നിലമ്പൂരില്‍ പോലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്‌

നിലമ്പൂരില്‍ പോലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്‌

നിലമ്പൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം മാവോയിസ്റ്റ് ഭീഷണി വീണ്ടും നിലമ്പൂര്‍ വനമേഖലയില്‍ ഭീതി ഉയര്‍ത്തുന്നു. കരുളായി പഞ്ചായത്തിലെ നെടുംങ്കയം മുണ്ടക്കടവ് കോളനിയിലാണ് ഇന്നലെ രാത്രി പോലീസും, മാവോയിസ്റ്റ് സംഘാംഗങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവെയ്പ്പ് നടന്നത്. പൂക്കോട്ടുംപാടത്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് മാവോയിസ്റ്റുകള്‍ വനം വകുപ്പിന്റെ ഔട്ട്‌പോസ്റ്റ് ആക്രമിക്കുകയും, മൂന്ന് പേരെ തട്ടികൊണ്ടുപോകുകയും ചെയ്ത ശേഷമുള്ള ഏറ്റവും വലിയ അതിക്രമമാണ് ഇന്നലെ നടന്നത്.

വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയത്. പോലീസ് സാനിധ്യം വ്യക്തമായതിനെതുടര്‍ന്നാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടത്. ആറുപേരടങ്ങുന്നതായിരുന്നു സംഘം. അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. തണ്ടര്‍ബോള്‍ട്ടും പോലീസും ചേര്‍ന്ന് വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്.

സോമന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് പൂക്കോട്ടുപാടത്തെ വനം വകുപ്പിന്റെ ഔട്ട്‌പോസ്റ്റ് ആക്രമിച്ച് ജീവനക്കാരെയും, നാട്ടുകാരനായ ഒരാളെയും തട്ടികൊണ്ടുപോയത്. മുണ്ടക്കടവ് കോളനിയില്‍ നേരത്തെയും മാവോയിസ്റ്റ് സാനിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത സംഭവവും നിലമ്പൂര്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Sharing is caring!