ജില്ലാ ഭരണകൂടം ജനസമ്പര്‍ക്കത്തിന്‌

ജില്ലാ ഭരണകൂടം ജനസമ്പര്‍ക്കത്തിന്‌

മലപ്പുറം: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറും ജില്ലാതല ഉദ്യോഗസ്ഥരും ഇനി ജനങ്ങള്‍ക്കരികെയെത്തും. ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥന്മാരാണ് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹരിക്കാന്‍ ജനങ്ങള്‍ക്കരികിലെത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ടോ മൂന്നോ വില്ലേജുകള്‍ക്കായി പ്രദേശത്തെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് പരാതി പരിഹാര ജനസമ്പര്‍ക്കം നടത്താനാണ് ലക്ഷ്യമിടുന്നത്.

ഓഫിസുകള്‍ കയറി ഇറങ്ങി വലയുന്ന സാധാരണക്കാരന് ഉടനെ തന്നെ പരിഹാരം നല്‍കുന്നതിന് ആവശ്യമായ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുപ്പിക്കും. പരാതിക്കാര്‍ക്ക് കൃത്യമായ പരിഹാരം ഇതിന്റെ ഭാഗമായി ഉണ്ടാകും. പരിപാടിയുടെ ജില്ലാതല തുടക്കം ഗാന്ധി ജയന്തി വാരത്തില്‍ ഉണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഉദ്ഘാടന ചടങ്ങുകള്‍ പരിപാടിയില്‍ പൂര്‍ണമായും ഒഴിവാക്കും.രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് സമാപിക്കുന്ന രീതിയിലായിരിക്കും പരിപാടി നടക്കുക.

ഒരു മാസത്തിനുള്ളില്‍ മുപ്പത് വില്ലേജുകളെയെങ്കിലും പ്രശ്‌നപരിഹാര അദാലത്തില്‍ പങ്കെടുപ്പിക്കാനാണ് ജില്ലാ ഭരണ കൂടം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സബ് കലക്ടര്‍ തലത്തിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലും ജനസമ്പര്‍ക്ക പരിപാടികള്‍ ഉണ്ടാകും. പരിപാടി ദിവസം തന്നെ അപേക്ഷകളും പരാതികളും നേരിട്ട് സ്വീകരിക്കുന്ന രീതിയിലാണ് ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളൊഴികെയുള്ള പരാതികളില്‍ അപ്പോള്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കും. ബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുതിന് നടപടി സ്വീകരിക്കും.

പദ്ധതിയുടെ സുതാര്യമായ പ്രവര്‍ത്തനത്തിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ പ്രത്യേക സോഫ്റ്റ് വെയറും തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ നേരിട്ട പ്രവര്‍ത്തനങ്ങളെ ഏകോപിക്കും. പരാതികളുടെ മോണിറ്ററിങും സ്റ്റാറ്റസും ഇതുവഴി ജില്ലാകലക്ടര്‍ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യും.

ഇതുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടന്ന ആലോചന യോഗത്തില്‍ സബ് കലക്ടര്‍മാരായ ജാഫര്‍ മാലിക്, അദീല അബ്ദുള്ള ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, കെ.സി.മോഹനന്‍, സി. അബ്ദുല്‍ റഷീദ്, ഡോ. ജെ.യു.അരുണ്‍, ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പ്രദീഷ് പി.സി.,അഡീഷണല്‍ ഇന്‍ഫര്‍മേറ്റിക് ഓഫിസര്‍ പി.പവനന്‍,എച്ച്. എസ്. കെ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!