സദാചാര കൊലപാതകം: കൊല്ലപ്പെട്ട ആളെ അവഹേളിച്ച് മുസ്ലിം ലീഗ്‌

സദാചാര കൊലപാതകം: കൊല്ലപ്പെട്ട ആളെ അവഹേളിച്ച് മുസ്ലിം ലീഗ്‌

മങ്കട: സദാചാര പോലീസിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ട മങ്കട സ്വദേശി കൂട്ടില്‍ കുന്നശ്ശേരി നസീറിനെ അപമാനിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം.  പാര്‍ട്ടിക്കെതിരെ സി പി എം നേതൃത്വം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി നല്‍കിയ പത്രകുറിപ്പിലാണ് കൊല്ലപ്പെട്ട ആളെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളത്.  ആള്‍ക്കൂട്ടത്തില്‍ പിടിക്കപ്പെടുന്ന പോക്കറ്റടിക്കാരനേയും, രാത്രിയില്‍ മോഷണ ശ്രമത്തിനിടെ പിടികൂടുന്ന കള്ളനേയും കൈകാര്യം ചെയ്യുന്ന ജനവികാരം പോലെ ഈ സദാചാര കൊലയെ നിസാരമാക്കാനുള്ള ശ്രമവും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായി.  സി പി എം ആരോപിക്കുന്നതുപോലെ പാര്‍ട്ടിക്ക് ഈ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നും പത്രകുറിപ്പ് വ്യക്തമാക്കുന്നു.

രാഷ്ട്രീയ സംഘര്‍ഷത്തിനിടയിലോ പ്രകടനമോ പൊതുയോഗമോ നടക്കുന്നതിനിടയിലോ അല്ല നസീര്‍ അക്രത്തിനിരയായത്.  തന്റെ വീട്ടില്‍ നിന്നും അരക്കിലോമീറ്ററിലധികം ദൂരെയുള്ള ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍വെച്ചാണ് അര്‍ദ്ധരാത്രി 2 മണി സമയത്ത് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.  വാര്‍ത്താ മാധ്യമങ്ങളും കൂട്ടില്‍ പ്രദേശത്തെ ജനങ്ങളും വിശദീകരിക്കുന്നതനുസരിച്ച് സി പി എം പ്രവര്‍ത്തകനായ നസീര്‍ ഈ വീട്ടില്‍ പലപ്പോഴും സന്ദര്‍ശകനാണ്.  ഈ വീട്ടിലെ സ്ത്രീ നസീറിന്റെ കുടുംബാംഗമോ ബന്ധുവോ അല്ല.  ഇതിനു മുമ്പ് തന്നെ നസീറിനെ ഇവരുടെ അയല്‍വാസികളും ബന്ധുക്കളും കയ്യോടെ പിടികൂടുകയും ശാസിക്കുകയും ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പ് പറയുന്നു.

നസീറിനെ പിടികൂടിയ സാഹചര്യത്തില്‍ ആരും ആരുടേയും നിയന്ത്രണത്തിലല്ല പെരുമാറുക.  പോക്കറ്റടിക്കാരനേയും, കള്ളനേയും ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത് അവരുടെ രാഷ്ട്രീയ നിറം നോക്കിയല്ല.  ഇതിന് സമാനമാണ് കൂട്ടില്‍ സംഭവവും.  ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുത്ത് ജനകീയ വിചാരണ നടത്തുന്നത് ശരിയോ തെറ്റോ എന്ന ചര്‍ച്ച മാത്രമാണിവിടെ പ്രസക്തമെന്നും പത്രക്കുറിപ്പ് പറയുന്നു.

നിയമം കയ്യിലെടുക്കുന്നതും, അക്രമങ്ങള്‍ നടത്തുന്നതും ആരായാലും ഒരിക്കലും മുസ്ലിം ലീഗ് അനുകൂലിക്കുകയില്ല.  കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടപ്പിലാക്കി വരുന്ന താലിബാനിസ മാതൃകകളുടെ ഓര്‍മ വെച്ചാകാം സി പി എം മുസ്ലിം ലീഗിന്റെ മേലില്‍ താലിബാനിസം ആരോപിക്കുന്നത്.  മുസ്ലിം ലീഗ് ഒരിടത്തും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുത്തതായി തെളിയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

മങ്കടയില്‍ നസീറിനെ ഒരുസംഘം ലീഗുകാര്‍ തല്ലിക്കൊന്നത് താലിബാനിസമാണെന്നും ഈ കാടത്തത്തിനെതിരെ സമൂഹമാകെ പ്രതികരിക്കണമെന്നും സി പി എം ജില്ലാ നേതൃത്വം ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.  ഇതിനു മറുപടിയായയാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഇന്ന് പത്രപ്രസ്താവന ഇറക്കിയത്.

Sharing is caring!