താനൂരില്‍ സമാധാനം പുന:സ്ഥാപിക്കുക: മുസ്‌ലിംലീഗ്

താനൂരില്‍ സമാധാനം പുന:സ്ഥാപിക്കുക: മുസ്‌ലിംലീഗ്

മലപ്പുറം: താനൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് മലപ്പുറം പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു.  പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞുകൂടുന്ന തീരദേശവാസികള്‍ക്ക് മനസ്സമാധാനത്തോടെ അന്തിയുറങ്ങാനുള്ള അവകാശംപോലും ഹനിക്കുന്ന തരത്തിലാണ് പോലീസ് സഹായത്തോടെ സി.പി.എം നടത്തുന്ന അക്രമണങ്ങള്‍.  കലാപം നടക്കുന്ന സ്ഥലങ്ങളില്‍ ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ഉപയോഗിക്കുന്ന ടിയര്‍ഗ്യാസ്, നിരപരാധികളായ കുഞ്ഞുങ്ങള്‍ അന്തിയുറങ്ങുന്ന വീടുകളിലേക്ക് ഒരു കാരണവുമില്ലാതെ വലിച്ചെറിഞ്ഞാണ് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.  താനൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എല്ലാ നടപടികളോടും സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യും. അതേസമയം അക്രമകാരികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.


യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എന്‍.എ. ഖാദര്‍ സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, ദേശീയസെക്രട്ടറി എം.പി. അബ്ദുസ്സമദ്‌സമദാനി, സംസ്ഥാന ഭാരവാഹികളായ കെ.കുട്ടി അഹമ്മദ്കുട്ടി, എം.സി. മായിന്‍ഹാജി, ഡോ. സി.പി. ബാവഹാജി, അഡ്വ. യു.എ. ലത്തീഫ്, ജില്ലാ ഭാരവാഹികളായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, കെ. മുഹമ്മദുണ്ണി ഹാജി, അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍, എം.എ. ഖാദര്‍, സലീം കുരുവമ്പലം, എം.എല്‍.എമാരായ പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ്കബീര്‍, സി. മമ്മൂട്ടി, പി. അബ്ദുല്‍ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല, കെ.കെ. ആബിദ്ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ചവിജയം നേടുന്നതിന് കര്‍മ്മരംഗത്തിറങ്ങുവാന്‍ യോഗം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.


കേരളത്തിലെ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന സി.പി.എം. നിലപാടില്‍ യോഗം പ്രതിഷേധിച്ചു.  തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന ഇത്തരംഹീനശ്രമങ്ങള്‍ ജനം തള്ളിക്കളയുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ നിരന്തരം സ്ഥലം മാറ്റിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പഞ്ചായത്തുകളുടെ പദ്ധതിവിനിയോഗം പിറകോട്ട്‌കൊണ്ട് വരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു.

 

Sharing is caring!