മലപ്പുറം സ്‌ഫോടനത്തിന് ശേഷം പാലക്കാടും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു
മലപ്പുറം: മലപ്പുറം കലക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനക്കേസിലെ പ്രതികള്‍ പിടിയിലാകുന്നതു പാലക്കാടും സ്്‌ഫോടനം നടത്താന്‍ ആലോചിക്കുന്നതിനിടയില്‍. പോലീസ് പിടിയിലായ പ്രതിയെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയ്ക്കു 12.30 ഓടെയാണു കേസന്വേഷിക്കുന്ന മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: കെ ബാലന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്‌ഫോടനം നടന്ന കലക്രേ്ടറ്റ് വളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആന്റിനക്‌സല്‍ സ്‌ക്വാഡിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷയിലാണു പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്. കലക്‌ട്രേറ്റില്‍ സ്‌ഫോടനം നടത്തിയത് കേസിലെ രണ്ടാം പ്രതിയായ തമിഴ്‌നാട് വിശ്വനാഥ നഗര്‍ ഷംസുണ്‍ കരീം രാജ (23)യാണെന്നു പോലിസ് പറഞ്ഞു. ഇയാളെയാണു തെളിവെടുപ്പ് കൊണ്ടുവന്നത്. കേസിലെ മറ്റൊരു പ്രതി ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) നെ അന്വേഷണ സംഘം കൊണ്ടുവന്നിരുന്നെങ്കിലും പ്രതിക്ക് സംഭവസ്ഥലവുമായിട്ട് നേരിട്ട് ബന്ധമില്ലാത്തതിനാല്‍ പുറത്തിറക്കിയില്ല. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. തമിഴ്‌നാട് മധുര ഇസ്മയില്‍ പുരം കെ പുത്തൂര്‍ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് 27), ഷംസൂണ്‍ കരീം രാജ(23), സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ പള്ളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റില്‍ നെല്‍പെട്ട ദാവൂദ് സുലൈമാന്‍ കോയ (23), തയിര്‍ മാര്‍ക്കറ്റ് ഷംസുദ്ദീന്‍ (26), ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) എന്നിവരാണു കേസിലെ പ്രതികള്‍. അബ്ബാസ് അലിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. ഇയാലെ കേസിലെ ഒന്നാം പ്രതി. എന്നാല്‍ ബോംബ് സ്ഥാപിക്കുന്നതടക്കം മലപ്പുറത്തെ സ്‌ഫോടനത്തിന്റെ മുഴുവന്‍ ചുമതലകളും കരീം രാജിനായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ച് കേസിലെ ഈ അഞ്ച് പ്രതികള്‍ ചേര്‍ന്നാണു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് പറയുന്നത്. 2016 നവംബര്‍ ഒന്നിനാണ് മലപ്പുറം കലക്‌ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തിന്റെ 10 ദിവസം മുന്‍പ് കരീംരാജ മലപ്പുറം കലക്‌ട്രേറ്റ് വളപ്പിലെത്തി സ്‌ഫോടനവസ്തു സ്ഥാപിക്കേണ്ട സ്ഥലവും കലക്‌ട്രേറ്റ് വളപ്പും വീഡിയോ എടുക്കുകയും ഇത് മധുരയിലെത്തി ഈ അഞ്ചംഗ സംഘം കണ്ട ശേഷമാണ് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നത്. തുടര്‍ന്ന് ഒകേ്ടാബര്‍ 31ന് മധുരയില്‍ നിന്ന് കരീംരാജ തനിയെ സ്‌ഫോടക വസ്തുവുമായി പാലക്കാട് വഴി കോഴിക്കോട് ബസില്‍ കയറിയാണു പ്രതി മലപ്പുറത്തെത്തിയത്. ഒന്നിനു രാവിലെ 11 മണിയോടെ മലപ്പുറം കുന്നുമ്മല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലിറങ്ങിയ കരീംരാജ കുന്നുമ്മല്‍ കംഫര്‍ട്ട് സേ്റ്റഷനില്‍ കയറി മൂത്രമൊഴിച്ച ശേഷം ഓട്ടോയില്‍ കയറിയാണ് സ്‌ഫോടനത്തിനു തിരഞ്ഞെടുത്ത കോടതി വളപ്പിലെത്തുന്നത്. തുടര്‍ന്നു കലക്രേ്ടറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഹോമിയോപതി വകുപ്പിന്റെ കാറിനു താഴെ പ്രതി സ്‌ഫോടക വസ്ഥു സ്ഥാപിക്കുകയായിരുന്നുവെന്ന് അന്വേഷം സംഘം പറയുന്നു. ഒരു മണിയോടെയാണു സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടന ശേഷം പ്രതി കോടതി വളപ്പില്‍ നിന്നു തന്നെ ഓട്ടോയില്‍ കയറി കുന്നുമ്മലിലെത്തി മധുരയിലേക്ക് തിരിച്ചുവെന്നാണു പോലിസ് പറയുന്നത്. കുന്നുമ്മല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരവും കോടതി വളപ്പിലും പ്രതിയെ തെളിവെടുപ്പ് നടത്തി. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. തുടര്‍ന്ന് അന്വേഷണ സംഘം പ്രതി മുഹമ്മദ് അയ്യൂബിനെ പെരിന്തല്‍മണ്ണയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൈസൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇവിടെ തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ പാലക്കാട് കലക്‌ട്രേറ്റ് വളപ്പിലും സമാന സ്‌ഫോടനം നടത്താന്‍ ബദ്ധതിയിട്ടിരുന്നതായും ഇതിനായ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചിരുന്ന പാലക്കാട് കലക്‌ട്രേറ്റ് വളപ്പും പരിസരവും വീഡിയോയില്‍ പകര്‍ത്തുകയും സ്‌ഫോടനം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നതെന്ന അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ 23നാണ് പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതിയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. അടുത്ത മൂന്നിന് കോടതിയില്‍ തിരിച്ച് ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനായി വിട്ടു കിട്ടുന്നതിനായി അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കെ ബാലന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊല്ലം കലക്രേ്ടറ്റിലും ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തിയതിനും കേസുണ്ട്. ബെയ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് സ്‌ഫോടനം നടത്തിയത്. ഈ സംഘടനക്ക് ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്. ബെയ്‌സ് മൂവ്‌മെന്റിന് നേതൃത്വം നല്‍കുന്നത് അബ്ബാസ് അലിയാണ്. ഇയാളിലൂടെയാണ് മറ്റു നാലുപ്രതികളും സംഘനടയിലെത്തുന്നത്. ഇത്തരം സ്‌ഫോടനങ്ങളിലൂടെ സംഘടനയെ പരിചയപ്പെടുത്തുകയെന്നാണ് പ്രതികള്‍ ലക്ഷ്യമിടുന്നതെന്നാണു പോലിസ് പറയുന്നത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




