പത്രസ്ഥാപനങ്ങള്‍ക്കെതിരെ മലപ്പുറത്തെ പത്ര ഏജന്റുമാര്‍

പത്രസ്ഥാപനങ്ങള്‍ക്കെതിരെ മലപ്പുറത്തെ പത്ര ഏജന്റുമാര്‍

പെരുന്നാള്‍ ലീവ് അവതാളത്തിലാക്കുന്ന പത്ര സ്ഥാപനങ്ങള്‍ക്കെതിരെ മലപ്പുറത്തെ പത്ര ഏജന്റുമാര്‍ രംഗത്ത്. ഒരു വിഭാഗം പത്രങ്ങള്‍ പെരുന്നാള്‍ ദിനത്തിലും മറ്റൊരു വിഭാഗം പെരുന്നാളിനു തലേദിവസവുമാണു പത്രങ്ങള്‍ക്കു അവധി നല്‍കുന്നത്. ഇതു ഏജന്റുമാരെ സംബന്ധിച്ചു ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കൂട്ടര്‍ പരാതിപ്പെടുന്നു. ഏജന്റുമാര്‍ക്കെല്ലാം വിവിധ പത്രങ്ങളുടെ ഏജന്റ്‌സികള്‍ ഉള്ളതിനാല്‍ തങ്ങള്‍ക്കു പെരുന്നാളിന് ഒരു ദിവസംപോലും അവധി ലഭിക്കാത്ത അവസ്ഥയാണ്. അതോടൊപ്പം തന്നെ പത്രം വിതരണം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പെരുന്നാള്‍ അവധി സമയങ്ങളില്‍ പത്ര വിതരണത്തിനു എത്താറില്ല. ഈസമയത്തും ഏജന്റുമാര്‍ നേരിട്ട് പത്രങ്ങള്‍ വീടുകളിലെത്തിക്കേണ്ട സ്ഥിതിയാണ്.
ഇതിനാല്‍ പെരുന്നാള്‍ അവധി നല്‍കുന്നതു എല്ലാ പത്രങ്ങളും ഒരേദിവസം ആക്കിമാറ്റണമെന്നാണു ഏജന്റുമാരുടെ ആവശ്യം. പെരുന്നാളിന്റെ തലേദിവസം ലീവ് കൊടുക്കുന്ന മനോരമ, മാതൃഭൂമി പത്രങ്ങള്‍ അടക്കമുള്ള മറ്റു പത്രങ്ങള്‍ അവധി നല്‍കുന്ന പെരുന്നാള്‍ ദിവസം അവധി പ്രഖ്യാപിക്കണമെന്നും ഏജന്റുമാര്‍ ആവശ്യപ്പെടുന്നു.
ഇനിയും ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ പത്രവിതരണ ബഹിഷ്‌ക്കരണം അടക്കം ഉയര്‍ത്തിക്കാട്ടിയാണു പത്രഏജന്റുമാരുടെ സംഘടന രംഗത്തുള്ളത്. ഇതു സംബന്ധിച്ചു പത്ര സ്ഥാപന മേധാവികള്‍ക്കു ഒരു തുറന്ന കത്തും, ഏജന്റുമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വോയ്‌സ് ക്ലിപ്പുകളും വാട്‌സ് ആപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.
പത്രഏജന്റ്‌സി അസോസിയേഷന്റെ ജില്ലാഭാരവാഹികൂടിയായ സി.പി അബ്ദുല്‍ വഹാബാണു
പെരുന്നാള്‍ ലീവ് അവതാളത്തിലാക്കുന്ന പത്ര സ്ഥാപനങ്ങളുടെ സര്‍ക്കുലേഷന്‍ മേധാവികള്‍ക്കുള്ള ഒരു തുറന്ന കത്ത് എഴുതിയത്.
