അകകണ്ണിലൂടെ ‘ഒപ്പം’ കാണാന്‍ അന്ധവിദ്യാര്‍ഥികള്‍ എത്തുന്നു

സന്തോഷ് ക്രിസ്റ്റി
അകകണ്ണിലൂടെ ‘ഒപ്പം’ കാണാന്‍ അന്ധവിദ്യാര്‍ഥികള്‍ എത്തുന്നു

പെരിന്തല്‍മണ്ണ: മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന ഒപ്പം സിനിമ ‘കാണാന്‍’ മലപ്പുറം ജില്ലയിലെ വിവിധ അന്ധവിദ്യാലയങ്ങളില്‍ നിന്നായി 150ഓളം വിദ്യാര്‍ഥികളും, അന്ധ്യാപകരും എത്തുന്നു. പെരിന്തല്‍മണ്ണ വിസ്മയ തിയറ്ററില്‍ നാളെ ഉച്ചയ്ക്ക് 1 മണിക്കാണ് ഇവര്‍ക്കായി പ്രത്യേക ഷോ ഒരുക്കുന്നത്. പെരിന്തല്‍മണ്ണ കോളേജില്‍ നിന്ന് 25 വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയവരുടെ ചാരിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പായ വീവണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയും, മോഹന്‍ലാല്‍ ഫാന്‍സും, വിസ്മയ തിയറ്ററും ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ ഒരുക്കന്നത്.

മുഴുനീള അന്ധകഥാപാത്രമായ ജയരാമനെയാണ് മോഹന്‍ലാല്‍ ഒപ്പം സിനിമയില്‍ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. മലപ്പുറം ജില്ലയിലെ മങ്കട, കോട്ടപ്പുറം എന്നിവിടങ്ങളിലെ അന്ധവിദ്യാലയങ്ങളിലും, പെരിന്തല്‍മണ്ണയിലെ ദീപായലയം അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും ഇവരുടെ അധ്യാപകരും, ഐ കെയര്‍ എന്ന സ്ഥാപനത്തിലെ അന്ധരായ ജീവനക്കാരുമാണ് സിനിമ കാണാനെത്തുക.

ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടപ്പുറം സ്‌കൂളില്‍ നടന്ന ചടങ്ങിനിടെ എം ബി രാജേഷ് എം പിയോടാണ് വിദ്യാര്‍ഥികള്‍ ഈ സിനിമ കാണാനുള്ള ആഗ്രഹം അറിയിച്ചത്. അവിടെയുണ്ടായിരുന്ന ചാരിറ്റി ഗ്രൂപ്പിലെ അംഗങ്ങള്‍ ഇവരുടെ ആഗ്രഹം നടപ്പിലാക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നവെന്ന് ചാരിറ്റി ഗ്രൂപ്പ് അംഗം വി രമേശന്‍ പറഞ്ഞു.

150ഓളം അന്ധവിദ്യാര്‍ഥികള്‍ സിനിമ കാണാനെത്തുന്നത് മോഹന്‍ലാലിന്റെയും, പ്രിയദര്‍ശന്റെയും, ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജോയന്റ് സെക്രട്ടറി വി പി ശിവദാസ് പറഞ്ഞു.

സിനിമയ്ക്കു ശേഷം വിദ്യാര്‍ഥികളുമായി സംസാരിക്കുമെന്നും, അത് റെക്കോര്‍ഡ് ചെയ്ത് മോഹന്‍ലാലിന് കൈമാറുമെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ഫാന്‍സ് അസോസിയേഷന്റെ വകയായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.

ഇത്തരം സാമൂഹ്യസേവനപരമായ കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്നത് തിയറ്റര്‍ മാനേജ്‌മെന്റിന്റെ നയമാണെന്ന് വിസ്മയ സിനിമാസ് തിയറ്റര്‍ മാനേജര്‍ പി വി സന്തോഷ്‌ അറിയിച്ചു. പെരിന്തല്‍മണ്ണയിലെ പൗരപ്രമുഖരും, മാധ്യമപ്രവര്‍ത്തകരും ഇവരോടൊപ്പം ചിത്രം കാണാനുണ്ടാകും.

Sharing is caring!