മതസൗഹാര്‍ദത്തിന് ഭീഷണിയായി മതകേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ച്

മതസൗഹാര്‍ദത്തിന് ഭീഷണിയായി മതകേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ച്

മലപ്പുറം: സംസ്ഥാനത്തെ മതസൗഹാര്‍ദാന്തരീക്ഷത്തിന് ഭീഷണിയായി മതകേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ചും ഉപരോധന സമരങ്ങളും. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മഞ്ചേരി സത്യസരണിയിലേക്കും തിരുവനന്തപുരത്തെ സലഫി മസ്ജിദിനു മുന്നില്‍ കഴിഞ്ഞ ദിവസം നടത്തിയിയ മാര്‍ച്ചും ഉപരോധ സമരവും സമാധാനപരമായി കലാശിച്ചത് പോലീസിന്റെ സമയബന്ധിതമായ ഇടപെടല്‍ മൂലം. ഇത്തരം പ്രവണതകളില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചില്ലെങ്കില്‍
സംസ്ഥാനത്തെ മതസൗഹാര്‍ദം തകരുന്നതിനും അപ്പുറം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളാണിതെന്നും ഇവ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണു ഹിന്ദു ഐക്യവേദി മഞ്ചേരി സത്യസരണിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ അണിനിരന്നപ്പോള്‍ മാര്‍ച്ചിനെ തടയനായി പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മുസ്ലിംഐക്യവേദിപ്രവര്‍ത്തകര്‍ നാലായിരത്തോളമായിരുന്നു.
മാര്‍ച്ച് നടത്തുന്നതിന്റെ ഇരട്ടിപേരാണു ഇതുതടയാനെത്തിയത്. എന്നാല്‍ പോലീസ് മാര്‍ച്ച് നടത്താന്‍ അനുവദിക്കാതെ ഇരുകൂട്ടരേയും തടഞ്ഞത് വന്‍സാമുഹ്യവിഭത്താണ് ഒഴിവാക്കിയത്. അതേ സമയം പോലീസിന്റെ അനുമതി കൂടാതെ മതവിദ്വേഷം വളര്‍ത്തുന്ന ഇത്തരം മാര്‍ച്ചുകളും ഉപരോധങ്ങളും കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിയാന്‍ മതസംഘടനാ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും മലപ്പുറം പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ വ്യക്തമാക്കി. അനുമതികൂടാതെ പ്രകടനത്തിനെത്തിയവരെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാനായാണ്. അനധികൃതമായി മുസ്ലിംമത പരിവര്‍ത്തനം നടക്കുന്ന സ്ഥാപനങ്ങളായി ഹിന്ദുഐക്യവേദി ആരോപിക്കുന്ന മഞ്ചേരി സത്യസരണിയിലും തിരുവനന്തപുരം സലഫി മസ്ജിലും മതപഠനം മാത്രമാണ് നടക്കുന്നതെന്നും സംസ്ഥാനത്ത് രണ്ട് മുസ്ലിംമതപരിവര്‍ത്തന കേന്ദ്രങ്ങളാണു പ്രവര്‍ത്തിക്കുന്നതെന്നും
പോപ്പുലര്‍ഫ്രണ്ട് ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം മുസ്ലിംമത പരിവര്‍ത്തനം നടക്കുന്നതു പൊന്നാനി മൗനത്തുല്‍ ഇസ്ലാമിലും കോഴിക്കോട് തര്‍ബിയത്തിലുമാണ്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അവാസ്തവമാണെന്നും ഇവിടെ നിന്നും മതപരിവര്‍ത്തനം നടത്തിയതിനു യാതൊരു തെളിവും ഇതുവരെ ലഭിക്കാതെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചിനെതിരെ തങ്ങള്‍ ഹൈന്ദവ മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തിയിലുണ്ടാകുന്ന പ്രത്യാഘതങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് അഞ്ച് ഹൈന്ദവ മതപരിവര്‍ത്തന കേന്ദ്രങ്ങളാണ് അനുമതിയോട് കൂടി പ്രവര്‍ത്തിക്കുന്നത്.