കത്തിന്റെ പൂര്‍ണ രൂപം താഴെ:
പെരുന്നാള്‍ ലീവ് അവതാളത്തിലാക്കുന്ന പത്ര സ്ഥാപനങ്ങളുടെ സര്‍ക്കുലേഷന്‍ മേധാവികള്‍ക്കുള്ള ഒരു തുറന്ന കത്ത്.. ( യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ / ഫീല്‍ഡ് സ്റ്റാഫ് മുഖേന)………………….സര്‍, ഞാന്‍ ഒരു മുസ്ലിം പത്ര എജന്റാണ് … മലയാള മനോരമ ,മാത്രഭൂമി ,ഉള്‍പ്പെടെ നിലവിലുള്ള എല്ലാ പത്രങ്ങളുടെയും എജന്‍സി എനിക്കുണ്ട്. വര്‍ഷത്തില്‍ പത്ര കമ്പനികള്‍ അനുവതിക്കുന്ന എട്ട് ലീവ് ദിവസങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്കുള്ള ലീവെന്നത് അങ്ങയ്ക്ക് അറിയാവുന്നതാണല്ലോ. ഈ ലീവില്‍ മുസ്ലിം ആഘോഷ ദിവസമായ രണ്ട് പെരുന്നാളുകള്‍ക്കും ലീവ് തരുന്ന പതിവ് താങ്കളുടെ കമ്പനിക്ക് ഉണ്ടായിരുന്നില്ലല്ലോ. മലബാറില്‍ വിശേഷിച്ച് മലപ്പുറം ജില്ലയില്‍ ഞാനുള്‍പ്പടെ ആയിരകണക്കിന്ന് വരുന്ന മുസ്ലിം എജന്റുമാരും ഇതേ പ്രദേശങ്ങളിലെ സഹോദര സമുദായത്തില്‍ പ്പെടുന്ന എജന്‍സി സുഹൃത്തുക്കളുടെ അസംഖ്യം മുസ്ലിംങ്ങളായ വിതരണക്കാരും ഇക്കാരണത്താല്‍ വലിയ പ്രയാസത്തിലായിരുന്നു.എല്ലാവരും കുടുംബസമേതം പെരുന്നാള്‍ ആഘോഷിക്കുംമ്പോഴും പുലര്‍ച്ചെ മൂന്ന് / നാല് മണിക്ക് വന്ന് പത്രം വിതരണം നടത്തേണ്ട ദുരവസ്ഥ. പ്രത്യേകിച്ച് പെരുന്നാള്‍ പിറ്റേന്ന് എന്‍പത് ശതമാനവും മുസ്ലിംങ്ങളായ വിതരണക്കാര്‍ വിതരണത്തിന്ന് വരില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ട കുടുംബാംഗങ്ങളായ വിതരണക്കാരായ ഈ മക്കള്‍ കുടുംബത്തോടൊപ്പം ബന്ധുവീടുകളിലേക്ക് വിരുന്ന് പോവുന്നത് പെരുന്നാള്‍ ദിനത്തില്‍ പള്ളി പിരിഞ് ഭക്ഷണം കഴിഞ്ഞ ശേഷമാണ്.
ഇക്കാരണത്താല്‍ ഏജന്റുമാരായ ഞങ്ങള്‍ക്ക് സാധരണയിലും നേരത്തെ ജോലിക്കെത്തീട്ടും പതിവിലും വൈകീട്ടും ജോലി തീര്‍ക്കാന്‍ കഴിയാതെ പ്രയാസപ്പെടാറാണ് .
കാലങ്ങളായി ഞങ്ങള്‍ എജന്റുമാര്‍ അനുഭവിക്കുന്ന ഈ കൊടിയ പ്രയാസത്തിന് പരിഹാരം ഉണ്ടാവണമെന്ന് നിരന്തരമായി ജില്ലയിലെ എജന്റുമാര്‍ കൂട്ടായും ഞങ്ങള്‍ മുസ്ലിംങ്ങളായ എജന്റുമാര്‍ ഒറ്റക്കും നിരന്തരം ആവശ്യപ്പെട്ട് വരുന്നു.ഇതേ തുടര്‍ന്നാണ് നിങ്ങള്‍ ചെറിയ പെരുന്നാള്‍ ലീവ് അനുവതിക്കാന്‍ തുടങ്ങിയത് … സര്‍ ,ന്യായമായും ചോദിക്കട്ടെ ,ഓണം,വിഷു, ക്രിസ്മസ്, മഹാനവമി, ഈസ്റ്റര്‍, ദുഃഖവെള്ളി തുടങ്ങി സഹോദര സമുദായങ്ങളുടെ ആഘോഷങ്ങളെ പോലെ തന്നെയല്ലെ മുസ്ലിംങ്ങളുടെ വര്‍ഷത്തിലെ രണ്ട് ആഘോഷമായ പെരുന്നാളുകള്‍. ഇന്നാട്ടില്‍ നിങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ മാനേജ്‌മെന്റിലുള്ള പത്രസ്ഥാപനങ്ങള്‍ നിങ്ങള്‍ക്കുള്ള അവധി ദിനങ്ങളില്‍ ( മതപരമായി ആസ്ഥാപനത്തെ ഒരു നിലക്കും ബാധിക്കാത്തവ ആയിട്ടും എജന്റുമാരുടെയും വിതരണക്കാരുടെയും പ്രയാസമോര്‍ത്ത് ലീവ് അനുവതിക്കുന്നു. എന്നാല്‍ താങ്കളുടെ പത്രം ഇക്കാര്യത്തില്‍ ഞങ്ങള്‍ മുസ്ലിംങ്ങളായ എജന്റുമാരുടെ വികാരം തെല്ലും മാനിക്കുന്നില്ല .