫീല്‍ഡ് വര്‍ക്കര്‍മാരുടെ തസ്തിക മാത്രമാണുള്ളത്. ഇതില്‍ തന്നെ 17 പേര്‍ മാത്രമാണ് ഇപ്പോള്‍ ഡി.വി.സി യൂണിറ്റിലുള്ളത്. തിരുവനന്തപുരത്ത് 63, കണ്ണൂര്‍ 45, എറണാകുളം 42, കോഴിക്കോട് 39 ഉം ഫീല്‍ഡ് ജീവനക്കാര്‍ ഡി.വി.സി യൂണിറ്റിലുണ്ട്. ജില്ലയില്‍ നിലവിലുള്ള ലാസ്റ്റ്ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ലിസ്റ്റിലുള്ളവരെ ഫീല്‍ഡ് വര്‍ക്കര്‍മാരായി നിയമിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പനിമരണങ്ങള്‍ അധികരിക്കുമ്പോഴും ആരോഗ്യവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇത് മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

മലമ്പനി പടര്‍ത്തുന്ന അനോഫലിസ് കൊതുകുകളുടെ സാന്നിധ്യം ജില്ലയിലെ നഗര പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ രോഗം ബാധിച്ച് ഉത്തരേന്ത്യയില്‍ നിന്ന് ജോലി തേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് തലങ്ങളിലുള്ള മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കുന്ന ചുമതലയുമാണ് ജില്ലാ മലേറിയ ഓഫീസര്‍ക്കുള്ളത്. ഇതിന് പുറമെയാണ് ഇദ്ദേഹത്തിനു ജില്ലാ ബയോളജിസ്റ്റിന്റെ ചുമതല കൂടി നല്‍കിയിരിക്കുന്നത്. ദിനംപ്രതി മൂവായിരത്തോളം പേരാണ് വയറല്‍പനിയുമായി ചികിത്സ തേടുന്നത്. രണ്ടായിരത്തിലധികം ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനസംഖ്യാനുപാതികമായി ജീവനക്കാരെ നിയമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Sharing is caring!