ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; പ്രതിരോധം തീര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം : രാജ്യത്ത് ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വ്യാപകമായി അക്രമിക്കുന്നതിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക്  മുസ്ലിം ലീഗ് മുന്‍കൈയ്യെടുക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബീഫിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതങ്ങളും അക്രമങ്ങളും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണ് .  മനുഷ്യ ജീവന്  യാതൊരു വിലയുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അടുത്ത യു.പി.എ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വംശീയ അതിക്രമങ്ങളെ ലഘൂകരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഹരിയാനയില്‍ ജുനൈദ് ഖാനെന്ന 16 കാരനെ തല്ലിക്കൊന്ന സംഭവം ട്രെയിനിലെ സീറ്റിന്റെ പേരിലുള്ള തര്‍ക്കമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. ജുനൈദ് ഖാന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. നിയമം പോരാട്ടം നടത്തുന്നതിന് ആവശ്യമെങ്കില്‍ മുസ്ലിം ലീഗ് സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തെ എന്‍.ഡി.എ ഭരണം രാജ്യത്തിന്റെ വികസനം പിന്നോട്ടടിപ്പിച്ചിരിക്കുകയാണ്. സാമ്പത്തികമായി രാജ്യം അപകടത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. കര്‍ഷക പ്രശ്നങ്ങള്‍ ഗുരുതരമായികൊണ്ടിരിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക നില കുത്തനെ താഴ്ന്നെന്ന് ബി.ജെ.പി വരെ ഇപ്പോള്‍ സമ്മതിക്കുന്നു. തൊഴിലവസരവും കയറ്റുമതിയുമെല്ലാം കുത്തനെ താഴ്ന്നു. ഈ സമയത്താണ് രാജ്യത്തിനാകെ അപമാനകരമായ കൊലപാതകങ്ങളും അതിക്രമങ്ങളും അരങ്ങേറുന്നത്. ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരും സാമ്പത്തിക വളര്‍ച്ചക്ക് തടസ്സവുമാണ്. യു.പി.എ സര്‍ക്കാര്‍ യശസ്സിലേക്കുയര്‍ത്തിയ ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ അപകടത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!