മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ഒരുലക്ഷം കന്നിവോട്ടര്‍മാര്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്  ഒരുലക്ഷം കന്നിവോട്ടര്‍മാര്‍

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുന്നത് 1,14,975 പുതിയ വോട്ടര്‍മാര്‍. ന്യൂജനറേഷനില്‍പ്പെട്ട ഈ യുവ വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കുമെന്ന ചര്‍ച്ചയാണിപ്പോള്‍ രാഷ്ട്രീയമണ്ഡലങ്ങളില്‍ സജീവമായിരിക്കുന്നത്. ഇരുമുന്നണികളും ബിജെപിയും ഒരുപോലെ ഈ വോട്ടുകള്‍ തങ്ങളെ തുണയ്ക്കുമെന്നാണ് അവകാശപ്പെടുന്നത്. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ളത് മങ്കട മണ്ഡലത്തിലാണ്. 18,127. രണ്ടാംസ്ഥാനമാവട്ടെ കൊണ്ടോട്ടിക്കും. 18,126. മൂന്നാമത് പെരിന്തല്‍മണ്ണയാണ്. 16,643. മലപ്പുറത്ത് 16360ഉം വള്ളിക്കുന്നില്‍ 15966, വേങ്ങരയില്‍ 14731 പുതിയ വോട്ടര്‍മാരുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മങ്കടയും മൂന്നാംസ്ഥാനത്തുവരുന്ന പെരിന്തല്‍മണ്ണയും ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍നിന്ന് പരമാവധി പുതിയ വോട്ടുകള്‍ സമാഹരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ യുവജന വിഭാഗത്തിന്റെ പ്രതിനിധിയായതിനാല്‍ പുതിയ വോട്ടര്‍മാര്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് ഇടതുപക്ഷ വൃത്തങ്ങള്‍ പറയുന്നത്. ‘ പുതിയ വോട്ടര്‍മാരില്‍ ഏറിയ പക്ഷവും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ന്യൂജനറേഷനില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക് വലിയ പിന്തുണയാണുള്ളത്. സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ തേജസിനോടു പറഞ്ഞു.
മുസ്‌ലിംലീഗും പുതിയ വോട്ടര്‍മാര്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുമെന്നാണ് പറയുന്നത്. മലപ്പുറം മണ്ഡലത്തിലെ യുവാക്കളില്‍ ലീഗിനുള്ള സ്വാധീനം വളരെ വലുതാണ.് പുതിയതായി വോട്ടര്‍പ്പട്ടികയില്‍ വന്നവരും ഈ പാരമ്പര്യമുള്ളവര്‍ തന്നെയാണ്. അതിനാല്‍ തന്നെ ഭയപ്പെടാനൊന്നുമില്ലെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. വോട്ടര്‍പ്പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതില്‍ ലീഗും കോണ്‍ഗ്രസും വ്യാപകമായി രംഗത്തുവരികയും സ്വന്തം വോട്ടുകളെല്ലാം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ കന്നി വോട്ടര്‍മാര്‍ കോണി ചിഹ്നത്തില്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് ഐക്യജനാധിപത്യ മുന്നണി വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ കാലങ്ങളിലും ഈ മണ്ഡലത്തിലെ പുതിയ വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗം യുഡിഎഫിനെയാണ് പിന്തുണച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഇ അഹമ്മദിന്റെ ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ കാരണവും അതുതന്നെയാണ്. കഴിഞ്ഞ തവണ 71.26 ശതമാനമായിരുന്നു ആകെ പോളിങ്. എന്നിട്ടും അഹമ്മദ് സാഹിബിന് 94,739 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുകയുണ്ടായി. ഇത്തവണ ഇത് രണ്ടുമുതല്‍ രണ്ടരലക്ഷം വരെയാവുമെന്നാണ് അവകാശവാദം. പുതിയ വോട്ടര്‍മാരില്‍ 75 ശതമാനവും യുഡിഎഫിനൊപ്പമായിരിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് തേജസിനോടു പറഞ്ഞു. നരേന്ദ്രമോഡിയുടെ പുതിയ പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വവും യുവാക്കളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ പുതിയ വോട്ടര്‍മാര്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
പുതിയ വോട്ടര്‍മാരില്‍ 58586 പേര്‍ പുരുഷന്‍മാരും 56380 വോട്ടര്‍മാര്‍ സ്ത്രീകളുമാണ്. ആകെ വോട്ടര്‍മാരുടെ എണ്ണം 13,12,693. 2014ലെ തിരഞ്ഞെടുപ്പില്‍ ഇത് 11,97,718 ആയിരുന്നു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പരിപാടികളുമായി ഇരുമുന്നണികളും മുന്നേറുകയാണ്.

Sharing is caring!