യു ഡി എഫ് ധര്‍ണ ശനിയും, ഞായറും

യു ഡി എഫ് ധര്‍ണ ശനിയും, ഞായറും

മലപ്പുറം: ഭരണത്തിലേറി മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പുതന്നെ വിജിലന്‍സിന്റെ അന്വേഷണ നടപടികളും രാജിയും നേരിടേണ്ടി വന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള വിവാദപരമായ നിയമനങ്ങളുടെ പേരിലുള്ള മന്ത്രിയുടെ രാജി പുകമറ സൃഷ്ടിക്കലാണ്.

കേരളത്തിന്റെ ക്രമസമാധാനനില അവതാളത്തിലായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സി.പി.എമ്മും സംഘ്പരിവാരും നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും കേന്ദ്രത്തിലും ഭരണം കയ്യാളുന്ന പാര്‍ട്ടികളാണ് ആക്രമണത്തിന് കോപ്പ്കൂട്ടുന്നത് എന്നുള്ളത് ഖേദകരവും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതുമാണ്. അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ക്രമസമാധാനം പുന:സ്ഥാപിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത രാഷ്ട്രീയമാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ജില്ലയില്‍ മാത്രം ഏഴ് കൊലപാതകങ്ങളാണ് നടന്നത്. യു.ഡി.എഫ് ഭരണകാലത്ത് അവസാനിച്ച രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ‘പാടത്തെപണിക്ക് വരമ്പത്ത്കൂലി’ എന്ന പ്രസ്താവനയോടെയാണ് വീണ്ടും അക്രമങ്ങള്‍ക്ക് സി.പി.എമ്മും ബി.ജെ.പിയും മുന്നിട്ടിറങ്ങിയത്. സംസ്ഥാനത്ത് ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ക്രൂരമായ രീതിയില്‍ പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ച് അടിച്ചൊതുക്കി ജയിലിലടക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. അഴിമതിയും സ്വജനപക്ഷപാതവും അക്രമവും അഴിഞ്ഞാടുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണക്ക് പ്രസക്തിയേറെയുണ്ട്. ധര്‍ണ്ണ വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളും പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ഇ. മുഹമ്മദ് കുഞ്ഞിയും അഡ്വ. കെ.എന്‍.എ. ഖാദറും അഭ്യര്‍ത്ഥിച്ചു.

Sharing is caring!