മുസ്ലിം ലീഗ് പ്രതിനിധി സംഘം ജുനൈദ് ഖാന്റെ ഭവനം സന്ദര്‍ശിക്കും

മുസ്ലിം ലീഗ് പ്രതിനിധി സംഘം ജുനൈദ് ഖാന്റെ ഭവനം സന്ദര്‍ശിക്കും

മലപ്പുറം: ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ച് ട്രെയിന്‍ യാത്രയ്ക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദ് ഖാന്റെ ഭവനം മുസ്ലിം ലീഗ് പ്രതിനിധി സംഘം വെള്ളിയാഴ്ച സന്ദര്‍ശിക്കും.  മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ സംഘത്തിന് നേതൃത്വം നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു.  ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, ദേശീയ സെക്രട്ടറി ഖുറം അനീസ്, യൂത്ത് ലീഗ് നേതാക്കളായ സാബിര്‍ എസ് ഗഫാര്‍, സി കെ സുബൈര്‍, ആസിഫ് അന്‍സാരി, അഡ്വ വി കെ ഫൈസല്‍ ബാബു, എം എസ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി എന്നിവര്‍ സംഘത്തിലുണ്ടാകും.

ജനാധിപത്യത്തിനും, മതേതരത്വത്തിനും പേരുകേട്ട രാജ്യത്ത് ഇന്ന് നടക്കുന്ന സംഭവികാസങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്.  ന്യൂനപക്ഷ-ദളിത് പീഡനത്തിനെതിരെ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ കെ എം ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അറിയിച്ചു.

ക്യാംപെയിനിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജൂലൈ 2ന് കോഴിക്കോട് ഉദ്ഘാടനം ചെയ്യും.  ക്യാംപെയിനിന്റെ സമാപനം ജൂലൈ 18ന് പാര്‍ലമെന്റ് മാര്‍ച്ചോടെ സമാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Sharing is caring!