ജുനൈദിന്റെ സഹോദരന്‍ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു

ജുനൈദിന്റെ സഹോദരന്‍ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു

മലപ്പുറം : തീവണ്ടിയാത്രയ്ക്കിടെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമും ബന്ധും മുഹമ്മദ് അസറുദ്ദീന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദലിതുകള്‍ക്കെതിരെയും നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ മുസ് ലിം ലീഗ് നടത്തുന്ന ദേശീയ ക്യാംപയ്ന്‍ ഉദ്ഘാടന പരിപാടിക്കെത്തിയതായിരുന്നു ഇവര്‍. പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ നേതൃത്വത്തില്‍ ഹിഷാമിനെയും അസറുദ്ദീനെയും സ്വീകരിച്ചു.

രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള അക്രമമാണ് ജുനൈദിനെതിരെ നടന്നത്. ജുനൈദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും നിയമ സഹായവും മുസ്‌ലിം ലീഗ് നല്‍കും. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വംശീയ അക്രമങ്ങള്‍ക്കെതിരെ രാജ്യത്തെ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പ്രതിപക്ഷ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് മുന്‍കൈയ്യെടുക്കും. ഇക്കാര്യത്തില്‍ മതേതര പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജുനൈദിനെതിരെ നടന്നത് ആസൂത്രിത അക്രമമാണെന്ന് ജുനൈദിന്റെ ബന്ധു മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു.ജുനൈദ് കൊല്ലപ്പെട്ടതിന് ശേഷവും രാജ്യത്ത് ഇത്തരം ആക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. അക്രമങ്ങളെ ഒന്നിച്ചെതിര്‍ക്കണം. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജുനൈദിനെ കുറിച്ചുള്ള ഓര്‍മകല്‍ പങ്കുവച്ചപ്പോള്‍ സഹോദരന്‍ ഹാഷിം വിങ്ങിപ്പൊട്ടി.

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, പി.എ ജബ്ബാര്‍ ഹാജി എന്നിവരും കൂടെയുണ്ടായിരുന്നു.

Sharing is caring!