പോലീസിന് തലവേദനയായി മാവോയിസ്റ്റ് നേതാവ് സോമന്‍

സന്തോഷ് ക്രിസ്റ്റി
പോലീസിന് തലവേദനയായി മാവോയിസ്റ്റ് നേതാവ് സോമന്‍

നിലമ്പൂര്‍: പോലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണം മാവോയിസ്റ്റ് നേതാവ് സോമനെ ചുറ്റിപറ്റി. സംഘത്തിലുള്ള ഏക മലയാളിയാണ് സോമനെന്നാണ് പോലീസ് നിഗമനം. ബാക്കി സംഘാംഗങ്ങളെ തിരിച്ചറിയാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തു നിന്ന് തുടരുകയാണ്. അതേസമയം അക്ബര്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നത് സോമനാണെന്നാണ് പോലീസ് കരുതുന്നത്.

വയനാട് കല്‍പ്പറ്റ് സ്വദേശിയാണ് സോമന്‍. പോരാട്ടം പ്രവര്‍ത്തകനായാണ് സോമന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രംഗതെത്തിയത്. പിന്നീട് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയില്‍ ചേരുകയായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്ന് ഇയാള്‍ക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. 2013 അവസാനം മുതല്‍ നിലമ്പൂര്‍ കാടുകളിലെ സാനിധ്യമാണ് സോമന്‍. ഷാഹിദ് എന്ന പേരിലാണ് ഇയാള്‍ സംഘാംഗങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

അതേസമയം നിലമ്പൂര്‍ കാടുകളില്‍ കേരള പോലീസിന് തലവേദനയായി മാറുകയാണ് മാവോയിസ്റ്റ് സാനിധ്യം. ഏകദേശം ഒമ്പത് മാസത്തോളം സജീവമാകാതിരുന്ന മാവോയിസ്റ്റ് സംഘമാണ് പോലീസിനു നേരെ നടന്ന വെടിവെപ്പിലൂടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ആദിവാസികളുടെ വിശ്വാസം ആര്‍ജിച്ചെടുക്കുന്നതിനൊപ്പം മാധ്യമ പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമവും നാടുകാണി ദളത്തിന്റെ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.

അക്രമം നടത്തുക മാത്രമല്ല അത് ലോകത്തെ അറിയിക്കുക കൂടി വേണമെന്ന നിലപാടിലാണ് നിലമ്പൂരിലെ മാവോയിസ്റ്റുകള്‍. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പോലീസുമായി നടന്ന ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ ഏതാനും മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് മാവോയിസ്റ്റ് വക്താവ് എന്ന് പരിചയപ്പെടുത്തിയ അക്ബര്‍ വിശദീകരിച്ചത്.

Sharing is caring!