ഒളിംപിക്‌സ് ജേതാക്കള്‍ക്ക് റബിയുള്ളയുടെ സ്വര്‍ണപതക്കം

ഒളിംപിക്‌സ് ജേതാക്കള്‍ക്ക് റബിയുള്ളയുടെ സ്വര്‍ണപതക്കം

ബഹ്‌റൈന്‍: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള അറിയിച്ചു. ഗോള്‍ഡ്‌ മെഡല്‍ നേടുന്ന താരത്തിനു 5 പവന്‍ പതക്കവും സില്‍വര്‍ മെഡല്‍ നേടുന്ന താരത്തിനു 3 പവനും വെങ്കല മെഡല്‍ നേടുന്ന താരത്തിനു 1 പവന്‍ എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താന്‍ മലയാളി താരങ്ങള്‍ക്ക് കഴിയണമെന്നും മുന്‍കാലങ്ങളിലെ ഒളിംപികസുകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാക്കി മെഡലുകള്‍ നേടാന്‍ പുതിയ തലമുറക്ക് സാധിക്കണമെന്നും ഇന്ത്യയുടെ നേട്ടങ്ങളില്‍ മലയാളത്തിന്റെ കൈയൊപ്പ് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് രംഗത്ത് കേരളത്തിലെ താരങ്ങള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം ലഭ്യമാക്കാന്‍ നടപടികളുണ്ടാവണമെന്നും സ്വകാര്യപങ്കാളിത്തം വഴി വിവിധ ഇനങ്ങളില്‍ മല്‍സരിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിവുണ്ടായിട്ടും സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കാത്ത നിരവധി താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ കണ്ടെത്തി പരിശീലനം നല്‍കി വളര്‍ത്തണം. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാകണ്ട സൗകര്യങ്ങള്‍ എളുപ്പമാക്കാന്‍ നടപടികളെടുക്കണം. ചുകപ്പ് നാടയില്‍ കുടുങ്ങി ജീവിതം തകരുന്ന പ്രതിഭകളെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാക്കി മാറ്റാന്‍ കായികമന്ത്രാലയം നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഡോ. കെ.ടി. റബീഉള്ള പറഞ്ഞു.

കേരളത്തിന്റെ കായിക കുതിപ്പിന് വേണ്ടി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ താനും തന്റെ മെഡിക്കല്‍ ഗ്രൂപ്പും സന്നദ്ധമാണെന്ന് അറിയിച്ച റബീഉള്ള ഇന്ത്യന്‍ സോഫ്റ്റ് ബോള്‍ ഏക വനിതാ താരമായ കോട്ടക്കല്‍ സ്വദേശിനി ആയിശക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ ധനസഹായം നല്‍കി. തന്റെ ജന്മനാടായ ഈസ്റ്റ് കോഡൂരില്‍ വിശാലമായ ഗ്രൗണ്ടും മറ്റു സംവിധാനങ്ങളും നാട്ടുകാര്‍ക്കായി ഒരുക്കി ഒട്ടേറെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ മേഖലയില്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. സ്‌പോര്‍ട്‌സ് രംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കേരളത്തിലെ എല്ലാ വ്യവസായികളും കൈകോര്‍ക്കണമെന്നാണ് ഡോ. റബീഉള്ളയുടെ ആഗ്രഹം

Sharing is caring!