ഹയര്‍സെക്കന്‍ഡറി സീറ്റ്; ലീഗ് എംഎല്‍എ മാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം

ഹയര്‍സെക്കന്‍ഡറി സീറ്റ്; ലീഗ് എംഎല്‍എ മാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം

 

മലപ്പുറം : ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലാണ് എം.എല്‍.എ മാര്‍ മുഖ്യമന്ത്രിയെ കണ്ടത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഉപരിപഠന മേഖലയില്‍ ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ മാര്‍ക്കെതിരെ ട്രോളുകളും കമന്റുകളും പ്രചരിക്കുന്നത്. അതേ സമയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചിരുന്നെന്നും ഇത് അപര്യാപ്തമായതിനാലാണ് വീണ്ടും നിവേദനം നല്‍കിയതെന്നുമാണ് ലീഗ് അണികള്‍ പറയുന്നത്.

 

എം.എല്‍.എ മാരായ പി. ഉബൈദുള്ള, എ.പി അനില്‍കുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എം.ഉമ്മര്‍, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ് എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തുക, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സീറ്റുകളും ബാച്ചുകളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Sharing is caring!