എറെ നാളത്തെ മുറവിളിക്ക് ശേഷം നിങ്ങള്‍ ചെറിയ പെരുന്നാള്‍ക്ക് നല്‍കിയ ലീവ് ദിനം ക്രമീകരിച്ചത് പോലും ഞങ്ങളോട് നീതി കാണിച്ചില്ല.ചന്ദ്രമാസ പിറവി കണ്ടതിന് ശേഷം മാത്രം തീരുമാനിക്കുന്ന പെരുന്നാള്‍ ദിന ലീവ് കലണ്ടറിലെ പെരുന്നാള്‍ തിയ്യതി നോക്കി മുന്‍കൂട്ടി തീരുമാനിക്കുന്ന നടപടി എത്രമാത്രമാണ് പ്രയാസം ഉണ്ടാക്കുന്നത് .കേരള മുസ്ലിംങ്ങള്‍ക്ക് 2017 ലെ ചെറിയ പെരുന്നാള്‍ 26 തിങ്കളാഴ്ചയാണ് എന്നാല്‍ നിങ്ങള്‍ പ്രസ്സിനും ഓഫീസ്സിനും അവധി പ്രഖ്യാപിച്ചത് 25 ഞായര്‍ .ന്യൂനപക്ഷ മാനേജ്‌മെന്റ് പത്രങ്ങളെല്ലാം 26 ന് പെരുന്നാള്‍ ദിനത്തില്‍ .ഇത് കാരണം ഞങ്ങള്‍ എജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ട് നിങ്ങള്‍ പരിഗണിച്ചതേയില്ല. തിങ്കള്‍ മനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം പത്രങ്ങള്‍ ലീവ്. അന്ന് മുസ്ലിം മാനേജ്‌മെന്റ് പത്രങ്ങളായ മാധ്യമം, ചന്ദ്രിക, സുപ്രഭാതം, സിറാജ്, തേജസ് എന്നിവ പുറത്തിറങ്ങും. പെരുന്നാള്‍ പിറ്റേന്ന് ഈ പത്രങ്ങള്‍ ലീവ്. അന്ന് നിങ്ങളുടെ പത്രം പുറത്തിറക്കും. ഞങ്ങള്‍ എജന്റുമാര്‍ക്ക് ഈ ലീവ് കൊണ്ട് എന്തുണ്ട് പ്രയോജനം .നിങ്ങള്‍ ആലോചിക്കുക…. മലപ്പുറം ജില്ലയിലെ താങ്കളുടെ പത്ര എജന്റുമാരുടെ സമുദായം തിരിച്ചുള്ള കണക്ക് താങ്കള്‍ക്കറിയുമല്ലോ
മഹാഭൂരിപക്ഷവും മുസ്ലിംങ്ങളെല്ലെ. മുസ്ലിംങ്ങളല്ലാത്ത എജന്റുമാരുടെ എന്‍പത് ശതമാനം വിതരണക്കാരും മുസ്ലിം കുട്ടികള്‍ .ഈ സത്യം താങ്കള്‍ക്ക് ബോധ്യപ്പെട്ടിട്ടും ഈ നീതികേട് തുടരുന്നത് എന്തിനാണ് ….
പ്ലീസ് ,പെരുന്നാള്‍ ആലഘാഷിക്കാന്‍ മതപരമായി ബാധ്യതപ്പെട്ട ഞങ്ങള്‍ക്ക് ഈ അവസരം താങ്കളുടെ പത്രസ്ഥാനം ഉണ്ടാക്കി തരണം.നിലവിലുള്ള ലീവ് പുനക്രമീകരിക്കണം. മുസ്ലിം എജന്റുമാര്‍ക്ക് ഇത് വളരെ അത്യാവശ്യമാണ്. വിതരണക്കാര്‍ വരാതെ ഞങ്ങള്‍ പത്രം എന്ത് ചെയ്യും സര്‍, കലണ്ടറിലെ പെരുന്നാള്‍ അവധിക്ക് ഒരു ലീവും വിതരണക്കാരന്റെ പെരുന്നാള്‍ അവധിയും ചേര്‍ത്ത് തുടര്‍ച്ചയായി രണ്ട് ദിവസം പത്രം വരിക്കാരന് ലഭ്യമാവാത്ത സാഹചര്യമല്ലെ ഇത് കൊണ്ട് ഉണ്ടായി തീരുന്നത്… പ്ലീസ്
നിങ്ങള്‍ നിങ്ങളുടെ അവധി നിര്‍ണ്ണയം പുനക്രമീകരിക്കണം.. ക്രിസ്മസ്, ഓണം, വിഷു ,ഇവയുടെ കൂട്ടത്തില്‍ എന്റെ സമുദായത്തിന്റെ രണ്ട് പെരുന്നാളുകള്‍ കൂടി ചേര്‍ക്കണം .ഇത് ഞാനുള്‍പ്പടെ മുസ്ലിംങ്ങളും അല്ലാത്തവരുമായ മതേതര വിശ്വാസികളായ എജന്റുമാരുടെ അഭ്യാത്ഥനയാണ്…
സര്‍ ,,
എന്ന് സി.പി അബ്ദുല്‍ വഹാബ്
എജന്റ് 24/6/17

Sharing is caring!