മുഖ്യമന്ത്രിയെ ഉപദേശിച്ച് പി കെ ബഷീര്‍

മുഖ്യമന്ത്രിയെ ഉപദേശിച്ച് പി കെ ബഷീര്‍

മലപ്പുറം: പേപ്പട്ടി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മനേകാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പി കെ ബഷീര്‍ എം എല്‍ എ. എന്താണ് മനേകാ ഗാന്ധിയുടെ വിചാരം. നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും കാപ്പ ചുമത്തണമെന്നും ഡി ജി പി നടപടിയെടുക്കണമെന്നും പറയാനും അവര്‍ക്കെങ്ങനെ കഴിയുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മൃഗങ്ങളുടെ കാര്യമല്ല, സ്ത്രീകളുടേയും കുട്ടികളുടേയും കാര്യം നോക്കേണ്ട വകുപ്പാണ് അവരുടേത്. അവരുടെ മക്കളെ മര്യാദയ്ക്ക് നോക്കിയാല്‍ മതി, പി കെ ബഷീര്‍ പറഞ്ഞു.

തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നായ്ക്കളെ ഉന്‍മൂലനം ചെയ്യാനുള്ള അനുമതി മുഖ്യമന്ത്രി കേന്ദ്രത്തില്‍ പോയി ചര്‍ച്ച നടത്തി വാങ്ങണം. സ്വയം വിലകുറച്ച് മനേകാ ഗാന്ധിയെ അല്ല കാണേണ്ടത്, പകരം പ്രധാനമന്ത്രിയെ ആണ്, പി കെ ബഷീര്‍ പറഞ്ഞു.

മൃഗസ്‌നേഹികളുടെ സാമ്പത്തിക സ്‌ത്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നര ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലന്‍മാരെയാണ് അവര്‍ വെക്കുന്നത്. ഇതിനുള്ള പണം എവിടെ നിന്നാണ് വരുന്നതെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വായ കൊണ്ടാണ് നായ്ക്കള്‍ കടിക്കുന്നതെന്നും വന്ധ്യംകരണം നടത്തുന്നതിന് പകരം വായയ്ക്ക് പൂട്ടിടുകയാണ് വേണ്ടതെന്നും പി കെ ബഷീര്‍ പറഞ്ഞു. കെ ടി ജലീല്‍ പ്രസംഗിച്ചാല്‍ മാത്രം പോര കാര്യം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും തെരുവുനായ വിഷയം ഗൗരവമായി കാണുമെന്നും മന്ത്രി കെ ടി ജലീല്‍ മറുപടി പറഞ്ഞു.

Sharing is caring!