അബ്ദുല്‍ വഹാബ് എം പിക്ക് ചൈന സര്‍ക്കാരിന്റെ ആദരം

അബ്ദുല്‍ വഹാബ് എം പിക്ക് ചൈന സര്‍ക്കാരിന്റെ ആദരം

ജീവിത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ മലപ്പുറം യൂണിറ്റിന്റെ സാരഥിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ജില്ലയിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ജെ എസ് എസ് മലപ്പുറം യൂണിറ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

ഇന്ന് ഞാന്‍ സ്വപ്‌നം കണ്ടതിലുമപ്പുറം ജെ എസ് എസ് മലപ്പുറം യൂണിറ്റ് മലപ്പുറം ജില്ലയുടെ വികസനത്തില്‍ പങ്കുവഹിക്കുന്നു. യുണെസ്‌കോ അവാര്‍ഡോടെ ലോകം തന്നെ ജെ എസ് എസ് മലപ്പുറത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഗൗരവപൂര്‍വ്വം വീക്ഷിക്കുകയാണ്.

ഈ നേട്ടങ്ങള്‍ ഇത്രത്തോളം മഹത്വരമാണെന്ന് മനസിലാക്കുകയാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഞാനും, ജെ എസ് എസ് മലപ്പുറത്തിന്റെ ഡയറക്ടറുമായ വി ഉമ്മര്‍കോയയും ചൈന സന്ദര്‍ശനത്തിലൂടെ. ചൈന സര്‍ക്കാര്‍ അവരുടെ പ്രശസ്തനായ അധ്യാപകനും, സാമൂഹിക പരിഷ്‌കര്‍ത്താവുമായ കണ്‍ഫൂഷ്യസിന്റെ പേരില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡാണ് യുണെസ്‌കോ ഇക്കഴിഞ്ഞ ലോക സാക്ഷരതാ ദിനത്തില്‍ അവരുടെ ആസ്ഥാനമായ പാരിസില്‍ വെച്ച് സമ്മാനിച്ചത്.

അവാര്‍ഡ് ജേതാക്കള്‍ക്ക് ചൈന സര്‍ക്കാരിന്റെ ആദരമെന്ന നിലയിലാണ് ഞങ്ങളെ ചൈനയിലേക്ക് ക്ഷണിച്ചത്. അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും, തൊഴില്‍ നൈപുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളും അടുത്തുകാണാന്‍ സന്ദര്‍ശനത്തിലൂടെ അവസരം ലഭിച്ചു. ഇതോടൊപ്പം തന്നെ കണ്‍ഫൂഷ്യസിന്റെ പേരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.

ചൈന സര്‍ക്കാര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ സ്വീകരണവും, അവാര്‍ഡും ഏറ്റുവാങ്ങാനയതും അഭിമാനകരമായി കാണുന്നു. മലപ്പുറം ജില്ലയില്‍ സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരുടെ സുസ്ഥിര വികസനത്തിന് ഈ അനുമോദനങ്ങള്‍ പ്രചോദനമാകും. ഒപ്പം ചൈന സര്‍ക്കാരില്‍ നിന്ന് അവാര്‍ഡ് സ്വന്തമാക്കാനായ ഇന്ത്യക്കാരനെന്ന നിലയില്‍ ഈ നേട്ടത്തിന് ഒട്ടേറെ പ്രത്യേകതയും ഞാന്‍ കാണുന്നു.

Sharing is caring!