ഏറനാട്ടില്‍ വൈദ്യുതീകരിക്കാന്‍ 813 കുടുംബങ്ങള്‍

ഏറനാട്ടില്‍ വൈദ്യുതീകരിക്കാന്‍ 813 കുടുംബങ്ങള്‍

എടവണ്ണ: ഏറനാട് മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാരുടേയും യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ 813 കുടുംബങ്ങള്‍ക്കു കൂടി വൈദ്യുതി ലഭ്യമാക്കാനുണ്ടെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് 1.40 കോടി രൂപ ചെലവ് വരും.

ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള 65 ലക്ഷം രൂപ തദ്ദേശഭരണ സ്ഥാപനങ്ങളും, എം എല്‍ എയും, എം പിയും തങ്ങളുടെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് എം എല്‍ എ യോഗത്തെ അറിയിച്ചു. എസ് സി/എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അതത് വകുപ്പുകളും, ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ചെലവ് വഹിക്കും.

പഞ്ചായത്തുകളുടെ ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി അധികൃതരെ ഈ മാസം പതിനഞ്ചിനകം അറിയിക്കാന്‍ എം എല്‍ എ യോഗത്തെ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് മറ്റു പല രീതികളിലും വകയിരുത്തി കഴിഞ്ഞതിനാല്‍ ഇത് സംബന്ധിച്ച വിശദീകരണം സംസ്ഥാന സര്‍ക്കാരിനോട് ആരായുമെന്ന് എം എല്‍ എ പറഞ്ഞു.

കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് സാലിഹ്, മണ്ഡലത്തിലെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Sharing is caring!