മുതുവല്ലൂര്‍ ക്ഷേത്രത്തില്‍ മതസൗഹാര്‍ദത്തിന്റെ സുലൈമാനിയുമായി വഹാബ്‌

മുതുവല്ലൂര്‍ ക്ഷേത്രത്തില്‍ മതസൗഹാര്‍ദത്തിന്റെ സുലൈമാനിയുമായി വഹാബ്‌

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദത്തിന് പുത്തന്‍ മാതൃക തീര്‍ത്ത് പി വി അബ്ദുല്‍ വഹാബ് എം പി മുതവല്ലൂര്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെത്തി. മതസൗഹാര്‍ദത്തിന് പേരുകേട്ട മുതുവല്ലൂരിലെ അമ്പലത്തില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സദസിലെ പ്രത്യേക അതിഥിയായാണ് അദ്ദേഹമെത്തിയത്. എം പി ഫണ്ടില്‍ നിന്ന് ക്ഷ്രേത്രക്കുളം നവീകരിക്കാന്‍ ഫണ്ടും, മതസൗഹാര്‍ദ ചര്‍ച്ചയ്‌ക്കെത്തിയവര്‍ക്ക് സുലൈമാനിയും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

ഇസ്ലാം മത വിശ്വാസി നല്‍കിയ പണം കൊണ്ട് നവീകരണ പ്രവര്‍ത്തി നടത്തിയതോടെയാണ് ക്ഷേത്രം മതസൗഹാര്‍ദത്തിന്റെ മാതൃകയായത്. കൊണ്ടോട്ടി സ്വദേശിയായ സുലൈമാന്‍ ഹാജിയാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര നവീകരിക്കാനും, ഊട്ടുപുര ഒരുക്കാനും പണം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതിയ ക്ഷേത്ര കമ്മിറ്റി നിലവില്‍ വന്നതിന് ശേഷമായിരുന്നു ഈ മാറ്റങ്ങള്‍.

വേനല്‍കാലത്ത് മുതുവല്ലൂര്‍ പരിസരത്തുള്ളവര്‍ ജലത്തിനായി ആശ്രയിക്കുന്നത് ക്ഷേത്രക്കുളമാണ്. അതിനാലാണ് എം പി ഫണ്ട് ഉപയോഗിച്ച് കുളം നവീകരിക്കാന്‍ തീരുമാനിച്ചത്.

നാട്ടിലെ മാത്രമല്ല ജില്ലയിലെ തന്നെ മതസൗഹാര്‍ദത്തിന് മാതൃകയാവുക എന്നതാണ് ഈ പ്രവര്‍ത്തികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി ചന്ദ്രന്‍ പറഞ്ഞു. 400 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് മുതുവല്ലൂര്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രം. ഇതിനു പുറമേ ഇന്ത്യന്‍ സൈനികരുടെ ക്ഷേമത്തിനു വേണ്ടി രാജ്യത്ത് ആദ്യമായി മഹാമൃത്യുഞ്ജയ ഹോമവും ക്ഷേത്രത്തില്‍ നടന്നിരുന്നു.

ക്ഷേത്രത്തിലെ ആഘോഷങ്ങളോടനുബന്ധിച്ച നടന്ന അന്നദാനത്തിനുള്ള പച്ചക്കറി അടക്കം നല്‍കിയത് ഗ്രാമത്തിലെ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്.

ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ തെക്കിനേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരി മതസൗഹാര്‍ദ സദസിന് നേതൃത്വം നല്‍കി. സ്ഥലത്തെ പ്രമുഖരായ ഹിന്ദു-മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ സൗഹൃദ സദസില്‍ പങ്കെടുത്തു.

Sharing is caring!