പോലീസ് സേനയെ വെല്ലുവിളിച്ച് മാവോയിസ്റ്റ് നാടുകാണി ദളം

സന്തോഷ് ക്രിസ്റ്റി
പോലീസ് സേനയെ വെല്ലുവിളിച്ച് മാവോയിസ്റ്റ് നാടുകാണി ദളം

നിലമ്പൂര്‍: നെടുങ്കയം മുണ്ടക്കടവ് ആദിവാസി കോളനിയില്‍ പോലീസിനു നേരെയുണ്ടായ വെടിവെയ്പ്പ് സായുധസേനയ്ക്കുള്ള മുന്നറിയിപ്പെന്ന് മാവോയിസ്റ്റ് നേതാവ്. ആദിവാസി വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പോലീസ് തടസം നിന്നാല്‍ ഉണ്ടാകുന്നത് വന്‍ പ്രത്യാഘാതമാകുമെന്നും അതിനുള്ള സൂചനയാണ് വെടിവെയ്പ്പിലൂടെ നല്‍കിയതെന്നും അക്ബര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് മലപ്പുറം ലൈഫിനോട് വെളിപ്പെടുത്തി. വാട്‌സ്ആപ്പ് കോള്‍ വഴിയാണ് വിവരം കൈമാറിയത്.

മാവോയിസ്റ്റുകളുടെ നാടുകാണി ദളമാണ് ആക്രമണം നടത്തിയതെന്ന് അക്ബര്‍ വ്യക്തമാക്കി. ആദിവാസികളെ കുറഞ്ഞ കൂലി നല്‍കി ചൂഷണം ചെയ്യുന്നുവെന്ന വിവരം അറിഞ്ഞതിനെതുടര്‍ന്നാണ് കോളനിയിലെത്തിയത്. അവരുടെ ഇടയില്‍ കൂലിയെക്കുറിച്ച് അവബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് പോലീസ് കടന്നു വന്നത്.

ആദിവാസികളെ മറയാക്കി പോലീസ് അക്രമണം ചെറുത്തു എന്നത് വാസ്തവമല്ല. കാട്ടില്‍ സംരക്ഷണ കവചം ഒരുക്കിയിരുന്ന മാവോയിസ്റ്റ് പോരാളികളാണ് പോലീസിനു നേരെ വെടിയുതിര്‍ത്തത്. മികച്ച പരിശീലനം ലഭിച്ച പോരാളികളാണ് തങ്ങളുടെ കൂടെയുള്ളതെന്നും പോലീസ് വെടിവെയ്പ്പിനെ ചെറുക്കാനും, തിരിച്ചടിക്കാനും അവര്‍ക്ക് ശക്തിയുണ്ടെന്നും അക്ബര്‍ പറഞ്ഞു. പോലീസിന്റെ പക്കലുള്ള ആയുധങ്ങളെല്ലാം തങ്ങളുടെ കൈയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിവാദി വിഷയങ്ങളില്‍ ഇനിയും ഇടപെടുമെന്നും അതിന് തടസം നില്‍ക്കാന്‍ പോലീസെത്തിയാല്‍ തിരിച്ചടിക്കുമെന്നും അക്ബര്‍് വ്യക്തമാക്കി.

അതേ സമയം നിലമ്പൂര്‍ മേഖലയില്‍ സാനിധ്യം അറിയിച്ചിട്ടുള്ള മാവോയിസ്റ്റ് സംഘത്തില്‍ പെട്ടിട്ടുള്ള പളനിവേലിന് തമിഴ്‌നാട്ടിലെ മാവോയിസ്റ്റ് വിരുദ്ധ സേന ഇന്ന് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ സേലത്തു വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് മേഖലയിലെ മാവോയിസ്റ്റ് സാനിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Sharing is caring!