മലയാളം സര്‍വകലാശാലയില്‍ ഓണാഘോഷം

മലയാളം സര്‍വകലാശാലയില്‍ ഓണാഘോഷം

തിരൂര്‍: മലയാളസര്‍വകലാശാലയില്‍ പൂക്കളവും സദ്യയും കലാപരിപാടികളുമായി ഓണം – ബക്രീദ് ആഘോഷങ്ങള്‍ ആരംഭിച്ചു. പ്രശസ്ത നാടക ചലച്ചിത്രനടി സജിത മഠത്തില്‍ മുഖ്യാതിഥിയായിരുന്നു. മാധ്യമങ്ങളില്‍ നിറയുന്ന ഗൃഹാതുരമായ ഓണാഘോഷങ്ങള്‍ക്ക് പകരം മാറിയ കാലത്തെ ഓണാഘോഷം നേരില്‍ കാണാനാണ് ഇഷ്ടമെന്ന് സജിത പറഞ്ഞു. ഓണം ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ ആഘോഷമാണ്.

വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഓണസന്ദേശം നല്‍കി. ഓണസങ്കല്‍പത്തിലെ ഉദാത്തമായ മൂല്യങ്ങള്‍ മലയാളിയുടെ ജനിതകത്തില്‍ പതിഞ്ഞുകിടപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാളിത്യം, സമഭാവന പുരോഗമനചിന്തയെ സ്വീകരിക്കാനുള്ള മനോഭാവം എന്നിവ കേരളീയരുടെ അടിസ്ഥാനമൂല്യങ്ങളാണ്. ഓണത്തിന് സമാനമായ സങ്കല്‍പം ലോകത്ത് മറ്റെവിടെയുമില്ലാത്തതിനാല്‍ കേരളീയര്‍ ജന്മനാ സോഷ്യലിസ്റ്റുകളുമാണ്. ഉച്ചനീചത്വങ്ങളെ അകറ്റിനിര്‍ത്തുന്ന ഓണം എന്ന ആദിരൂപമാണ് കേരളീയനെ നിയന്ത്രിക്കുന്നത്. എല്ലാവരും ഒന്നുപോലെയെന്ന സങ്കല്‍പം കേരളീയ ജീവിതത്തില്‍ മുദ്രിതമാണ്. സ്ഥിതിസമത്വത്തിന്റെ അവസ്ഥയില്‍ മനസ്സ് നിശബ്ദമാകുമ്പോള്‍ മാത്രമെ പ്രവാചകനെ പോലെ ദൈവത്തിന്റെ വചനം കേള്‍ക്കാന്‍ കഴിയുകയുള്ളുവെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍ കവിതകള്‍ ആലപിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എ.കെ. വിനീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. എം. ശ്രീനാഥന്‍, രജിസ്ട്രാര്‍ കെ.എം. ഭരതന്‍, ഡോ. ടി. അനിതകുമാരി, പ്രൊഫ. മധു ഇറവങ്കര, ഡോ. പി. സതീഷ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി.എസ്. സുധരേശന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ജി. അനുഗ്രഹ എന്നിവര്‍ സംസാരിച്ചു. ഓണസദ്യയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Sharing is caring!