ഐ എസ് ഭീഷണി; സമുദായത്തെ സംശയ നിഴലിലാക്കരുത്, മുസ്ലിം ലീഗ്‌

ഐ എസ് ഭീഷണി; സമുദായത്തെ സംശയ നിഴലിലാക്കരുത്, മുസ്ലിം ലീഗ്‌

മലപ്പുറം: ഐ എസ് ഭീകരതയും അതിലെ കണ്ണികളായവര്‍ക്കും എതിരെയുള്ള സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്‌ലിംലീഗ് പാര്‍ട്ടി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏതാനും ചില യുവാക്കളെങ്കിലും ഐ.എസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വെച്ചു പൊറുപ്പിക്കാനാവില്ല. അറസ്റ്റും നടപടികളും യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് നേരെ മാത്രമേ നടക്കുന്നുവെന്നുള്ളത് ഭരണകൂടം ഉറപ്പിക്കണം.

ഐ.എസ് ഭീകരരുടെ അപകടം തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിനെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ മുസ്‌ലിംലീഗും മറ്റു മുസ്‌ലിം മതസംഘടനകളും. അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടികള്‍ക്ക് മാത്രമേ ആത്യന്തികമായി വിജയിക്കാനാകുകയുള്ളൂ. ഐ.എസിന്റെ പേരിലുള്ള അറസ്റ്റും റെയ്ഡും പൊതൂ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചുമതല അന്വേഷണ ഏജന്‍സികളും സര്‍ക്കാറും ഏറ്റെടുത്തേ മതിയാകൂ. സമൂഹത്തില്‍ കടുത്ത സംശയവും ആശങ്കയും നിലനില്‍ക്കാന്‍ ഇടവരുത്തുന്ന നടപടികള്‍ ഉണ്ടാവരുത്. കേവലം സംശയത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളുടെയും പേരിലുള്ള എല്ലാ നടപടികളും ഐ.എസിനെതിരെയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും.

കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് ചെയ്തികള്‍ ഭയത്തിലാക്കിയ ന്യൂനപക്ഷ സമൂഹത്തെ ഐ.എസ് ഭീഷണിയുടെ പേരില്‍ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളെ അന്യവല്‍ക്കരിക്കുന്ന അപകടകരമായ ചെയ്തികളില്‍ നിന്ന് സംഘ്പരിവാറും കേന്ദ്രസര്‍ക്കാരും മാറിനില്‍ക്കണം. ഐ.എസ് അടക്കമുള്ള ഛിദ്രശക്തികളെ നേരിടുന്നതിന് ജനാധിപത്യ മതനിരപേക്ഷവാദികളെ വിശ്വാസത്തിലെടുത്ത് മാത്രമേ സാധ്യമാകുവെന്ന് ഓര്‍മിപ്പിക്കുന്നു. തീവ്രവാദ, ഭീകരവാദത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കുകയും അതിനെതിരെയുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോയ മുസ്‌ലിംലീഗ് പാര്‍ട്ടി എല്ലാവരെയും സഹകരിപ്പിച്ച് ശക്തമായി മുന്നോട്ടുപോകും.

ഇന്നത്തെ ഈ സാഹചര്യത്തില്‍ എല്ലാ മതസംഘടനകളും അവരുടെ വേദികളിലും വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ബോധനങ്ങളിലും ഇക്കാര്യത്തില്‍ സന്ദേശം നല്‍കണം. വിദ്യാഭ്യാസ സമ്പന്നരായ ചെറുപ്പക്കാര്‍ ഫെയ്‌സ് ബുക്കില്‍ വരുന്ന ചില സേന്ദേശങ്ങളെ പിന്തുടര്‍ന്ന് വഴി തെറ്റിപോകുന്നത് ജാഗ്രതയോടെ കൂടി കാണേണ്ടതും. മുസ്‌ലിം വിദ്യാര്‍ഥി യുവജന സംഘടനകള്‍ കാമ്പസിനകത്തും പുറത്തും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.

Sharing is caring!