അതേ സമയം ഹിന്ദു, ക്രിസ്ത്യന്‍ സമുദായംഗങ്ങളെ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും വശപ്പെടുത്തിയ ശേഷം മതം മാറ്റുന്നതിനായി കൊണ്ടുവരുന്ന മഞ്ചേരി ചെരണിയിലെ സത്യസരണി എന്ന സ്ഥാപനം തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് ഹിന്ദുഐക്യവേദിയുടെ ആരോപണം. ചില മുസ്ലീം ഭീകര സംഘടകള്‍ പ്രചരിപ്പിക്കുന്നതുപോലെ ഇത് മുസ്ലിംസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആര്‍.എസ്.എസ് നീക്കമല്ലെന്നും ഹിന്ദുഐക്യവേദിയും ആര്‍.എസ്.എസും മുസ്ലിം സമുദായത്തിനെതിരല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും സമീപകാലത്ത് മതംമാറി വിദേശത്തേക്ക് കടന്നുവെന്ന് പറയപ്പെടുന്നവരില്‍ ഭൂരിഭാഗവും സത്യസരണിയിലെത്തിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഇവിടെ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനായ നിലമ്പൂര്‍ സ്വദേശി ശ്രീകാന്ത് പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ഐ.എസില്‍ എത്തിപ്പെട്ടെന്ന് പറയുന്ന തിരുവന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവും സത്യസരണിക്കെതിരെ ആരോപണം ഉന്നിയിച്ചിരുന്നതായും ഹിന്ദുഐക്യവേദി ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രണയം നടിച്ച് ചതിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ സത്യസരണിയിലെത്തിക്കുന്നുണ്ടെന്നും മതം മാറ്റിയ ശേഷം ഇവരെ ഐ.എസ് പോലുള്ള മുസ്ലിംഭീകരവാദ സംഘത്തിന്റെ ഭാഗമാക്കി തീര്‍ക്കുകയാണ്. രാഷ്ര്ടസുരക്ഷക്കെതിരായി പ്രവര്‍ത്തിക്കുന്ന സത്യസരണിയിലേക്കുള്ള മാര്‍ച്ച് മുസ്ലിംകേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ചാണെന്ന് പറഞ്ഞു പരത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.
എന്നാല്‍ ഹിന്ദുഐക്യവേദിയുടെ ആരോപണത്തിനെതിരെ പോലീസും രംഗത്തുവന്നു. ഇത്തരം ആരോപണങ്ങളുണ്ടെങ്കിലും ഇവിടങ്ങളിലേക്കു മാര്‍ച്ചും ധര്‍ണങ്ങളും സംഘടിപ്പിക്കുന്നതു വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ തിരിച്ച് ഹൈന്ദവമതകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തിയാല്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
അതേ സമയം ഇത്തരം മതകേന്ദ്രങ്ങള്‍ക്കെതിരെയുള്ള മാര്‍ച്ചുകള്‍ക്കെതിരെ സുഗതകുമാരി അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. ഈമാര്‍ച്ചുകള്‍ ഉപേക്ഷിക്കണമെന്നു കഴിഞ്ഞ ദിവസം സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ശാന്തിസമിതി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ സലഫി മസ്ജിദിനു മുന്നില്‍ ഉപരോധ സമരം നടത്താന്‍വേണ്ടി മൈക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ഇടയായ സാഹചര്യവും അന്വേഷിക്കണമെന്നും ഏതെങ്കിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിച്ച് സത്യംപൊതുസമൂഹത്തെ അറഅിയിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തിസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മഞ്ചേരിയിലെ സത്യസരണിയിലേക്ക് നടത്തിയ ഹിന്ദുഐക്യവേദിയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്.

മഞ്ചേരിയില്‍ ആയിരംപേര്‍ക്കെതിരെ കേസ്

മലപ്പുറം: മഞ്ചേരി സത്യസരണിയിലേക്ക് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരേയും ഇതുതടയാനെത്തിയ പോപ്പുലര്‍ഫ്രണ്ട്, മുസ്ലിംഐക്യവേദി പ്രവര്‍ത്തര്‍ക്കെതിരെയും കേസ്. കണ്ടാലറിയാവുന്ന ആയിരത്തേളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആയുധംവെച്ച് ലഹളയുണ്ടാക്കല്‍, മതവിദ്വേഷമുണ്ടാക്കല്‍, അനുമതികൂടാതെ മാര്‍ച്ച് നടത്തല്‍ തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Sharing is caring!