മലപ്പുറം സ്‌ഫോടനം; വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം

മലപ്പുറം സ്‌ഫോടനം; വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം

മലപ്പുറം: കോടതി വളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സഹായകരമാകുന്ന വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികവുമായി കേരള പോലീസ്. കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പോലീസിന്റെ ഈ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളിലോ, ഇ മെയിലുകളിലോ വിവരം അറിയിക്കാം. ഇതോടൊപ്പം തന്നെ മലപ്പുറത്തെ ബസ് സ്റ്റാന്റുകളിലും, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലും സ്ഥാപിച്ചിരിക്കുന്ന പോലീസ് ഇന്‍ഫോര്‍മേഷന്‍ ബോക്‌സുകളിലും വിവരം നിക്ഷേപിക്കാവുന്നതാണ്.

കേസിന് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍കോടിക്‌സ് ഡി വൈ എസ് പി പി ടി ബാലന്‍ (9497990102), മലപ്പുറം ഡി വൈ എസ് പി പി എം പ്രദീപ് കുമാര്‍ (9497990103) എന്നിവരെ ഈ നമ്പറുകളില്‍ വിവരമറിയിക്കാം.

കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ബ്രാഞ്ച് എ ഡി ജി പി ആര്‍ ശ്രീലേഖ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പോലീസിന് ഇതുവരെ പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

Sharing is caring!